ETV Bharat / sports

പിറന്നാള്‍ നിറവില്‍ കിങ് കോലി

author img

By

Published : Nov 5, 2019, 1:15 PM IST

പിറന്നാള്‍ നിറവില്‍ കിങ് കോലി

സോഷ്യന്‍ മീഡിയ നിറയെ വിരാടിനുള്ള പിറന്നാള്‍ ആശംസകളാണ്. മൂന്നാം വയസില്‍ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത കോലി ഇന്ന് ലോക ക്രിക്കറ്റിന്‍റെ മുഖമായി വളര്‍ന്നിരിക്കുകയാണ്. 11 വര്‍ഷങ്ങള്‍ പിന്നിട്ട അന്താരാഷ്‌ട്ര കരിയറില്‍ കോലിക്ക് മുന്നില്‍ കീഴടങ്ങിയ റെക്കോര്‍ഡുകള്‍ നിരവധിയാണ്.

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിക്ക് ഇന്ന് 31-ാം പിറന്നാള്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമായി കോലി വളരുമ്പോള്‍ ഒപ്പം വളരുന്നത് ഇന്ത്യന്‍ ടീം കൂടിയാണ്. ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച മികച്ച ക്യാപ്‌റ്റന്‍മാരിലൊരാളായ ധോണി കളമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട കോലി സെലക്‌ടര്‍മാരുടെയും, ആരാധകരുടെയും പ്രതീക്ഷകള്‍ തെറ്റിക്കാതെ മുന്നേറുകയാണ്.

2008 ഓഗസ്‌റ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ കോലി പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 239 ഏകദിനങ്ങളിലും, 82 ടെസ്‌റ്റുകളിലും, 72 ടി ട്വന്‍റികളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തിലാണ് കോലിയുടെ ജനനം. മൂന്നാം വയസില്‍ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത കോലിയുടെ ഭാവി ക്രിക്കറ്റില്‍ തന്നെയാണെന്ന് മനസിലാക്കിയ മാതാപിതാക്കള്‍, അതേ വഴിയില്‍ തന്നെ കുഞ്ഞു കോലിയെ നടത്തി. 2002 ല്‍ ഡല്‍ഹി അണ്ടര്‍ -15 ടീമില്‍ ഇടം നേടിയ വിരാട് തന്‍റെ കരിയര്‍ ആരംഭിച്ചു. 2006 ല്‍ ഇന്ത്യന്‍ അണ്ടര്‍ - 19 ടിമിലെത്തിയ കോലി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ടീമിന്‍റെ ക്യാപ്‌റ്റനായി. 2008ല്‍ ലോക കീരിടം സ്വന്തമാക്കിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെ അമരത്ത് കോലിയായിരുന്നു.

തൊട്ടുപിന്നാലെ കോലിയെത്തേടി ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ വിളിയെത്തി. 2008 ഓഗസ്‌റ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിന്‍റെ കുപ്പായം കോലിയണിഞ്ഞു. തുടര്‍ന്നങ്ങോട്ട് വിരാടിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. 11 വര്‍ഷങ്ങള്‍പ്പുറം ഇന്ത്യന്‍ ടീമിന്‍റെ തലയായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ നിരവധി റെക്കോര്‍ഡുകളും കോലിക്ക് മുന്നില്‍ തലകുനിച്ചു. ലോകക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സിലെത്തിയ താരം, ഏറ്റവും വേഗത്തില്‍ 40 സെഞ്ച്വറികള്‍ നേടിയ താരം, ടെസ്‌റ്റ്, ഏകദിന റാങ്കിങ്ങില്‍ എറ്റവും ഉയര്‍ന്ന പോയിന്‍റ് സ്വന്തമാക്കിയ താരം എന്നീ നേട്ടങ്ങള്‍ ചിലത് മാത്രമാണ്. ലോക റാങ്കിങ്ങില്‍ സ്വപ്‌നതുല്യമായ നേട്ടത്തിലാണ് കോഹ്‌ലി ഇന്നെത്തി നില്‍ക്കുന്നത്. ഏകദിനത്തില്‍ ഒന്നാമതും, ടെസ്‌റ്റില്‍ രണ്ടാമതുമാണ് കോലിയുടെ സ്ഥാനം. ടെസ്‌റ്റില്‍ 7066 റണ്‍സും, ഏകദിനത്തില്‍ 11,520 റണ്‍സും, ടി ട്വന്‍റിയില്‍ 2450 റണ്‍സും അടിച്ചെടുത്ത കോലി. സച്ചിന്‍റെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സാധ്യതയുള്ള വളരെ ചുരുക്കം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് വിലയിരുത്തുന്നത്.
31-ാം പിറന്നാളിന്‍റെ നിറവില്‍ നില്‍ക്കുന്ന വിരാടിനുള്ള ആശംസകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ ലോകം. മുന്‍ ഇന്ത്യന്‍ താരങ്ങളായ സേവാഗും, കൈഫും. വി.വി.എസ് ലക്ഷമണനുമെല്ലാം കോലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ധോണിയെപ്പോലെ ശാന്തനല്ല കോലി. കളിക്കളത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റനും, ഇപ്പോള്‍ ബിസിസിഐയുടെ തലപ്പത്തുള്ള സൗരവ് ഗാംഗുലി മൈതാനത്ത് പ്രകടിപ്പിച്ചതിന് സമാനമാണ് കോലിയുടെ മനോഭാവം. തികച്ചും അഗ്രസീവായ രീതിയില്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തെ രാജാവായി ആരാധകര്‍ വിരാട് കോലിയെ അംഗീകരിക്കുന്നു.

Intro:Body:

virat kohli birthday


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.