ETV Bharat / opinion

മെയ് 25 ലോക തൈറോയ്‌ഡ് ദിനം; കുറഞ്ഞ അവബോധം വില്ലനാകും, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

author img

By

Published : May 25, 2023, 1:32 PM IST

World Thyroid Day 2023  Thyroid hormone  hormonal problems  May 25 World Thyroid Day  health awareness  health news  Thyroid symptoms  ലോക തൈറോയ്‌ഡ് ദിനം  മെയ് 25 ലോക തൈറോയ്‌ഡ് ദിനം  തൈറോയ്‌ഡ് രോഗങ്ങൾ  തൈറോയ്‌ഡ് ലക്ഷണങ്ങൾ  ആരോഗ്യം  തൈറോയ്‌ഡ് ഗ്രന്ഥി  Thyroid gland
ലോക തൈറോയ്‌ഡ് ദിനം; കുറഞ്ഞ അവബോധം വില്ലനാകും, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മനുഷ്യന്‍റെ ശാരീരിക വളർച്ചയിലും വികാസത്തിലും വിവിധ ശാരീരിക, ഉപാപചയ പ്രക്രിയകളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്‌ഡ് ഹോർമോൺ. അറിയാം തൈറോയ്‌ഡിന്‍റെ വിവിധ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

ഹൈദരാബാദ്: എല്ലാ വർഷവും മെയ് 25നാണ് ആഗോളതലത്തിൽ ലോക തൈറോയ്‌ഡ് ദിനം ആചരിക്കുന്നത്. തൈറോയിഡിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, തൈറോയ്‌ഡ് രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം.

മനുഷ്യന്‍റെ ശാരീരിക വളർച്ചയിലും വികാസത്തിലും വിവിധ ശാരീരിക, ഉപാപചയ പ്രക്രിയകളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്‌ഡ് ഹോർമോൺ. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

എന്താണ് തൈറോയ്‌ഡ്? തൊണ്ടയിലെ ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്‌ഡ്. കഴുത്തിന്‍റെ മുൻഭാഗത്തായി വോയ്‌സ് ബോക്‌സിന് താഴെയാണ് തൈറോയ്‌ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഇത് ടി 3 (തൈറോക്‌സിൻ), ടി 4 (ട്രയോഡൊഥൈറോണിൻ) എന്നിവ ഉൽ‌പാദിപ്പിക്കുകയും തൈറോയ്‌ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ടി‌എസ്‌എച്ച്) പരിപാലിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരത്തിന്‍റെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്‍റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്‌ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്‌ഡിസം. തൈറോയ്‌ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നതാണ് ഹൈപ്പോ തൈറോയ്‌ഡിസം.

ഭക്ഷണത്തിൽ ശരിയായ അയോഡിൻ അളവ് നിലനിർത്തുന്നതും അസംസ്‌കൃത ഗോയിട്രോജനിക് പച്ചക്കറികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും തൈറോയ്‌ഡ് രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അതേസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

തൈറോയ്‌ഡിന്‍റെ പൊതുവായ ചില ലക്ഷണങ്ങള്‍: വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്‌ദം അടയുക തുടങ്ങിയവ തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണമാണ്. പേശികളിലുണ്ടാകുന്ന വേദനയും തൈറോയ്‌ഡിന്‍റെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം.

ക്ഷീണം അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. കൂടാതെ ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്‌ഡിന്‍റെ ലക്ഷണമാകാം.

തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്‌ഡിസം) ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ (ഹൈപ്പോ തൈറോയ്‌ഡിസം) ശരീരഭാരം കൂടും. ചിലരില്‍ കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർ തൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം.

ഹൈപ്പോ തൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. കൂടാതെ അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്‌ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്‌ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർ തൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കണ്ടുവരുന്നത്.

ഹൈപ്പോ തൈറോയിഡിസമുള്ള സ്‌ത്രീകളില്‍ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യമായ വേദനയോടെയും ആർത്തവം വരാന്‍ സാധ്യതയുണ്ട്. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർ തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്‌ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാമെന്നും പഠനങ്ങൾ പറയുന്നു.

തലമുടി ഇടക്കിടെ പൊട്ടിപ്പോവുക, വരളുക, മുടികൊഴിച്ചില്‍, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും തൈറോയ്‌ഡിന്റെ കാരണങ്ങളാകാം. തലമുടിയുടേയും ചർമ്മത്തിന്‍റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്.

നിലവിൽ, തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങൾ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഹോർമോൺ പ്രശ്‌നങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും തൈറോയ്‌ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കും. ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ടെന്നും ഉറപ്പു വരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

പുകവലിയും വില്ലനാണ്. തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും പുകവലി ബുദ്ധിമുട്ടുണ്ടാക്കും. പുകവലി നിർത്തുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്‌ഡ് പ്രശ്‌നത്തിനു വഴിയൊരുക്കും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാനും ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.