ETV Bharat / sports

നാലാം ജയം തേടി ആശാനും സംഘവും കൊൽക്കത്തയിൽ; ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ ഈസ്റ്റ് ബംഗാള്‍

author img

By ETV Bharat Kerala Team

Published : Nov 4, 2023, 9:44 AM IST

ISL  Kerala Blasters vs East Bengal  Indian Super League  Kerala Blasters  ഇന്ത്യൻ സൂപ്പര്‍ ലീഗ്  Kerala Blasters vs East Bengal FC ISL Preview  ISL match preview  ISL point table  കേരള ബ്ലാസ്റ്റേഴ്‌സ്  ഈസ്റ്റ് ബംഗാള്‍  East Bengal FC
Kerala Blasters vs East Bengal FC ISL Preview

Kerala Blasters vs East Bengal FC: ഇന്ത്യൻ സൂപ്പര്‍ ലീഗിലെ ആറാം മത്സരത്തിനൊരുങ്ങി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ

കൊൽക്കത്ത : ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നാലാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ആണ് മഞ്ഞപ്പടയുടെ എതിരാളികൾ. കൊച്ചിയിൽ ഒഡിഷയ്‌ക്കെതിരെ പൊരുതി നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവാൻ വുകൊമനോവിച്ചും സംഘവും ബംഗാൾ പടയെ നേരിടുക. വൈകിട്ട് 7.30നാണ് മത്സരം.

മികച്ച ഫോമിലുള്ള നായകൻ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്‍റകോസ് എന്നവരുടെ പരിചയസമ്പത്താണ് മുന്നേറ്റനിരയുടെ കരുത്ത്. നിർണായകമായ പെനാൽറ്റി സേവിലൂടെ ഒഡിഷയ്‌ക്കെതിരായ വിജയത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷും മികച്ച ഫോമിലാണ്. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്ന സെന്‍റർ ഫോർവേഡ് ഖ്വാമെ പെപ്ര താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. അഞ്ച് മത്സരങ്ങളിലും ആദ്യ ഇലവനിൽ കളത്തിലിറങ്ങിയെങ്കിലും 22-കാരനായ ഘാന താരത്തിനെ ഗോളോ അസിസ്റ്റോ നേടാനായിട്ടില്ല. സസ്‌പെൻഷനിലായ പ്രബീര്‍ ദാസ്, മിലോസ് എന്നിവരൊഴികെ ബാക്കിയെല്ലാവരും മത്സരത്തിന് സജ്ജമാണ്.

അതേസമയം എതിരാളികളായ ഈസ്റ്റ് ബംഗാളിന്‍റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതല്ല. നാല് മത്സരങ്ങളിൽ ഇതുവരെ നേടാനായത് ഒരു ജയം മാത്രം. രണ്ട് തോൽവിയും ഒരു സമനിലയുമടക്കം നാല് പോയിന്‍റുമായി ടേബിളിൽ ഒമ്പതാമതാണ്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഹർമൻജ്യോത് ഖബ്രയും ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലും ഇത്തവണ ഈസ്റ്റ് ബംഗാൾ നിരയിലാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചതിന്‍റെ ഓർമകളുമായിട്ടായിരിക്കും ഈസ്റ്റ് ബംഗാൾ പന്ത് തട്ടുക.

ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്തെത്താം. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നും ജയിച്ച് പത്ത് പോയിന്‍റുമായി അഞ്ചാമതാണ് കേരളം. പുതിയ സീസണിലെ രണ്ടാം എവെ മത്സരത്തിനാണ് ബ്ലാസറ്റേഴ്‌സ് തയാറെടുക്കുന്നത്.

എതിരാളികൾ സംഘടിതമെന്ന് ആശാൻ : ഈസ്റ്റ് ബംഗാളിന്‍റെ നിലവിലെ ഫോം അനുസരിച്ച് എഴുതിത്തള്ളാനാകില്ലെന്ന് കേരള പരിശീലകൻ പ്രതികരിച്ചു. ബംഗാൾ നല്ല സംഘടിതമായ ടീമാണെന്നും അതുകൊണ്ടുതന്നെ ആ ടീമിനെക്കുറിച്ച് ബോധവാനായിരിക്കണം. ലീഗിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഇവാൻ വുകൊമനോവിച്ച് വ്യക്തമാക്കി.

ആദ്യ ജയം തേടി ഹൈദരാബാദ് : ഐഎസ്‌എല്ലിലെ മറ്റൊരു മത്സരത്തിൽ ഇന്ന് ബെംഗളൂരു എഫ്‌സി, ഹൈദരബാദിനെ നേരിടും. പോയിന്‍റ് പട്ടകയിൽ താഴെതട്ടിലാണ് ഇരുടീമുകളുടെയും സ്ഥാനം. നാല് പോയിന്‍റുള്ള സുനിൽ ഛേത്രിയുടെ ബെംഗളൂരു പത്താമതാണ്. കളിച്ച നാല് മത്സരത്തിൽ മൂന്നെണ്ണത്തിലും തോറ്റ മുൻചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്‌സി അവസാന സ്ഥാനത്താണ്. ഇന്ന് വൈകിട്ട് 5.30ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.