ETV Bharat / sports

16-ാം വയസിൽ ലോകം വാഴ്‌ത്തി 'ഇവൻ അടുത്ത സച്ചിൻ', 23-ാം വയസിൽ കഥയാകെ മാറി ; പൃഥ്വി ഷായ്‌ക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമോ ?

author img

By

Published : Aug 17, 2023, 10:09 PM IST

പൃഥ്വി ഷാ  Prithvi Shaw  പൃഥ്വി ഷായ്‌ക്ക് പരിക്ക്  കൗണ്ടി ക്രിക്കറ്റ്  ഐപിഎൽ  IPL
Prithvi Shaw

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖമായി മാറുമെന്ന് പലരും വിധിയെഴുതിയ പൃഥ്വി ഷാ ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടത്തിലാണ്. ഫിറ്റ്‌നസില്ലായ്‌മയും, പരിക്കും, കളത്തിന് പുറത്തെ അച്ചടക്കമില്ലായ്‌മയും താരത്തിന്‍റെ കരിയറിന് തന്നെ കരിനിഴൽ വീഴ്‌ത്തുകയാണ്

രു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാഗ്‌ദാനം എന്ന് അറിയപ്പെട്ടിരുന്ന താരമാണ് പൃഥ്വി ഷാ. അടുത്ത സച്ചിൻ എന്നും, ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖമെന്നുമെല്ലാം അറിയപ്പെട്ടിരുന്ന താരം. എന്നാൽ ഇപ്പോൾ ദേശീയ ടീമിൽ പോയിട്ട് ഐപിഎല്ലിൽ പോലും സാന്നിധ്യമുറപ്പിക്കാൻ പാടുപെടുകയാണ് ഷാ. ഫോം നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കാനായി പോയ താരം അവിടെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഇപ്പോൾ വില്ലൻ പരിക്കിന്‍റെ രൂപത്തിലെത്തി 23 കാരനായ പൃഥ്വി ഷായ്‌ക്ക് വീണ്ടും പണി കൊടുത്തിരിക്കുകയാണ്.

കൗണ്ടിയിൽ നോർത്താംപ്‌ടണ്‍ഷെയർ ക്രിക്കറ്റ് ക്ലബ്ബിനായി തകർപ്പൻ ബാറ്റിങ്ങായിരുന്നു പൃഥ്വി ഷാ പുറത്തെടുത്തത്. ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം നാല് ഇന്നിങ്‌സുകളിൽ നിന്ന് 429 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. സൂപ്പർ സ്റ്റാർ എന്നാണ് നോർത്താംപ്‌ടണ്‍ഷെയർ പരിശീലകൻ ജോണ്‍ സാഡ്‌ലർ മത്സരശേഷം പൃഥ്വി ഷായെ വിശേഷിപ്പിച്ചത്. ഓഗസ്റ്റ് ഒമ്പതിന് സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടി ഷാ റെക്കോഡിട്ടിരുന്നു.

അന്ന് 153 പന്തില്‍ നിന്ന് 11 സിക്‌സും 28 ഫോറുമടക്കം 244 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്. പിന്നാലെ 13-ാം തീയതി ഡറമിനെതിരായ മത്സരത്തില്‍ 76 പന്തില്‍ നിന്ന് ഏഴ് സിക്‌സും 15 ഫോറും ഉൾപ്പടെ പുറത്താകാതെ 125 റണ്‍സും അടിച്ചെടുത്തിരുന്നു. ഈ സെഞ്ച്വറിയോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടിരുന്നു. 57 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 57.66 ശരാശരിയില്‍ 10 സെഞ്ച്വറികളും 11 അര്‍ധ സെഞ്ച്വറികളും ഷായുടെ പേരിലുണ്ട്.

വീണ്ടും ഫോമിലേക്കുയർന്ന് ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്താമെന്ന സ്വപ്‌നങ്ങൾക്കിടെയാണ് പരിക്ക് വീണ്ടും താരത്തിന്‍റെ കരിയറിൽ കരിനിഴൽ വീഴ്‌ത്തുന്നത്. ദുർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും സീസണിൽ ഇനിയുള്ള മത്സരങ്ങൾ നഷ്‌ടമാകുമെന്നും നോർത്താംപ്‌ടണ്‍ഷെയർ പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

വിസ്‌മയ പ്രതിഭ : 14-ാം വയസിൽ മുംബൈയിലെ ഹാരിസ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ 546 റണ്‍സ് അടിച്ചെടുത്തതോടെയാണ് പൃഥ്വി ഷായെന്ന കുഞ്ഞൻ താരം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. 2016 ൽ മറ്റൊരു ഇന്ത്യൻ താരമായ പ്രണവ് ധനവാഡെ ആ റെക്കോഡ് മറികടക്കുന്നത് വരെ മത്സര ക്രിക്കറ്റ് ചരിത്രത്തിലെ അതുവരെയുള്ളതിലെ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു അത്.

പിന്നാലെ രഞ്ജി ട്രോഫിയിലും (2016-17) ദുലീപ് ട്രോഫിയിലും (2017) അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി തന്‍റെ പ്രതിഭയെ ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇതോടെ അടുത്ത സച്ചിൻ ടെൻഡുൽക്കർ എന്ന വിശേഷണവും പൃഥ്വി ഷായ്‌ക്ക് ചാർത്തിക്കിട്ടി. തുടർന്ന് 2018ലെ അണ്ടൻ 19 ലോകകപ്പിന്‍റെ നായകനായി പൃഥ്വി ഷായെ ബിസിസിഐ പ്രഖ്യാപിച്ചു.

പിന്നാലെ 2018ൽ തന്നെ പൃഥ്വി ഷായ്‌ക്ക് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. അവിടെയും പൃഥ്വി ഷാ നിരാശപ്പെടുത്തിയില്ല. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ നൂറടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പൃഥ്വി ഷാ അന്ന് നേടിയെടുത്തു. സെഞ്ച്വറി നേടുമ്പോൾ 18 വയസും 319 ദിവസവുമായിരുന്നു ഷായുടെ പ്രായം.

ഗംഭീര തുടക്കം, പക്ഷേ...: എന്നാൽ അരങ്ങേറ്റത്തിലെ മികവ് പിന്നീടങ്ങോട്ട് താരത്തിന് നിലനിർത്താനായില്ല. 2018ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായ്ക്ക് ആകെ അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. 2020ൽ ഓസ്‌ട്രേലിയക്കെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. തുടർന്ന് ഐപിഎല്ലിൽ തിളങ്ങിയ താരത്തിന് 2020ൽ ഇന്ത്യൻ ഏകദിന ടീമിലേക്കും വിളിയെത്തി. എന്നാൽ അവിടെയും പൃഥ്വി ഷാ നിരാശപ്പെടുത്തി.

ആകെ അഞ്ച് ഏകദിനങ്ങൾ മാത്രമാണ് താരത്തിന് ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനായത്. ഏകദിന അരങ്ങേറ്റം കഴിഞ്ഞതിന് പിന്നാലെ താരത്തിനെ തേടി പരിക്കുകൾ നിരനിരയായെത്തി. ഫിറ്റ്നസിൽ കാര്യമായ ശ്രദ്ധ നൽകാത്തതായിരുന്നു പ്രധാന കാരണം. അമിത വണ്ണവും താരത്തിന് തിരിച്ചടിയായി. ഇതോടെ ഇന്ത്യൻ ടീമിൽ നിന്ന് ഏറെക്കുറെ പുറത്തായ സ്ഥിതിയിലായി.

ടീമിൽ സ്ഥാനമില്ലാതിരുന്നപ്പോഴും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പൃഥ്വി ഷാ മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്നു. ഐപിഎല്ലിലും മോശമല്ലാത്ത പ്രകടനം നടത്താൻ ഷായ്‌ക്കായി. എന്നാൽ അപ്പോഴും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ഇതിനിടെ 2021 ജൂലൈയിൽ ഇന്ത്യയുടെ ടി20 ടീമിലേക്കും താരത്തിന് വിളിയെത്തി.

എന്നാൽ അതിന് ഒരു മത്സരത്തിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തിൽ തന്നെ ഗോൾഡണ്‍ ഡക്കായി ഷാ മടങ്ങി. അത് താരത്തിന്‍റെ ടി20 ഫോർമാറ്റിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. 2023 മെയിൽ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ബെഞ്ചിലായിരുന്നു പൃഥ്വി ഷായുടെ സ്ഥാനം. ഇത്തവണത്തെ ഐപിഎല്ലിലും താരത്തിന് തിളങ്ങാനായില്ല.

കളിക്കളത്തിന് പുറത്തും വിവാദം : ഇതിനിടെ കളിക്കളത്തിന് പുറത്തും താരം വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നു. 2023 ഫെബ്രുവരിയിൽ മുംബൈയിൽ നടുറോഡിൽ വച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സപ്‌ന ഗില്ലുമായുള്ള തർക്കവും കയ്യാങ്കളിയും താരത്തിന് ഒട്ടേറെ വിമർശനങ്ങൾ നേടിക്കൊടുത്തു.

ഫിറ്റ്‌നസിലെ പോരായ്‌മകൾക്കൊപ്പം തന്നെ കളിക്കളത്തിന് പുറത്തെ അച്ചടക്കമില്ലായ്‌മയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ മോശം ഫോം കൂടിയായതോടെ ചെറു പ്രായത്തിൽ തന്നെ ഷായുടെ കരിയർ അവസാനിക്കും എന്ന് പലരും വിധിയെഴുതി. ഇതിന് പിന്നാലെയാണ് താരം കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. എന്നാൽ അതിനും എല്ലാ തവണത്തേയും പോലെ നാല് മത്സരങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.

ഫിറ്റ്‌നസ് ഇല്ലായ്‌മ തന്നെയാണ് താരത്തിനെ തേടി പരിക്കുകൾ എത്തുന്നതിന്‍റെ പ്രധാന കാരണം. 23 വയസ് മാത്രമാണ് പൃഥ്വി ഷായുടെ പ്രായം. പല താരങ്ങളും ഇന്ത്യൻ ടീം സ്വപ്‌നം കണ്ട് തുടങ്ങുന്ന പ്രായം. എന്നാൽ ആ പ്രായത്തിൽ തന്നെ എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും കരിയറിന്‍റെ മോശം അവസ്ഥയിലേക്ക്, ഒരു പക്ഷേ കരിയറിന്‍റെ അവസാനത്തിലേക്ക് പോലും വീഴുന്ന നിലയിലാണ് പൃഥ്വി ഷായുടെ പോക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.