ETV Bharat / sports

IND VS NZ | സൂര്യയ്‌ക്കായി വിക്കറ്റ് ത്യജിച്ച് വാഷിങ്‌ടണ്‍ സുന്ദര്‍- വീഡിയോ കാണാം

author img

By

Published : Jan 30, 2023, 12:44 PM IST

IND VS NZ  Washington Sundar Sacrifices Wicket for Suryakumar  Washington Sundar  Suryakumar Yadav  IND VS NZ 2nd T20  india vs new zealand  ഇന്ത്യ vs ന്യൂസിലന്‍ഡ്  വാഷിങ്‌ടണ്‍ സുന്ദര്‍  സൂര്യകുമാര്‍ യാദവ്  സൂര്യയ്‌ക്കായി വിക്കറ്റ് ത്യജിച്ച് സുന്ദര്‍
സൂര്യയ്‌ക്കായി വിക്കറ്റ് ത്യജിച്ച് വാഷിങ്‌ടണ്‍ സുന്ദര്‍- വീഡിയോ കാണാം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവ് പുറത്താവാതിരിക്കാന്‍ സ്വയം റണ്ണൗട്ടായി വാഷിങ്‌ടണ്‍ സുന്ദര്‍.

ലഖ്‌നൗ: ടി20 ക്രിക്കറ്റില്‍ വെടിക്കെട്ടുമായി കളം നിറയാറുള്ള സൂര്യകുമാർ യാദവിന്‍റെ മറ്റൊരു മുഖമായിരുന്നു ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ കണ്ടത്. ലഖ്‌നൗവിലെ വെല്ലുവിളി നിറഞ്ഞ വിക്കറ്റിൽ ക്ഷമയോടെയാണ് സൂര്യകുമാര്‍ ബാറ്റേന്തിയത്. പുറത്താവാതെ 31 പന്തിൽ ഒരു ഫോര്‍ മാത്രം നേടിയ താരം 26 റൺസാണ് കണ്ടെത്തിയത്.

ഈ പ്രകടനത്തോടെ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ സൂര്യ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വാഷിങ്‌ടണ്‍ സുന്ദര്‍ നല്‍കിയ ജീവനാണ് സൂര്യയുടെ ഇന്നിങ്‌സിന് വളമായത്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലാണ് സുന്ദര്‍ തന്‍റെ വിക്കറ്റ് ത്യാഗം ചെയ്‌ത് സൂര്യയെ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ഗ്ലെന്‍ ഫിലിപ്‌സിന്‍റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിനായി ശ്രമിച്ച സൂര്യക്ക് ശരിയായി കണക്‌ട്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പന്ത് ബാക്ക്‌വേര്‍ഡ് പോയിന്‍റിലേക്ക് പോയതോടെ സൂര്യ സിംഗിളിനായി ശ്രമിച്ചു. നോണ്‍ സ്‌ട്രൈക്കറായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ ക്രീസ് വിട്ടിറങ്ങിയിരുന്നുവെങ്കിലും സിംഗിള്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.

ഇത് ഗൗനിക്കാതെ സൂര്യ ഓട്ടം തുടര്‍ന്നതോടെ നിസഹായനായ സുന്ദര്‍ ക്രീസിലേക്ക് തിരികെ മടങ്ങാതെ സ്വയം റണ്ണൗട്ടായി. നല്ല ടെച്ചിലായിരുന്ന താരം ഒമ്പത് പന്തില്‍ 10 റണ്‍സെടുത്താണ് മടങ്ങിയത്. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സൂര്യ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.

ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 99 റണ്‍സാണ് നേടിയത്. 23 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മിച്ചല്‍ സാന്‍റ്‌നറാണ് സംഘത്തിന്‍റെ ടോപ്‌ സ്‌കോറര്‍. മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

ലഖ്‌നൗവിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിന് ഒപ്പമെത്തി. റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ കീവീസ് വിജയിച്ചിരുന്നു. ബുധനാഴ്‌ച അഹമ്മദാബാദിലാണ് പരമ്പര വിജയികളെ നിര്‍ണായിക്കുന്ന അവസാന മത്സരം നടക്കുക.

ALSO READ: IND VS NZ | ഞെട്ടിപ്പിക്കുന്നത്; സ്‌പിന്‍ പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.