ETV Bharat / sports

Yashasvi Jaiswal| 'അമ്മയേയും പെങ്ങളേയും പറഞ്ഞാല്‍ മിണ്ടാതിരിക്കില്ല'; രഹാനെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് യശസ്വി ജയ്സ്വാള്‍

author img

By

Published : Jul 1, 2023, 4:15 PM IST

Yashasvi Jaiswal Recalls Being Sent Off The Field  Yashasvi Jaiswal  Yashasvi Jaiswal news  Ajinkya Rahane  Duleep Trophy  ദുലീപ് ട്രോഫി  യശസ്വി ജയ്സ്വാള്‍  അജിങ്ക്യ രഹാനെ
ഹാനെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് യശസ്വി ജയ്സ്വാള്‍

മാനസികമായി താന്‍ അഗ്രസീവാണെന്ന് യുവ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍.

മുംബൈ: ദുലീപ് ട്രോഫിയുടെ കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ അവസാന ദിനത്തില്‍ വെസ്റ്റ് സോണ്‍ താരം യശസ്വി ജയ്സ്വാള്‍ നേരിട്ട അച്ചടക്ക നടപടി ഏറെ ചര്‍ച്ചയായതാണ്. ഫീല്‍ഡിങ്ങിനിടെ സൗത്ത് സോണ്‍ ബാറ്റര്‍ രവി തേജയെ പരിതിവിട്ട് സ്ലഡ്‌ജ്‌ ചെയ്‌തതിനാണ് യശസ്വി ജയ്സ്വാളിനെ വെസ്റ്റ് സോണ്‍ നായകന്‍ അജിങ്ക്യ രഹാനെ ഇടപെട്ട് പുറത്താക്കിയത്. അമ്പയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ജയ്സ്വാള്‍ സ്ലഡ്ജിങ് തുടര്‍ന്നതോടെയാണ് വിഷയത്തില്‍ രഹാനെയ്‌ക്ക് ഇടപെടേണ്ടി വന്നത്.

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് 21-കാരന്‍. അമ്മയേയും പെങ്ങളേയും കുറിച്ച് പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നാണ് യശസ്വി ജയ്‌സ്വാള്‍ പറയുന്നത്. ''ആക്രമണോത്സുകത തീര്‍ച്ചയായും ഒരു പ്രധാന ഘടകമാണ്.

സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ മാനസികമായി അഗ്രസീവാണ്. ചില നേരത്ത് അതു പുറത്തേക്ക് വരും. പക്ഷെ, ആ സമയത്ത് ഞാന്‍ വലുതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ചില കാര്യങ്ങളൊക്കെ ഇത്തരത്തിലാണ് സംഭവിക്കുക.

അതു സാരമില്ല. കഴിഞ്ഞുപോയ സംഭവത്തെക്കുറിച്ച് ഇനിയും സംസാരിച്ചിട്ട് എന്താണ് പ്രയോജനം. അതേക്കുറിച്ച് ഇനി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എല്ലാം എന്‍റെ മനസിലുണ്ടായിരിക്കും. എല്ലാവരും സ്ലഡ്ജ് ചെയ്യപ്പെടുന്നുണ്ട്. പക്ഷെ, ആരെങ്കിലും എന്‍റെ അമ്മയേയും പെങ്ങളേയും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല'' - യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു.

ആഭ്യന്തര സീസണിന് പിന്നാലെ നടന്ന ഐപിഎല്ലിലും തിളങ്ങിയതോടെ 21-കാരനായ ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നു. ഐപിഎല്ലില്‍ സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓപ്പണായ താരം 14 മത്സരങ്ങളില്‍ നിന്നും 48.07 ശരാശരിയിലും 163.61 പ്രഹര ശേഷിയിലും 625 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.

നിലവില്‍ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്‍റെ ഭാഗമാണ് യശ്വസി ജയ്സ്വാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിലേക്കാണ് താരത്തെ സെലക്‌ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്. വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് പകരമാണ് ജയ്‌സ്വാള്‍ ടീമിലെത്തിയത്. വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്.

റോസോവിലെ വിൻഡ്‌സർ പാർക്കില്‍ ജൂലൈ 12- നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് 20 മുതല്‍ ക്യൂന്‍സ് പാര്‍ക്കില്‍ രണ്ടാം ടെസ്റ്റും തുടങ്ങും. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നുണ്ട്. എകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന ജയ്‌സ്വാളിന് ടി20 ടീമിലേക്ക് വിളിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

ALSO READ: ODI WC | പാകിസ്ഥാന് പരാതി തീരുന്നില്ല, ലോകകപ്പ് സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കും

ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.