'മെലിഞ്ഞവരെ വേണമെങ്കില്‍ ഫാഷന്‍ ഷോയില്‍ നിന്നും മോഡലുകളെ തെരഞ്ഞെടുക്കാം'; സെലക്‌ടര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

author img

By

Published : Jan 20, 2023, 12:15 PM IST

Sunil Gavaskar on Sarfaraz Khan s snub  Sunil Gavaskar  Sunil Gavaskar Slams indian Selectors  Sarfaraz Khan  india vs australia  സര്‍ഫറാസ് ഖാന്‍  സുനില്‍ ഗവാസ്‌കര്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  ചേതന്‍ ശര്‍മ  chetan sharma  സെലക്‌ടര്‍മാര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍  സര്‍ഫറാസ് ഖാനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഫിറ്റാണെന്ന് സര്‍ഫറാസ് ഖാന്‍ തന്‍റെ പ്രകടനങ്ങള്‍ കൊണ്ട് തെളിയിക്കുന്നുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍.

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുമ്പോഴും സര്‍ഫറാസ് ഖാന് മുന്നില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വാതില്‍ തുറക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ആരാധകരും മുന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ഫറാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മിന്നും ഫോം തുടരുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്തത് സർഫറാസിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണെന്ന് സംസാരമുണ്ട്. വിഷയത്തില്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെ മാത്രമേ ടീമിലെടുക്കൂവെങ്കില്‍ ഫാഷൻ ഷോയിൽ നിന്നും മോഡലുകളെ കണ്ടെത്തുന്നതാണ് ഉചിതമെന്ന് ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "അണ്‍ ഫിറ്റാണെങ്കില്‍ നിങ്ങള്‍ക്ക് സെഞ്ച്വറികള്‍ നേടാന്‍ കഴിയില്ല. ക്രിക്കറ്റില്‍ ഫിറ്റ്‌നസ് പ്രധാനം തന്നെയാണ്.

ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി നിങ്ങൾ യോ-യോ ടെസ്റ്റോ മറ്റെന്തെങ്കിലുമോ നടത്തുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ യോ-യോ ടെസ്റ്റ് മാത്രം മാനദണ്ഡമാക്കാൻ കഴിയില്ല. ഒരു ക്രിക്കറ്റര്‍ കളിക്കാന്‍ യോഗ്യനാണെന്ന് നിങ്ങൾ ഉറപ്പാക്കണം.

അതാരായിരുന്നാലും ക്രിക്കറ്റ് കളിക്കാനും റണ്‍സ് നേടാനും ഫിറ്റ്‌നസുണ്ടെങ്കില്‍ മറ്റു കാര്യങ്ങള്‍ നോക്കേണ്ടതില്ല", ഗവാസ്‌കര്‍ പറഞ്ഞു.

സര്‍ഫറാസ് ഫിറ്റാണ്: "ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് അവന്‍ സെഞ്ച്വറികള്‍ നേടുന്നത്. സര്‍ഫറാസ് ഫിറ്റാണെന്ന് അവന്‍റെ പ്രകടനം വ്യക്തമാക്കുന്നതാണ്. തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെയാണ് തെരയുന്നതെങ്കിൽ, ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകളെ തെരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് ടീമിലുള്‍പ്പെടുത്താം.

പല ശരീരപ്രകൃതവുമുള്ള കളിക്കാര്‍ ക്രിക്കറ്റിലുണ്ടാകും. ശരീരത്തിന്‍റെ വണ്ണത്താലല്ല, പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരാളെ വിലയിരുത്തേണ്ടത്. അതുകൊണ്ടു തന്നെ സര്‍ഫറാസ് ഖാന്‍ ഫിറ്റല്ലെന്ന് പറയാനുമാവില്ല", ഗവാസ്‌കര്‍ വ്യക്തമാക്കി.

സര്‍ഫറാസിന് വീണ്ടും സെഞ്ച്വറി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് സെലക്‌ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാനിറങ്ങിയ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി നേടിയിരുന്നു.

ഡല്‍ഹിക്കെതിരായ മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 155 പന്തില്‍ 125 റണ്‍സാണ് സര്‍ഫറാസ് അടിച്ച് കൂട്ടിയത്. ഇതടക്കം ഈ സീസണില്‍ ഇതിനോടകം തന്നെ മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സര്‍ഫറാസ് നേടിക്കഴിഞ്ഞു. രഞ്‌ജിയുടെ കഴിഞ്ഞ മൂന്ന് സീസണുകളിലായി 2441 റൺസാണ് സർഫറാസ് അടിച്ച് കൂട്ടിയത്.

ഫെബ്രുവരിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. സ്‌ക്വാഡില്‍ തന്‍റെ പേരില്ലാതിരുന്നതില്‍ അസ്വസ്ഥനായിരുന്നുവെന്ന് 25കാരനായ സര്‍ഫറാസ് തുറന്ന് പറഞ്ഞിരുന്നു. ടീം പ്രഖ്യാപിക്കപ്പെട്ട ആ രാത്രി ശരിക്കും ഉറങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് ടീമിലില്ലാതിരുന്നതെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

എന്നാല്‍ പരിശീലനം മുടക്കുകയോ, ഡിപ്രഷനിലേക്ക് പോവുകയോ ഇല്ല. പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ബാക്കിയുള്ളത് വിധി തീരുമാനിക്കട്ടെയെന്നുമായിരുന്നു സര്‍ഫറാസ് പ്രതികരിച്ചത്.

ALSO READ: 'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.