Eng vs Pak: ബാബറും റിസ്‌വാനും പുറത്താവാതെ ജയമൊരുക്കി; ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍വി, പാകിസ്ഥാന് റെക്കോഡ്

author img

By

Published : Sep 23, 2022, 10:56 AM IST

Updated : Sep 23, 2022, 11:12 AM IST

Pakistan vs England T20 highlights  Pakistan vs England  Babar Azam  Mohammad Rizwan  eng vs pak  ഇംഗ്ലണ്ട് vs പാകിസ്ഥാന്‍  ബാബര്‍ അസം  മുഹമ്മദ് റിസ്‌വാന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം. ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാക് പടയ്‌ക്ക് വമ്പന്‍ ജയമൊരുക്കിയത്.

കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വമ്പന്‍ ജയത്തോടെ പാകിസ്ഥാന് റെക്കോഡ്. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 203 റണ്‍സ് എടുത്ത് വിജയം ഉറപ്പിച്ചു.

അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായാണ് ഒരു ടീം വിക്കറ്റ് നഷ്ടമില്ലാതെ 200 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്ഥാന് കൂറ്റന്‍ ജയമൊരുക്കിയത്. ബാബര്‍ സെഞ്ചുറിയുമായും റിസ്‌വാന്‍ അര്‍ധ സെഞ്ചുറിയുമായും തിളങ്ങി.

66 പന്തില്‍ പുറത്താവാതെ 110 റണ്‍സാണ് ബാബര്‍ അടിച്ച് കൂട്ടിയത്. 51 പന്തില്‍ 88 റണ്‍സുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നേടിയ 203 റണ്‍സ് ടി20 ക്രിക്കറ്റില്‍ പാകിസ്ഥാന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. 2021ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്ഥാപിച്ച 197 റണ്‍സ് എന്ന സ്വന്തം റെക്കോഡാണ് ഇരുവരും പൊളിച്ചെഴുതിയത്.

ടി20 ചേസിങ്ങില്‍ ഏറ്റവും ഉയര്‍ന്നതും, ഫോര്‍മാറ്റിലെ ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടും കൂടിയാണിത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് മോയിന്‍ അലിയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 23 പന്തില്‍ 55 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.

22 പന്തില്‍ 43 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും മികച്ച പ്രകടനം നടത്തി. പാകിസ്ഥാനായി ഷാനവാസ് ദഹാനിയും ഹാരിസ് റൗഫും റണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് നവാസ്‌ ഒരു വിക്കറ്റ് വീഴ്‌ത്തി. വിജയത്തോടെ ഏഴ് മത്സര ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ 1-1ന് ഇംഗ്ലണ്ടിനൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

also read: സച്ചിനും യുവിയും കസറി; ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്

Last Updated :Sep 23, 2022, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.