'രാജസ്ഥാനില്‍ ഞാന്‍ ഡെത്ത് ഓവര്‍ ബോളറായി വളര്‍ന്നു, ബാംഗ്ലൂര്‍ കയ്യൊഴിഞ്ഞത് ഒരു വാക്ക് പോലും പറയാതെ' ; മനസുതുറന്ന് യുസ്‌വേന്ദ്ര ചാഹല്‍

author img

By

Published : Jul 16, 2023, 3:26 PM IST

Yuzvendra Chahal  Yuzvendra Chahal news  Yuzvendra Chahal On Release From RCB  Royal Challengers Bangalore  RCB  IPL  rajasthan royals  യുസ്‌വേന്ദ്ര ചാഹല്‍  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ ഒഴിവാക്കിയ തീരുമാനം വേദനിപ്പിച്ചുവെന്ന് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal).

മുംബൈ : 2021 സീസണിന് ശേഷം ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കയ്യൊഴിഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യുസ്‌വേന്ദ്ര ചാഹലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എട്ട് വര്‍ഷത്തെ ബന്ധമാണ് അന്ന് അവസാനിച്ചത്. ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ തീരുമാനം തന്നെ ശരിക്കും വേദനിപ്പിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചാഹല്‍.

തന്നോട് ഒരുവാക്കുപോലും പറയാതെയാണ് ഫ്രാഞ്ചൈസി തന്നെ കയ്യൊഴിഞ്ഞതെന്നാണ് ചാഹല്‍ പറയുന്നത്. "തീര്‍ച്ചയായും, എനിക്ക് ഏറെ സങ്കടം തോന്നിയ തീരുമാനമായിരുന്നു അത്. 2014-ലായിരുന്നു, അവരോടൊപ്പമുള്ള എന്‍റെ യാത്ര ആരംഭിച്ചത്. ആദ്യ മത്സരം മുതല്‍ വിരാട് കോലി എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള എട്ട് വര്‍ഷം ഞാന്‍ അവരോടൊപ്പമാണ് കളിച്ചത്.

എന്നാല്‍ ആ തീരുമാനം (ലേലത്തില്‍ ബിഡ് ചെയ്യാതിരുന്നത്) ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു. യുസ്‌വി വലിയ തുക ആവശ്യപ്പെട്ടു എന്നൊക്കെ ആളുകള്‍ പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അന്നുതന്നെ ഒരു അഭിമുഖത്തിലൂടെ അങ്ങനെയൊന്നും ഇല്ലെന്ന് ഞാന്‍ വ്യക്തമാക്കിയത്.

ഞാന്‍ എന്താണ് അര്‍ഹിക്കുന്നതെന്നതിനെക്കുറിച്ച് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. ഏറ്റവും മോശമായ കാര്യമെന്താണെന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ല എന്നതാണ്. അവർ എന്നോട് അതേക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല". - യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) ഒരു പോഡ്‌കാസ്റ്റ് ഷോയില്‍ പറഞ്ഞു.

നിലനിര്‍ത്തിയില്ലെങ്കിലും താര ലേലത്തിലൂടെ തന്നെ ടീമിലേക്ക് തിരിച്ചെത്തിക്കുമെന്ന് ആര്‍സിബി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി തനിക്ക് വേണ്ടി ഒരു ബിഡ് പോലും നൽകിയില്ലെന്ന് ചാഹൽ വെളിപ്പെടുത്തി." റോയല്‍ ചലഞ്ചേഴ്‌സിനായി ഞാന്‍ 140-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നും ഒരു ആശയവിനിമയവും ഉണ്ടായില്ല.

താര ലേലത്തിലൂടെ ടീമിലേക്ക് തിരികെ എത്തിക്കുമെന്നായിരുന്നു അവര്‍ എനിക്ക് നല്‍കിയ വാഗ്‌ദാനം. ഞാനത് വിശ്വസിക്കുകയും ചെയ്‌തു. എന്നാല്‍ അവര്‍ എനിക്ക് വേണ്ടി ഒരു ബിഡ് പോലും നടത്താത്തത് എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. എട്ട് വര്‍ഷങ്ങളാണ് ഞാന്‍ അവര്‍ക്കായി കളിച്ചത്. അത്രയും കാലം ഒരു ടീമിന്‍റെ ഭാഗമാവുമ്പോള്‍ തീര്‍ച്ചയായും അതൊരു കുടുംബമായാണ് അനുഭവപ്പെടുക. ചിന്നസ്വാമി സ്റ്റേഡിയം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്" - യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍സിബി കൈവിട്ട ചാഹലിനെ മലയാളി താരം സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ആർ‌സി‌ബിയുടെ തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും, രാജസ്ഥാനിലേക്കുള്ള മാറ്റം തന്‍റെ ക്രിക്കറ്റില്‍ വളര്‍ച്ചയുണ്ടാക്കിയെന്നും ചാഹല്‍ വ്യക്തമാക്കി. "എന്ത് സംഭവിച്ചാലും, നല്ലതിനായാണ് സംഭവിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ ചേർന്നതിന് ശേഷം എനിക്ക് സംഭവിച്ച ഒരു നല്ല കാര്യം ഞാൻ ഒരു ഡെത്ത് ഓവര്‍ ബോളറായി മാറിയെന്നതാണ്.

ALSO READ: സൂര്യയും പുജാരയും ദയനീയം ; വെസ്റ്റ് സോണിനെ മലര്‍ത്തിയടിച്ച സൗത്ത് സോണിന് ദുലീപ് ട്രോഫി

രാജസ്ഥാനിലാണ് ഞാന്‍ ഡെത്ത് ഓവറുകളില്‍ ബോളെറിയാന്‍ തുടങ്ങിയത്. ആര്‍സിബിക്ക് ഒപ്പമായിരുന്ന സമയത്ത് പതിനാറാമത്തേയോ, ഇനി കൂടിപ്പോയാല്‍ പതിനേഴാമത്തേയോ ഓവര്‍ വരെയാവും ഞാന്‍ എറിഞ്ഞിരുന്നത്. രാജസ്ഥാനൊപ്പം എന്‍റെ കഴിവുകള്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ നമ്മള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്" - ചാഹല്‍ പറഞ്ഞു നിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.