ലോകകപ്പ് ഫൈനല്‍ കളറാകും, എയര്‍ ഷോ മാത്രമല്ല, വമ്പന്‍ പരിപാടികളുമായി ബിസിസിഐ

ലോകകപ്പ് ഫൈനല്‍ കളറാകും, എയര്‍ ഷോ മാത്രമല്ല, വമ്പന്‍ പരിപാടികളുമായി ബിസിസിഐ
Aditya Gadhvi performance in Cricket World cup 2023 final: ഏകദിന ലോകകപ്പ് 2023 ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദിത്യ ഗാധ്‌വി നയിക്കുന്ന മ്യൂസിക് ഷോ അരങ്ങേറും.
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് 2023-ലെ വിജയിയെ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ആതിഥേയരായ ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയാണ് എതിരാളി (India vs Australia Cricket World Cup 2023 Final). ടൂര്‍ണമെന്‍റില്‍ അപരാജിതരായാണ് ഇന്ത്യ കലാശപ്പോരിനെത്തുന്നത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് അടക്കം ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റതിന് ശേഷമാണ് ഓസീസ് അവസാന രണ്ടിലേക്ക് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇരു ടീമുകളും കൊമ്പകോര്‍ക്കാന്‍ ഇറങ്ങുന്നത്. കളിക്കളത്തിലെ വമ്പന്‍ പോരിനൊപ്പം ടൂര്‍ണമെന്‍റിന്‍റെ അവസാനം കളറാക്കാന്‍ നിരവധി കലാപരിപാടികളും ബിസിസിഐ ഒരുക്കിയിട്ടുണ്ട് (Cricket World Cup 2023 Closing Ceremony). മത്സരത്തിന് മുമ്പും ഇടവേളകളിലുമായി നടക്കുന്ന പരിപാടികളെക്കുറിച്ച് അറിയാം...
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി-പകല്‍ മത്സരമായാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന മത്സരത്തിന് അരമണിക്കൂര്‍ മുന്നെ 1.30 -ന് ടോസ് വീഴും. ഇതിനു ശേഷം 1.35 മുതല്‍ 1.50 വരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീം (Surya Kiran Aerobatic team) നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളില്‍ എയർ ഷോ അവതരിപ്പിക്കും (Surya Kiran Aerobatic team to perform in Cricket World Cup 2023 final).
എയർ ഷോയുടെ ഭാഗമായുള്ള റിഹേഴ്‌സലുകൾ നേരത്തെ തന്നെ സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീം നടത്തിയിരുന്നു. ആകാശത്ത് രാജ്യത്താകമാനം നിരവധി തവണ മാന്ത്രികത തീര്‍ത്തിട്ടുള്ള സൂര്യ കിരൺ എയ്റോബാറ്റിക് ടീമിൽ ഒമ്പത് വിമാനങ്ങളാണ് ഉള്‍പ്പെടുന്നത്. രണ്ട് മണിക്ക് തുടങ്ങുന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിന് ശേഷം ആദിത്യ ഗാധ്‌വി നയിക്കുന്ന മ്യൂസിക് ഷോ നടക്കും (Aditya Gadhvi performance in Cricket World cup 2023 final).
തൊട്ടുപിന്നാലെ പ്രീതം ചക്രബര്‍ത്തി (Pritam Chakraborty), അമിത് മിശ്ര (Amit Mishra), അകാശ സിങ് (Akasa Singh), ജോണിത ഗാന്ധി (Jonita Gandhi), നകാഷ് അസീസ് (Nakash Aziz), തുഷാര്‍ ജോഷി (Tushar Joshi) എന്നിവരുടെ ഷോയും അരങ്ങേറും. മത്സരത്തിന് ശേഷം കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ഷോയും ആരാധകരെ കാത്തിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ റെക്കോഡ് കാണികളെയാണ് ഐസിസിയും ബിസിസിയും പ്രതീക്ഷിക്കുന്നത്. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ വിറ്റു തീര്‍ന്നിട്ടുണ്ട്.
