ETV Bharat / international

യുക്രൈനിലെ സോവിയറ്റ് ആയുധങ്ങള്‍ നശിച്ചു; ഇപ്പോള്‍ ആശ്രയിക്കുന്നത് പാശ്ചാത്യ ആയുധങ്ങളെ

author img

By

Published : Jun 10, 2022, 4:19 PM IST

Ukraine military weapons  western countries weapon supply of ukraine  Ukraine Russia conflict  യുക്രൈനിലെ ആയുധങ്ങള്‍  യുക്രൈന്‍ റഷ്യ യുദ്ധം  യുക്രൈന്‍ റഷ്യ സംഘര്‍ഷത്തില്‍ പാശ്ചാത്യ ആയുധങ്ങള്‍ യുക്രൈന്‍ ഉപയോഗിക്കുന്നത്
യുക്രൈനിന്‍റെ സ്വന്തമായുള്ള ആയുധങ്ങള്‍ മുഴുവന്‍ നശിച്ചു; ഇപ്പോള്‍ ആശ്രയിക്കുന്നത് പാശ്ചാത്യ ആയുധങ്ങളെ

കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് യുക്രൈന്‍

കീവ്: യുക്രൈനിന്‍റെ സോവിയറ്റ് നിര്‍മിത ആയുധങ്ങള്‍ പൂര്‍ണമായും നശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന ആയുധങ്ങളെയാണ് യുക്രൈന്‍ ഇപ്പോള്‍ പൂര്‍ണമായും ആശ്രയിക്കുന്നതെന്ന് യുഎസ് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രൈനിലെ ആയുധ നിര്‍മാണ വ്യവസായം പൂര്‍ണമായും റഷ്യന്‍ രീതിയിലുള്ളതാണ്.

ഈ ആയുധങ്ങള്‍ ഒന്നും പാശ്ചാത്യ പടക്കോപ്പുകളുമായി ഒത്തുപോകാത്തവയാണ്. കഴിഞ്ഞ ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഈ ആയുധങ്ങളൊക്കെ ഉപയോഗിച്ച് തീരുകയോ നശിക്കുകയോ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ യുക്രൈന്‍ സൈന്യം പൂര്‍ണമായുള്ള നൈപുണ്യം ആര്‍ജിച്ചിട്ടില്ല എന്നാണ് യുഎസ് സൈനിക അധികൃതര്‍ പറയുന്നത്.

സോവിയറ്റ് യൂണിയന്‍റെ സ്‌പെസിഫിക്കേഷന്‍ അനുസരിച്ചുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ സൈന്യത്തിന് പരിചയം. ആദ്യമായി പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണ് നിലവില്‍ ഉള്ളത്. ഇവര്‍ക്ക് പാശ്ചാത്യ ആയുധങ്ങളില്‍ പരിശീലനം നല്‍കാന്‍ യുഎസിന്‍റെ സൈനിക ഏജന്‍റുമാര്‍ യുക്രൈനില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷത്തിന്‍റെ ആദ്യഘട്ടത്തില്‍ യുക്രൈനിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ മടിച്ചിരുന്നു. ഇങ്ങനെ ആയുധം കൈമാറുന്നത് നേരിട്ടുള്ള റഷ്യ-നാറ്റോ സംഘര്‍ഷത്തിലേക്ക് വഴിവെച്ചേക്കുമോ എന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും പടക്കോപ്പുകളും യുഎസ് മുന്‍കൈയെടുത്ത് യുക്രൈനിന് ലഭ്യമാക്കുകയായിരുന്നു ചെയ്‌തിരുന്നത്. എന്നാല്‍ പിന്നീട് യുഎസും മറ്റ് നാറ്റോ സഖ്യ കക്ഷികളും നിലപാട് മാറ്റുകയായിരുന്നു.

യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും ദീര്‍ഘ ദൂര പീരങ്കികളും(howitzers), ഹിമ്മാര്‍സ് റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള ആയുധങ്ങള്‍ യുക്രൈനിന് എത്തിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെടുന്നത്. യുക്രൈന്‍ സൈന്യം പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ നൈപുണ്യം ആര്‍ജിച്ചതിന് ശേഷമേ കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധം കൈമാറുകയുള്ളൂ എന്നാണ് യുഎസ് സൈനിക അധികൃതര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.