ETV Bharat / sports

WTC Final |താളം കണ്ടെത്താനാകാതെ പേസര്‍മാര്‍; അശ്വിനെ ഒഴിവാക്കിയതില്‍ വിമര്‍ശനം, മറുപടിയുമായി ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍

author img

By

Published : Jun 8, 2023, 9:00 AM IST

wtc final  wtc final 2023  paras mhambrey  r ashwin  india vs australia  icc test championship  test championship final  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍  പരസ് മാംബ്രെ  രവിചന്ദ്ര അശ്വിന്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
R Ashwin

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പിന്നറായി രവീന്ദ്ര ജഡേജയെ മാത്രം ഉള്‍പ്പെടുത്തി നാല് പേസര്‍മാരുമായാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തില്‍ ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഓസീസ് നിരയിലെ അപകടകാരിയായ ഉസ്‌മാന്‍ ഖവാജയെ (0) നാലാം ഓവറില്‍ മുഹമ്മദ് സിറാജ് ആയിരുന്നു പുറത്താക്കിയത്.

പിന്നീട് ഡേവിഡ് വാര്‍ണറും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്നായിരുന്നു ഓസീസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 22-ാം ഓവര്‍ എറിയാനെത്തിയ ശര്‍ദുല്‍ താക്കൂര്‍ വാര്‍ണറിനെ (43) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ലഞ്ചിന് ശേഷം എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ (26) മുഹമ്മദ് ഷമിയും പുറത്താക്കി.

എന്നാല്‍, പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ട്രാവിസ് ഹെഡും (146) മറുവശത്ത് നങ്കൂരമിട്ട് നിന്ന് സ്റ്റീവ് സ്‌മിത്തും (95) ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 251 റണ്‍സാണ് നേടിയത്. രണ്ടാം ദിനത്തിലും ഇവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകാനാണ് സാധ്യത.

ഓസീസ് ബാറ്റര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ രവിചന്ദ്ര അശ്വിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്ക് ഉള്‍പ്പെടുത്താതിരുന്നതില്‍ സൗരവ് ഗാംഗുലി ഉള്‍പ്പടെ നിരവധി പേരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. മത്സരത്തിന്‍റെ ഒന്നാം ദിനം അവസാനിച്ചതിന് പിന്നാലെ ഇതില്‍ വിശദീകരണവുമായി ഇന്ത്യന്‍ ടീം ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ തന്നെ രംഗത്തെത്തിയിരുന്നു. നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ കാരണം വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'അശ്വിനെപ്പോലെ ഒരു ചാമ്പ്യന്‍ ബൗളറെ പുറത്താക്കുക എന്നത് എല്ലായിപ്പോഴും വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. എന്നാല്‍, മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ രാവിലെ ഞങ്ങള്‍ ഇവിടുത്തെ സാചര്യങ്ങള്‍ പരിശോധിച്ചിരുന്നു. അധികമായി ഒരു പേസ് ബൗളറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി.

മുന്‍പും ഇത് ഞങ്ങള്‍ ചെയ്‌തതാണ്. അവസാനം ഇംഗ്ലണ്ടിലെത്തിയപ്പോഴും നാല് പേസര്‍മാരാണ് ഇന്ത്യയ്‌ക്കായി കളിച്ചത്. അവര്‍ അന്ന് നല്ല രീതിയില്‍ പന്തെറിയുകയും ചെയ്‌തിരുന്നു' -മാംബ്രെ വ്യക്തമാക്കി. താരങ്ങളുമായി ചര്‍ച്ച ചെയ്‌താണ് പലപ്പോഴും ടീം കോമ്പിനേഷന്‍ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ഒന്നാം നമ്പര്‍ ബൗളറും രണ്ടാം നമ്പര്‍ ഓള്‍ റൗണ്ടറുമായ അശ്വിന്‍ ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് ടീമിന് പുറത്തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട റെക്കോഡുള്ള ഒരു ബൗളര്‍കൂടിയാണ് അശ്വിന്‍. ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ള ഏഴ് മത്സരങ്ങളില്‍ നിന്നും 28.11 ശരാശരിയില്‍ 18 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ സ്വന്തമാക്കിയിട്ടുള്ളത്.

Also Read: WTC Final | ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് ട്രാവിസ് ഹെഡ്; ഇന്ത്യയ്‌ക്കെതിരെ ആദ്യ സെഞ്ച്വറി, ഒപ്പം ചരിത്രനേട്ടവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.