'ദളപതി 68'; ബോക്‌സോഫിസ് കീഴടക്കാൻ വിജയ്- വെങ്കട് പ്രഭു കൂട്ടുകെട്ട് വരുന്നു, പ്രഖ്യാപിച്ച് സൂപ്പര്‍താരം

author img

By

Published : May 21, 2023, 5:03 PM IST

ദളപതി 68  വിജയ്  എജിഎസ് എന്റർടൈൻമെന്റ്സ്  വെങ്കട്ട് പ്രഭു  thalapathy 68  thalapathy68  Venkat Prabhu  Vijay  Vijay Venkat Prabhu combo  വിജയ് സിനിമയുടെ പ്രഖ്യാപനം  വിജയ് സിനിമ  AGS Entertainment  vijay new movie
'ദളപതി 68'; ബോക്‌സ് ഓഫിസ് കീഴടക്കാൻ വിജയ്- വെങ്കട് പ്രഭു കൂട്ടുകെട്ട് വരുന്നു ()

എജിഎസ് എന്‍റർടെയ്‌ൻമെന്‍റ്‌സിൻ്റെ ബാനറിൽ ഒരുങ്ങുന്ന 'ദളപതി 68' സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്

ഏറെ നാളത്തെ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ദളപതി വിജയ്‌യുടെ പുതിയ സിനിമയുടെ പ്രഖ്യാപനം. വിജയ് തന്നെ ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് വീഡിയോ തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'ദളപതി 68' എന്ന് താത്‌കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്.

വിജയ് നായകനാകുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം. എജിഎസ് എന്‍റർടെയ്‌ൻമെന്‍റ്‌സിൻ്റെ ബാനറിൽ കൽപത്തി എസ് അഘോരം, കൽപത്തി എസ് ഗണേഷ്, കൽപത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇവരുടെ നിർമാണത്തിൽ ഒരുങ്ങുന്ന 25-ാമത് ചിത്രമാണിത്. ഇത് സംബന്ധിച്ച പത്ര കുറിപ്പും പുറത്തുവന്നു. എജിഎസ് എന്‍റർടെയ്‌ൻമെന്‍റ്‌സ്‌ വിജയ്‌യുമായി കൈകോർക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ദളപതി 68'. ബ്ലോക്ക് ബസ്‌റ്റർ സിനിമ 'ബിഗിൽ' ആണ് ഇവർ നേരത്തെ നിർമിച്ച വിജയ് ചിത്രം. അറ്റ്‌ലി ആയിരുന്നു 'ബിഗിലി'ൻ്റെ സംവിധായകൻ.

അതേസമയം 'മാനാട്, മങ്കാത്ത, ചെന്നൈ 600028' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭു വിജയ്‌യോടൊപ്പം ആദ്യമായി ഒന്നിക്കുകയാണ് 'ദളപതി 68'ലൂടെ. ദളപതി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഈണം പകരുന്നത് യുവൻ ശങ്കർ രാജയാണ്. പുതിയ ഗീതൈ(2003)യ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്‍റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.

ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും എജിഎസ് എന്‍റർടെയ്‌ൻമെന്‍റ്‌സ്‌ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത 'വാരിസാ'ണ് വിജയ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും നിർമിച്ച ചിത്രത്തിൽ എസ് ജെ സൂര്യയും സുപ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു.

അതേസമയം 'ലിയോ'യാണ് നിലവിൽ വിജയ്‌യുടേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. കൂടാതെ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്‍റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം വിജയ് 'ദളപതി 68'ൽ ചേരുമെന്നാണ് വിവരം.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് അടുത്തിടെയാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ആരംഭിച്ചത്. വെറും 99 മിനിറ്റുകൊണ്ട് ആക്‌ടർ വിജയ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ 1 ദശലക്ഷം ഫോളോവേഴ്‌സിനെ നേടി താരം റെക്കോഡിട്ടിരുന്നു. 7.8 ദശലക്ഷം പേരാണ് ഫേസ്ബുക്കിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇതുകൂടാതെ 4.4 ദശലക്ഷം പേർ ട്വിറ്ററിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.

ALSO READ: 'അമ്മ മകന്‍റെ അഭിനയം കാണാൻ സെറ്റിൽ വന്ന അപൂർവ നിമിഷം', വൈറലായി ഫേസ്‌ബുക്ക് കുറിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.