ETV Bharat / sports

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ അട്ടിമറിച്ച് ഷാക്തർ; സ്‌പാനിഷ് വമ്പൻമാരുടെ തോൽവി ഒറ്റ ഗോളിന്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 10:04 AM IST

UCL  Barcelona lost against shakhtar donetsk  Barcelona shakhtar donetsk  Champions league  ബാഴ്‌സലോണ vs ഷാക്തർ ഡൊണടെസ്‌ക്  ബാഴ്‌സലോണ  Barcelona
Barcelona lost against shakhtar donetsk in Champions league

Barcelona vs Shakhtar Donetsk: ജയത്തോടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഉറപ്പിക്കാനെത്തിയ ബാഴ്‌സലോണ ഞെട്ടിപ്പിക്കുന്ന തോൽവിയാണ് വഴങ്ങിയത്

ഹാംബർഗ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയ്‌ക്ക് പരാജയം. യുക്രയ്‌ൻ ക്ലബ് ഷാക്തർ ഡൊണടെസ്‌കാണ് ബാഴ്‌സയെ അട്ടിമറിച്ചത്. ജർമനിയിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നേടിയ ഒറ്റഗോളിലാണ് യുക്രയ്‌ൻ ക്ലബിന്‍റെ വിജയം. 40-ാം മിനിറ്റിൽ ഡാനിലോ സികാൻ നേടിയ ഹെഡർ ഗോളാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്‌സയുടെ ആദ്യ തോൽവിയാണിത്. പരാജയം ഏറ്റുവാങ്ങിയെങ്കിലും ബാഴ്‌സലോണ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാല് മത്സരങ്ങളിൽ ഒമ്പത് പോയിന്‍റാണ് ഉള്ളത്. രണ്ടാം ജയം നേടിയ ഷാക്തർ മൂന്നാമതാണ്. ഒമ്പത് പോയിന്‍റുള്ള പോർട്ടോയാണ് രണ്ടാം സ്ഥാനത്തുള്ളത്.

താരതമ്യേന കരുത്തരല്ലാത്ത ഷാക്തറിനെതിരെ ബാഴസലോണ താളം കണ്ടെത്താൻ ബുദ്ധുമുട്ടുകയായിരുന്നു. മത്സരത്തിലുടനീളം 13 ഷോട്ടുകൾ ഉതിർത്തെങ്കിലും വെറും ഒരു ഷോട്ട് മാത്രമാണ് ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ജർമനിയിലെ ഹാംബർഗാണ് ഷാക്തറിന്‍റെ ഹോം മത്സരങ്ങൾക്ക് വേദിയാകുന്നത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ബാഴ്‌സലോണയ്‌ക്ക് മേൽ ഷാക്തറിന് വെല്ലുവിളി ഉയർത്താനായിരുന്നു. ആദ്യ മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ബാഴ്‌സലോണ താരങ്ങൾ അവസരങ്ങൾ നഷ്‌ടപ്പെടുത്താൻ മത്സരിക്കുകയായിരുന്നു. ഇൽകെ ഗുണ്ടോഗനും റാഫിന്യയും അടക്കമുള്ള താരങ്ങൾക്ക് എതിർ ഗോൾമുഖം ഭേദിക്കാനായില്ല. ഹാഫ്‌ടൈമിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് ഷാക്തർ ലീഡെടുത്തത്. പ്രതിരോധ താരം മാർകോ അലോൻസോയുടെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത് ജ്യോർജി നൽകിയ ക്രോസിൽ നിന്നും ഹെഡറിലൂടെയാണ് ഡാനിലോ സികാൻ ബാഴ്‌സ വലയിൽ പന്തെത്തിച്ചത്.

രണ്ടാം പകുതിയിൽ പെഡ്രിയോടൊപ്പം അലജാൻഡ്രോ ബാൾഡെ, ലാമിൻ യമൽ എന്നിവരെ സാവി കളത്തിലിറക്കിയെങ്കിലും ഷാക്തറിന്‍റെ പ്രതിരോധം ഭേദിക്കാനായില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ യുവ ബ്രസീലിയൻ വിങ്ങർ ന്യൂവർട്ടൺ ലക്ഷ്യം കണ്ടെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തി ഗോൾ നിഷേധിച്ചതോടെ ബാഴ്‌സയുടെ തോൽവി ഭാരം കുറഞ്ഞു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആന്‍റ്വർപ്പിനെ നേരിട്ട പോർട്ടോ രണ്ട് ഗോളുകളുടെ ജയം നേടി. 32-ാം മിനിറ്റിൽ ഇവാനിൽസണിലൂടെ മുന്നിലെത്തിയ പോർച്ചുഗീസ് ക്ലബിനായി വെറ്ററൻ താരം പെപെയാണ് ഗോൾപട്ടിക പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ എവെ മത്സരത്തിലും ആന്‍റ്വർപ്പ് പോർട്ടോയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. കളിച്ച നാല് മത്സരവും തോറ്റതോടെ ഗ്രൂപ്പിൽ നാലാമതാണ് ആന്‍റ്വർപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.