'കളിച്ചില്ലെങ്കിലും ഡഗൗട്ടില്‍ എന്‍റെ അരികില്‍ അവനുണ്ടാവണം' ; പന്തിനെ ചേര്‍ത്തുപിടിച്ച് റിക്കി പോണ്ടിങ്

author img

By

Published : Jan 21, 2023, 1:17 PM IST

Ricky Ponting  Ricky Ponting on Rishabh Pant  Border Gavaskar Trophy  delhi capitals  IPL 2023  പന്തിനെ ചേര്‍ത്തുപിടിച്ച് റിക്കി പോണ്ടിങ്  റിക്കി പോണ്ടിങ്  റിഷഭ്‌ പന്ത് മികച്ച താരമെന്ന് റിക്കി പോണ്ടിങ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍ 2023  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ റിഷഭ്‌ പന്തിന് കളിക്കാനാവാത്തത് ഇന്ത്യയ്‌ക്ക് നഷ്‌ടമെന്ന് റിക്കി പോണ്ടിങ്

ദുബായ് : കഴിഞ്ഞ വര്‍ഷം ഡിസംബർ അവസാന വാരത്തിലുണ്ടായ കാർ അപകടത്തെ അതിജീവിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്ത് സുഖം പ്രാപിച്ചുവരികയാണ്. അപകടത്തില്‍ പരിക്കേറ്റ താരത്തിന്‍റെ കാല്‍മുട്ടിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 25കാരനായ താരം കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ഒരുവര്‍ഷത്തോളമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതോടെ ഐപിഎല്ലും തുടര്‍ന്ന് നടക്കുന്ന ഏകദിന ലോകകപ്പും നഷ്‌ടമായേക്കും. നായകനായ പന്തിന് കളിക്കാന്‍ കഴിയാതെ വരുന്നതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ്. കളിക്കാനായില്ലെങ്കിലും പന്തുമായി അടുത്തിടപഴകാൻ ആഗ്രഹിക്കുന്നതായാണ് ഡല്‍ഹി കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ നായകനുമായ റിക്കി പോണ്ടിങ് പറയുന്നത്.

പന്ത് തന്‍റെ അരികെ ഡഗൗട്ടിലുണ്ടാവണമെന്നാണ് ആഗ്രഹമെന്ന് റിക്കി പോണ്ടിങ് ഐസിസി റിവ്യൂവില്‍ പറഞ്ഞു. "പന്തിനെപ്പോലെയുള്ള ആളുകള്‍ക്ക് അത്രയെളുപ്പത്തില്‍ പകരക്കാരെ കണ്ടെത്താനാവില്ല. ഇത്തരത്തിലുള്ള കളിക്കാര്‍ മരത്തിലല്ല വളരുന്നത്.

മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്‌ക്വാഡിലെത്താം. പന്തിന് കളിക്കാനായില്ലെങ്കിലും അവനുമായി അടുത്തിടപഴകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഗ്രൂപ്പിനെ ഏറെ സ്വാധീനിക്കാന്‍ പന്തിന് കഴിയും.

ക്യാപ്റ്റന്‍ എന്ന നിലയിലുള്ള പന്തിന്‍റെ രസകരമായ മനോഭാവവും പുഞ്ചിരിയോടെയുള്ള ഇടപെടലുകളുമെല്ലാം ഞങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അവന് യാത്ര ചെയ്യാനും ടീമിനൊപ്പം ചേരാനും കഴിയുമെങ്കില്‍ ഡല്‍ഹിയുടെ ഓരോ മത്സരങ്ങളിലും ഡഗൗട്ടിൽ എന്‍റെ അരികിൽ പന്ത് ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" - പോണ്ടിങ് പറഞ്ഞു.

ഇന്ത്യയ്‌ക്ക് തിരിച്ചടി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പന്ത് കളിക്കാതിരിക്കുന്നത് ഇന്ത്യയ്‌ക്ക് നഷ്‌ടമാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. പന്ത് ഒരു ടി20, ഏകദിന ബാറ്ററാവുമെന്നാണ് തുടക്കത്തില്‍ എല്ലാവരും കരുതിയിരുന്നത്. പക്ഷെ മറ്റൊരു രീതിയിൽ പ്രവർത്തിച്ച പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയമായെന്നും പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്താന്‍ പന്തിന് കഴിഞ്ഞിരുന്നു. ഓസീസിനെതിരെ വരാനിരിക്കുന്ന പരമ്പരയിലും മികച്ച പ്രകടനം നടത്താനായിരിക്കും പന്ത് കാത്തിരുന്നിട്ടുണ്ടാവുക. കളിക്കാനായിരുന്നുവെങ്കില്‍ അവന്‍റെ കളി കാണാൻ ലോകം മുഴുവൻ ഉറ്റുനോക്കുമായിരുന്നുവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവിന്‍റെ പാതയിലെന്ന് പന്ത് : കഴിഞ്ഞ ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷഭ്‌ പന്ത് അപകടത്തില്‍പ്പെടുന്നത്. താരം സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ മാംഗല്ലൂരില്‍വച്ച് ഡിവൈഡറിൽ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു.

പന്ത് തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ആദ്യം ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ തുടര്‍ന്ന് മുംബൈയിലെ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് പരിക്കേറ്റ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗ്‌മെന്‍റിനും രണ്ട് ഘട്ടങ്ങളിലായി ശസ്‌ത്രക്രിയ നടത്തിയത്.

ALSO READ: നടുറോഡില്‍ പങ്കാളിയുമായി അടിപിടി : കമന്‍ററി പാനലില്‍ നിന്ന് മൈക്കല്‍ ക്ലാര്‍ക്കിനെ ബിസിസിഐ ഒഴിവാക്കിയേക്കും

ഇതിന് പിന്നാലെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് വ്യക്തമാക്കി 25കാരനായ പന്ത് ട്വീറ്റ് ചെയ്‌തിരുന്നു. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ താരം തിരിച്ചുവരവിലേക്കുള്ള പാതയിലാണെന്നാണ് അറിയിച്ചത്. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ തയ്യാറാണെന്നും പന്ത് കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.