ETV Bharat / sports

ഇത് 'പുതിയ മുഖം', ഇന്ത്യന്‍ ടീമിന്‍റെ പുത്തന്‍ ജഴ്‌സികള്‍ അവതരിപ്പിച്ച് അഡിഡാസ്

author img

By

Published : Jun 2, 2023, 8:19 AM IST

Etv Bharat
Etv Bharat

ഇളം നീല, കടും നീല, വെള്ള നിറങ്ങളിലാണ് അഡിഡാസ് മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ഇന്ത്യന്‍ ജഴ്‌സികള്‍ ഒരുക്കിയിരിക്കുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ രൂപം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ടീമിന്‍റെ പുത്തന്‍ ജഴ്‌സിള്‍ പുറത്തിറക്കി കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ്. മൂന്ന് ഫോര്‍മാറ്റിലേക്കും വ്യത്യസ്‌തമായാണ് വര്‍ണ കുപ്പായങ്ങള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു ജഴ്‌സിയുടെ അവതരണം. നൈക്കിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ലോകോത്തര ബ്രാന്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സികള്‍ തയ്യാറാക്കുന്നത്. ജൂണ്‍ ഏഴിന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിലാകും ഇന്ത്യന്‍ ടീം അഡിഡാസിന്‍റെ പുതിയ ജഴ്‌സിയില്‍ ആദ്യമായി കളത്തിലിറങ്ങുക.

നേരത്തെ ടീമിന്‍റെ പുതിയ പരിശീലന കിറ്റും സ്‌പോണ്‍സര്‍മാരായ അഡിഡാസ് പുറത്തിറക്കി. ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലെത്തിയപ്പോഴായിരുന്നു ഇവ അവതരിപ്പിച്ചത്. ബിസിസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുതിയ പരിശീലന കിറ്റില്‍ താരങ്ങള്‍ പ്രാക്‌ടീസ് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

ഔദ്യോഗിക കിറ്റ് നിര്‍മാതാക്കളായ അഡിഡാസുമായി അഞ്ച് വര്‍ഷത്തേക്കാണ് ബിസിസിഐയുടെ കരാര്‍. 2028ല്‍ അവസാനിക്കുന്ന കരാര്‍ 350 കോടി മൂല്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിഎല്ലുമായി സ്‌പോണ്‍സര്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ഇടക്കാലത്തേക്ക് കില്ലറായിരുന്നു ഇന്ത്യയുടെ ജഴ്‌സികള്‍ ഒരുക്കിയിരുന്നത്.

പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വനിത ടീമും, പുരുഷ-വനിത ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലെ ടീമുകളും ഇനിമുതല്‍ അഡിഡാസിന്‍റെ കിറ്റാകും ഉപയോഗിക്കുക. ഇന്ത്യന്‍ ടീമിന്‍റെ വരാനിരിക്കുന്ന വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലാകും രോഹിതും സംഘവും മൂന്ന് ഫോര്‍മാറ്റിലെയും ജഴ്‌സികള്‍ ആദ്യമായിട്ട് മുഴുവന്‍ പരമ്പരയില്‍ ഉപയോഗിക്കുക.

മൂന്ന് വ്യത്യസ്‌ത തരത്തിലും നിറത്തിലുമുള്ള ജഴ്‌സികളാണ് ഇന്ത്യന്‍ ടീമിനായി അഡിഡാസ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇളം നീല നിറത്തിലുള്ള ജഴ്‌സി ഏകദിന മത്സരങ്ങള്‍ക്കും കോളറില്ലാത്ത കടും നീല ജഴ്‌സികള്‍ ടി20യിലുമായിരിക്കും ടീം അണിയുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വൈറ്റ് ജഴ്‌സിയിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അതേസമയം, ജൂണ്‍ ഏഴിന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം പുതിയ ജഴ്‌സിയില്‍ അവതരിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഐപിഎല്ലിന്‍റെ അവസാന ഘട്ടത്തോടെ തന്നെ ഇന്ത്യന്‍ ടീം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിനായുള്ള പരിശീലനം തുടങ്ങിയിരുന്നു.

ഐപിഎല്‍ ലീഗ് ഘട്ടം അവസാനിച്ചതിന് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ വിരാട് കോലി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ആദ്യം ഇംഗ്ലണ്ടിലേക്കെത്തിയത്. പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ഓള്‍റൗൾണ്ടര്‍ അക്‌സര്‍ പട്ടേല്‍, ബാക്കപ്പ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരും ടീമിനൊപ്പം ചേര്‍ന്നു. രവീന്ദ്ര ജഡേജ, ശുഭ്‌മാന്‍ ഗില്‍, കെഎസ് ഭരത് എന്നിവരുള്‍പ്പെട്ട സംഘം ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് എത്തിയത്.

Also Read : WTC Final | 'ചേതേശ്വര്‍ പുജാരയും വിരാട് കോലിയും, ഇവരെ കുറിച്ചാകും ഓസ്‌ട്രേലിയ കൂടുതല്‍ സംസാരിക്കുക': റിക്കി പോണ്ടിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.