ETV Bharat / sports

ആര്‍സിബി ഇന്ന് പഞ്ചാബിനെതിരെ; ടേബിള്‍ ടോപ്പറാകാന്‍ കോലിയും കൂട്ടരും

author img

By

Published : Apr 30, 2021, 10:19 AM IST

ipl update  rcb win news  punjab win news  ഐപിഎല്‍ അപ്പ്‌ഡേറ്റ്  ആര്‍സിബിക്ക് ജയം വാര്‍ത്ത  പഞ്ചാബിന് ജയം വാര്‍ത്ത
ഐപിഎല്‍

ഇന്ന് മൊട്ടേരയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടേബിള്‍ ടോപ്പറായി മാറും

അഹമ്മദാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍. സീസണില്‍ അഞ്ച് ജയങ്ങള്‍ സ്വന്തമായുള്ള ആര്‍സിബി ശക്തമായ നിലയിലാണ്. സീസണില്‍ ടേബിള്‍ ടോപ്പറായ ചെന്നൈയോട് മാത്രമാണ് കോലിയും കൂട്ടരും പരാജയം വഴങ്ങിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്കെതിരെ ഉള്‍പ്പെടെ ജയം സ്വന്തമാക്കിയ ആര്‍സിബി ആത്മവിശ്വാസത്തോടെയാണ് പഞ്ചാബിനെ നേരിടാനെത്തുന്നത്.

ഡല്‍ഹിക്കെതിരായ അവസാന മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു റണ്‍സിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നായകന്‍ റിഷഭ് പന്തും ഷിമ്രോണ്‍ ഹിറ്റ്‌മെയറും ചേര്‍ന്ന് ഡല്‍ഹിക്ക് വേണ്ടി കനത്ത പോരാട്ടമാണ് നടത്തിയത്. മുഹമ്മദ് സിറാജും ഡാനിയല്‍ സാംസും ഹര്‍ഷാല്‍ പട്ടേലും ചേര്‍ന്ന ബൗളിങ് നിരയാണ് ആര്‍സിബിക്ക് കരുത്തായത്. സീസണില്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഹര്‍ഷാല്‍ പട്ടേലും ടീമിനായി കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിന്‍റെ തുറുപ്പുചീട്ടുകള്‍. മുഹമ്മദ് സിറാജാണ് ആര്‍സിബിയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ന്യൂസിലന്‍ഡ് പേസര്‍ കെയില്‍ ജാമിസണിന്‍റെ പന്തുകളും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ആര്‍സിബിക്ക് വഴിത്തിരിവായി.

മൊട്ടേരയിലെ ഇന്നത്തോ പോരാട്ടത്തില്‍ ഡാനിയേല്‍ സാംസ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവരുടെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സ് ആര്‍സിബിക്ക് നിര്‍ണായകമാകും. സീസണില്‍ ഇതേവരെ ഇരുവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായിട്ടില്ല. ആറ് മത്സരങ്ങള്‍ കളിച്ച വാഷിങ്‌ടണ്‍ സുന്ദര്‍ 31 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരെ സീസണില്‍ ആദ്യ ഐപിഎല്‍ കളിച്ച ഡാനിയല്‍ സാംസും താളം കണ്ടെത്തിയിട്ടില്ല.

മറുഭാഗത്ത് പഞ്ചാബ് കിങ്‌സ് മോശം ഫോം തുടരുകയാണ്. സീസണില്‍ രണ്ട് ജയങ്ങള്‍ മാത്രമുള്ള പഞ്ചാബ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ പരാജയമാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. അതേസമയം രാജസ്ഥാന്‍ റോയല്‍സിനെയും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും പരാജയപ്പെടുത്താന്‍ സാധിച്ചത് ലോകേഷ് രാഹുലിനും കൂട്ടര്‍ക്കും കരുത്താകുന്നുണ്ട്.

എന്നാല്‍ അവസാന മത്സരത്തില്‍ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെട്ടത് പഞ്ചാബിന് തിരിച്ചടിയാണ്. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ കരുത്തരായ ബാറ്റ്‌സ്‌മാന്‍മാര്‍ ഉണ്ടായിട്ടും കൊല്‍ക്കത്തക്കെതിരെ വമ്പന്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് പഞ്ചാബിന്‍റെ പരാജയ കാരണം. മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും ഒഴികേയുള്ളവര്‍ക്ക് അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കാനായില്ല. ഇന്ന് ആര്‍സിബിക്കെതിരായ മത്സരത്തിലും ബാറ്റ്‌സ്‌മാന്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ പഞ്ചാബിന് ജയം ദുഷ്‌കരമാകും.

ബൗളിങ്ങില്‍ മുഹമ്മദ് ഷമിക്കൊപ്പം മെരിഡത്ത്, ക്രിസ് ജോര്‍ദാന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് പേസ്‌ ആക്രമണത്തിന്‍റെ ഭാഗമാകുന്നത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഷമിക്കൊപ്പം റിച്ചാര്‍ഡ്‌സണോ മെരിഡെത്തോ പന്തെറിയാനെത്തും. രവി ബിഷ്‌ണോയുടെ നേതൃത്വത്തിലാണ് സ്‌പിന്‍ തന്ത്രങ്ങളൊരുങ്ങുക. മിഡില്‍ ഓര്‍ഡറില്‍ നിക്കോളാസ് പൂരാന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, മോയിസ് ഹെന്‍ട്രിക്വസ് എന്നിവരും പഞ്ചാബിന് കരുത്താകും.

ഇരു ടീമുകളും ഇതിന് മുമ്പ് 26 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണ പഞ്ചാബും 12 തവണ ആര്‍സിബിയും ജയം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ രണ്ട് തവണയും ജയം പഞ്ചാബിനൊപ്പമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.