ETV Bharat / sports

അര്‍ധസെഞ്ച്വറിയുമായി നായകന്‍ സഞ്ജു; ന്യൂസിലന്‍ഡ് എയ്‌ക്ക് 285 റണ്‍സ് വിജയ ലക്ഷ്യം

author img

By

Published : Sep 27, 2022, 1:58 PM IST

India A vs New Zealand A  India A vs New Zealand A 3rd ODI Score  sanju samson  tilak varma  ഇന്ത്യ എ  ഇന്ത്യ എ vs ന്യൂസിലന്‍ഡ് എ  സഞ്‌ജു സാംസണ്‍  തിലക് വര്‍മ  ശാര്‍ദുല്‍ താക്കൂര്‍
അര്‍ധസെഞ്ച്വറിയുമായി നായകന്‍ സഞ്ജു; ന്യൂസിലന്‍ഡ് എയ്‌ക്ക് 285 റണ്‍സ് വിജയ ലക്ഷ്യം

ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍, തിലക് വര്‍മ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ടോട്ടലിന്‍റെ നെടുംതൂണ്‍.

ചെന്നൈ: ഇന്ത്യ എയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് എയ്‌ക്ക് 285 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എ 49.3 ഓവറില്‍ 284 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍, തിലക് വര്‍മ , ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ടോട്ടലിന്‍റെ നെടുംതൂണ്‍.

68 പന്തില്‍ 54 റണ്‍സെടുത്ത സഞ്‌ജുവാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മ 62 പന്തില്‍ 50 റണ്‍സെടുത്തും ശാര്‍ദുല്‍ 33 പന്തില്‍ 51 റണ്‍സെടുത്തും പുറത്തായി. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ മികച്ച തുടക്കം നല്‍കി.

ഒന്നാം വിക്കറ്റില്‍ 55 റണ്‍സാണ് ഇരുവരും നേടിയത്. 35 പന്തില്‍ 39 റണ്‍സെടുത്ത അഭിമന്യൂ ഈശ്വരനാണ് ആദ്യം പുറത്തായത്. പിന്നാലെ രാഹുല്‍ ത്രിപാഠിയും തിരിച്ച് കയറി. 25 പന്തില്‍ 18 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു- തിലക് സഖ്യം 99 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി. തിലകിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ ശ്രീകര്‍ ഭരത് വേഗം മടങ്ങി. 9 പന്തില്‍ 9 റണ്‍സാണ് താരം നേടിയത്. തുടര്‍ന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സഞ്‌ജുവും വീണു. ജേക്കബ് ഡഫി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് സഞ്‌ജുവിനെ തിരിച്ച് അയച്ചത്.

രണ്ട് സിക്‌സും ഒരു ഫോറുമടങ്ങുന്നതാണ് സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ താരങ്ങളില്‍ ഋഷി ധവാന്‍ (46 പന്തില്‍ 34), ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാനായത്. ഇരുവരും റണ്ണൗട്ടാവുകയായിരുന്നു.

രാജ്‌ ബാവ (11 പന്തില്‍ 4), രാഹുല്‍ ചഹാര്‍ (2 പന്തില്‍ 1), കുല്‍ദീപ് സെന്‍ ( 1 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. കുല്‍ദീപ് യാദവ് (6 പന്തില്‍ 5) പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡ് എയ്‌ക്കായി ജേക്കബ് ഡഫി, മാത്യൂ ഫിഷര്‍, മൈക്കിള്‍ റിപ്പൊൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോയ്‌ വാക്കര്‍. രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നാല് മാറ്റങ്ങളുമായി ഇന്ത്യ എ: ആദ്യ രണ്ട് കളികളും ജയിച്ച് മൂന്ന് മത്സര പരമ്പര ഇന്ത്യ എ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇക്കാരണത്താല്‍ മൂന്നാം മത്സരത്തില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ഗ്വാദ്, രജത് പടിധാര്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പകരം അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, ശ്രീകര്‍ ഭരത്, കുല്‍ദീപ് സെന്‍ എന്നിവരാണ് പ്ലേയിങ്‌ ഇലവനിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.