ETV Bharat / sports

WTC Final | ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്പ്യന്മാര്‍; തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യയ്‌ക്ക് തോല്‍വി

author img

By

Published : Jun 11, 2023, 5:42 PM IST

IND vs AUS  WTC Final 2023  india vs australia highlights  world test championship final highlights  Rohit sharma  virat kohli  nathan lyon  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ  രോഹിത് ശര്‍മ  വിരാട് കോലി  നഥാന്‍ ലിയോണ്‍
തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യയ്‌ക്ക് തോല്‍വി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 210 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്

ഓവല്‍: തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയ്‌ക്ക് തോല്‍വി. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ 209 റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ, 234 റണ്‍സില്‍ തകര്‍ന്നടിയുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കായി നഥാന്‍ ലയോണ്‍ നാലും സ്‌കോര്‍ട്ട് ബോലാന്‍ഡ് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 469 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സിന്‍റെ നിര്‍ണായകമായ ലീഡ് സ്വന്തമാക്കാനും സംഘത്തിന് കഴിഞ്ഞു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സിന് ഡിക്ലയര്‍ ചെയ്‌താണ് ഓസീസ് ഇന്ത്യയ്‌ക്ക് മുന്നില്‍ ഹിമാലയന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയത്.

മത്സരത്തിന്‍റെ നാലാം ദിനമായ ഇന്നലെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയായിരുന്നു സ്റ്റംമ്പെടുത്തത്. രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരായിരുന്നു ഇന്നലെ പുറത്തായത്. ഇതോടെ അവസാന ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ വിജയത്തിനായി 280 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്.

കഴിഞ്ഞ ദിവസം പുറത്താവാതെ നിന്ന വിരാട് കോലി - അജിങ്ക്യ രഹാനെ സഖ്യത്തിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകളത്രയും. എന്നാല്‍ തുടക്കം തന്നെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി ലഭിച്ചു. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ വിക്കറ്റുകള്‍ ഒരേ ഓവറില്‍ സ്‌കോട്ട് ബോലാന്‍ഡ് പുറത്താക്കുകയായിരുന്നു.

തലേന്നത്തെ വ്യക്തിഗത സ്‌കോറിനോട് അഞ്ച് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത കോലിയെ സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് പിടികൂടുകയായിരുന്നു. വഴിയെ പോയ പന്തില്‍ ബാറ്റുവച്ച കോലി വിക്കറ്റ് വലിച്ചെറിഞ്ഞുവെന്ന് വേണം പറയാന്‍. രവീന്ദ്ര ജഡേജയെ ഒരു പന്തിന്‍റെ ഇടവേളയില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യില്‍ എത്തിക്കാനും ബോലാന്‍ഡിന് കഴിഞ്ഞു.

രണ്ട് പന്തുകള്‍ നേരിട്ടെ ജഡേജയ്‌ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം 47 ഓവറില്‍ 183/5 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ എത്തിയ ശ്രീകര്‍ ഭരത്തിനെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്താനായെങ്കിലും അധികം വൈകാതെ രഹാനയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 108 പന്തില്‍ 46 റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുെട കയ്യില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ ശാര്‍ദുല്‍ താക്കൂറിന് അഞ്ച് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ശാര്‍ദുലിനെ നഥാന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഉമേഷ് യാദവിനെ ( 1) മിച്ചല്‍ സ്റ്റാര്‍ക്ക് ഇരയാക്കിയപ്പോള്‍ ശ്രീകര്‍ ഭരത്തിനെ (23) നഥാന്‍ ലിയോണ്‍ സ്വന്തം പന്തില്‍ പിടികൂടി.

അവസാനക്കാരന്‍ മുഹമ്മദ് സിറാജിനേയും തിരിച്ചയച്ച ലിയോണ്‍ ഓസീസ് വിജയം ഉറപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷമി (13) പുറത്താവാതെ നിന്നു. വിജയത്തോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമാവാനും ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു.

ALSO READ: WTC Final | 'കാമറൂൺ ഗ്രീൻ കള്ളനാണ്' ; ഗില്ലിന്‍റെ വിവാദ പുറത്താവലില്‍ ഓസീസ് താരത്തിനെതിരെ ആരാധകര്‍ - വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.