ETV Bharat / sports

വൃദ്ധിയുടെ അഭിപ്രായങ്ങളിൽ വേദനയില്ല, അദ്ദേഹം വ്യക്തത അര്‍ഹിക്കുന്നുണ്ട് : ദ്രാവിഡ്

author img

By

Published : Feb 21, 2022, 4:41 PM IST

Rahul Dravid on Wriddhiman Saha  Wriddhiman Saha  Rahul Dravid statement  Wriddhiman Saha retirement  രാഹുല്‍ ദ്രാവിഡ്  വൃദ്ധിമാന്‍ സാഹ  വൃദ്ധിമാന്‍ സാഹ വിരമിക്കല്‍
'വൃദ്ധിയുടെ അഭിപ്രായങ്ങളിൽ വേദനിച്ചില്ല, തന്‍റെ നിലപാടിലെ സത്യവും വ്യക്തതയും അദ്ദേഹം അർഹിക്കുന്നു': ദ്രാവിഡ്

'വൃദ്ധിയോടും അദ്ദേഹത്തിന്‍റെ നേട്ടങ്ങളോടും, ഇന്ത്യൻ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. അവിടെ നിന്നാണ് എന്‍റെ സംസാരം ഉണ്ടായത്'

കൊല്‍ക്കത്ത : ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി എന്നിവര്‍ക്കെതിരെ വെറ്ററന്‍ താരം വൃദ്ധിമാന്‍ സാഹ തുറന്നടിച്ചിരുന്നു. ദ്രാവിഡ് തന്നോട്‌ വിരമിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സാഹ ആരോപിച്ചിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ദ്രാവിഡ്.

സാഹയെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. 'വൃദ്ധിയോടും അദ്ദേഹത്തിന്‍റെ നേട്ടങ്ങളോടും, ഇന്ത്യൻ ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. അവിടെ നിന്നാണ് എന്‍റെ സംസാരം ഉണ്ടായത്. അദ്ദേഹം സത്യസന്ധതയും വ്യക്തതയും അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.

ഇത് കളിക്കാരുമായി ഞാൻ നിരന്തരം നടത്തുന്ന സംഭാഷണങ്ങളെക്കുറിച്ചാണ്. അവരെക്കുറിച്ച് ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും എപ്പോഴും അവര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരു താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാറുണ്ട്.

കളിക്കാർ അസ്വസ്ഥരാകുന്നതും വേദനിക്കുന്നതും സ്വാഭാവികമാണ്. റിഷഭ് പന്ത് ഇതിനകം തന്നെ പുതിയ ഒന്നാം നമ്പർ കീപ്പറായി നിലയുറപ്പിച്ചതിനാലും, ഞങ്ങൾ ഒരു പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ (കെഎസ് ഭരത്) വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനാലുമാണ് സാഹയോട് അത്തരത്തില്‍ സംസാരിച്ചത്.

സാഹയുടെ പ്രതികരണം എന്നെ വേദനിപ്പിച്ചിട്ടില്ല. അദ്ദേഹത്തോടുള്ള ബഹുമാനത്തിന് യാതൊരുമാറ്റവുമില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല' - ദ്രാവിഡ് പറഞ്ഞു.

also read: ടീമിലുണ്ടാവുമെന്ന് ഗാംഗുലി ഉറപ്പ് നല്‍കിയിരുന്നു, ദ്രാവിഡ് വിരമിക്കാന്‍ പറഞ്ഞു ; പൊട്ടിത്തെറിച്ച് സാഹ

അതേസമയം താന്‍ ബിസിസിഐയില്‍ ഉള്ളിടത്തോളം കാലം ടീമില്‍ ഇടം ലഭിക്കുന്നതിനെക്കുറിച്ച് പേടിക്കേണ്ടതില്ലെന്ന് പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നതായും സാഹ വെളിപ്പെടുത്തിയിരുന്നു. വാട്‌സാപ്പ് സന്ദേശത്തിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

അതേസമയം ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടില്ലെന്ന് അറിയിച്ചതിനാലാണ് സാഹ രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറിയതെന്ന് ഫെബ്രുവരി 8ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.