ETV Bharat / sports

IPL 2023 | പേരുകേട്ട വമ്പന്മാര്‍ തല്ലുകൊള്ളികളായപ്പോള്‍ അവസാന ഓവറുകളില്‍ മുംബൈയുടെ രക്ഷകനായി ആകാശ് മധ്വാള്‍

author img

By

Published : May 23, 2023, 2:43 PM IST

mumbai indians  aakash madhwal  aakash madhwal story  IPL 2023  who is aakash madhwal  ആകാശ് മധ്വാള്‍  മുംബൈ ഇന്ത്യന്‍സ് പേസര്‍ ആകാശ് മധ്വാള്‍  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്
aakash Madhwal

സീസണിലെ ഒന്‍പതാം മത്സരത്തിലാണ് ആകാശ് മധ്വാള്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയത്. ഈ സീസണിലെ അവസാന ആറ് മത്സരത്തില്‍ മുംബൈ ജഴ്‌സിയണിഞ്ഞ താരം എട്ട് വിക്കറ്റും നേടി

അഞ്ച് പ്രാവശ്യം കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന് 2022ലെ ഐപിഎല്‍ സീസണ്‍ തിരിച്ചടികളാണ് സമ്മാനിച്ചത്. തുടര്‍ തോല്‍വികളില്‍ പൊറുതിമുട്ടിയ ടീം കളിച്ച 14 മത്സരങ്ങളില്‍ ആകെ ജയിച്ചത് നാല് മത്സരങ്ങളില്‍ മാത്രം. ടൂര്‍ണമെന്‍റില്‍ ആകെ എട്ട് പോയിന്‍റ് മാത്രം സ്വന്തമാക്കിയ രോഹിത്തിനും സംഘത്തിനും അവസാന സ്ഥാനക്കാരായി കഴിഞ്ഞ കൊല്ലം കളിയവസാനിപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിരുന്നു ഈ സീസണിന്‍റെ തുടക്കവും മുംബൈ ഇന്ത്യന്‍സിന്. ജസ്‌പ്രീത് ബുംറയുടെ അഭാവം നന്നേ തന്നെ മുംബൈ ബൗളിങ്ങിന്‍റെ മൂര്‍ച്ച കുറച്ചു. ജോഫ്ര ആര്‍ച്ചറും തല്ലുവാങ്ങിക്കൂട്ടിത്തുടങ്ങിയതോടെ 'ചെണ്ട ബൗളര്‍മാര്‍' എന്ന വിളിയും രോഹിത്തിനെയും സംഘത്തേയും തേടിയെത്തി.

മധ്യഓവറുകളില്‍ വെറ്ററന്‍ സ്പിന്നര്‍ പിയുഷ് ചൗളയുടെ പ്രകടനം ആശ്വാസമായെങ്കിലും അവസാന ഓവറുകളില്‍ റണ്‍സ് വന്നുകൊണ്ടിരുന്നത് മുംബൈക്ക് ആശങ്കയും സൃഷ്‌ടിച്ചു. അതിനിടെ ജോഫ്ര ആര്‍ച്ചര്‍ മടങ്ങിയതും പകരമെത്തിയ ക്രിസ് ജോര്‍ഡനും അടിവാങ്ങികൂട്ടി. ടൂര്‍ണമെന്‍റിലേക്ക് ടീമിന്‍റെ മടങ്ങിവരവ് അസാധ്യമെന്ന് തോന്നിപ്പിച്ച സമയത്താണ് ആകാശ് മധ്വാള്‍ മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നത്.

കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ നിന്ന് പരിക്കേറ്റ് പുറത്തായപ്പോഴാണ് ഉത്തരാഖണ്ഡുകാരനായ മധ്വാളിനെ മുംബൈ കൂടാരത്തിലെത്തിച്ചത്. എന്നാല്‍ ആ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും കളത്തിലിറങ്ങാന്‍ താരത്തിനായില്ല. ഇക്കുറി കൊച്ചിയില്‍ നടന്ന താരലേലത്തില്‍ 20 ലക്ഷം രൂപയ്‌ക്ക് വലംകയ്യന്‍ മീഡിയം പേസറെ മുംബൈ ടീമിലെടുത്തു.

എന്നാല്‍, ഈ സീസണില്‍ മുംബൈയുടെ ആദ്യ മത്സരങ്ങളില്‍ കളിക്കാന്‍ മധ്വാളിന് അവസരം കിട്ടിയില്ല. രണ്ടാം പകുതിയില്‍ മൊഹാലിയില്‍ പഞ്ചാബിനെ നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയ മത്സരത്തില്‍ മധ്വാളിനും അരങ്ങേറ്റം നടത്താന്‍ അവസരമൊരുങ്ങി. മൊഹാലിയിലെ പോരാട്ടം മുംബൈ സ്വന്തമാക്കിയെങ്കിലും മധ്വാളിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല.

മൂന്നോവര്‍ പന്തെറിഞ്ഞ ആകാശ് മധ്വാള്‍ 37 റണ്‍സ് വഴങ്ങിയിരുന്നു. പിന്നാലെ ചെപ്പോക്കില്‍ ചെന്നൈക്കെതിരെ നടന്ന മത്സരത്തിലും താരത്തിന് അവസരം ലഭിച്ചു. ഈ കളിയില്‍ ഒരോവര്‍ എറിഞ്ഞ മധ്വാള്‍ തന്‍റെ ഐപിഎല്‍ കരിയറിലെ ആദ്യ വിക്കറ്റും നേടി. ചെന്നൈയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ ആയിരുന്നു ആകാശ് മധ്വാളിന് മുന്നില്‍ വീണത്.

പിന്നീട് വാങ്കഡെയില്‍ ആര്‍സിബിക്കെതിരെയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനായി. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റുകളായിരുന്നു മധ്വാള്‍ നേടിയത്. സീസണിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ മുംബൈക്കായി ഹൈദരാബാദിനെതിരെയും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.

അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ കൃത്യതയോടെ എറിഞ്ഞ് ഹൈദരാബാദിന്‍റെ റണ്ണൊഴുക്ക് കുറയ്‌ക്കാന്‍ ആകാശ് മധ്വാളിന് സാധിച്ചു. മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് നഷ്‌ടമായ അഞ്ച് വിക്കറ്റില്‍ നാലും സ്വന്തമാക്കിയത് മധ്വാളായിരുന്നു. ആര്‍ച്ചറിന്‍റെയും ബുംറയുടെയും അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിക്കാന്‍ ലഭിച്ച അവസരം കൃത്യമായി തന്നെ മുതലെടുക്കാന്‍ എഞ്ചിനീയറില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്ററായി മാറിയ ആകാശ് മധ്വാളിന് സാധിച്ചു.

ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഐപിഎല്ലിലേക്ക് : ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയതിന് പിന്നാലെയാണ് ആകാശ് മധ്വാളെന്ന 29 കാരന്‍റെ ജീവിതം മാറി മറിഞ്ഞത്. ട്രയല്‍സില്‍ പങ്കെടുത്ത അദ്ദേഹത്തെ അന്ന് പരിശീലകനായ വസീം ജാഫര്‍ സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റില്‍ തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ പിന്നീട് മധ്വാളിനെ തേടിയെത്തിയില്ല.

സർവീസസ് പേസർ മനീഷ് ഝാ 2020-21സീസണില്‍ ഉത്തരാഖണ്ഡ് പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ മധ്വാളിന്‍റെ രൂപവും മാറി. പരിശീലകനും ടീമും നല്‍കിയ പിന്തുണ മധ്വാളിലെ പ്രതിഭയെ കൂടുതല്‍ കരുത്തുറ്റവനാക്കി. എഞ്ചിനീയറിങ് ബിരുദധാരിയും ടെന്നീസ് ബോള്‍ ക്രിക്കറ്ററുമായ മധ്വാള്‍ അതിവേഗം തന്നെ ലെതര്‍ പന്തുമായും പൊരുത്തപ്പെട്ടു. പിന്നാലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തരാഖണ്ഡ് നായകനായും മധ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടു,ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന് പിന്നാലെ താരം ഐപിഎല്ലിലേക്കുമെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.