29ാമത്തെ വയസില്‍ മോഹന്‍ലാല്‍ ചെയ്‌തത് മറ്റാര്‍ക്കും കഴിയില്ല; താരരാജാവിനെ കുറിച്ച് സിബി മലയില്‍

author img

By

Published : Sep 16, 2022, 6:13 PM IST

Mohanlal  Sibi Malayil about Mohanlal  Director Sibi Malayil about actor Mohanlal  Director Sibi Malayil  actor Mohanlal  Kotthu movie promotion  Kotthu movie  മോഹന്‍ലാല്‍  സിബി മലയില്‍  സംവിധായകന്‍ സിബി മലയില്‍  കൊത്ത്

മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ കുറിച്ച് കൊത്ത് സിനിമയുടെ പ്രമോഷനിടെ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍

മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ സിബി മലയില്‍. കൊത്ത് സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ മനസു തുറന്നത്. നടന്‍റെ അഭിനയ മികവിനെ കുറിച്ചും സിനിമയിലെ വളര്‍ച്ചയെ കുറിച്ചും സംവിധായകന്‍ പറഞ്ഞു.

'മുന്‍കാലങ്ങളില്‍ ഞാന്‍ ചെയ്‌തിരുന്ന സിനിമകളിലെ അടുത്ത വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്നും വളര്‍ന്ന് ലാല്‍ വലിയ താരമായി മാറി. ലാലിന്‍റെ അഭിനയ മികവിന് അനുസരിച്ചുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ എന്നെ പോലുള്ള സംവിധായകനെ അല്ല ആവശ്യം. തന്‍റെ 29ാമത്തെ വയസില്‍ കിരീടം, ദശരഥം പൊലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് മോഹന്‍ലാല്‍.

ആ പ്രായത്തില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍മാര്‍ ഇന്ന് മലയാളത്തില്‍ ഇല്ല. ഇന്നും മോഹന്‍ലാലിന്‍റെ മാസ്റ്റര്‍ പീസുകളായി പറയുന്ന ചിത്രങ്ങളാണ് കിരീടവും ദശരഥവുമെല്ലാം. ആ ലെവലില്‍ നില്‍ക്കാന്‍ പറ്റുന്ന നടന്‍മാര്‍ നമുക്കിന്നില്ല.

ഫഹദ്, ആസിഫ്, റോഷന്‍ തുടങ്ങി നിരവധി കഴിവുള്ള യുവ നടന്‍മാര്‍ ഉണ്ടെങ്കിലും അവര്‍ക്കൊന്നും ലാല്‍ ചെയ്‌തതു പോലെയുള്ള വേഷങ്ങള്‍ ചെയ്യാനുള്ള അവസരമോ ഭാഗ്യമോ ലഭിച്ചിട്ടില്ല,' സിബി മലയില്‍ പറഞ്ഞു. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്‌ദുള്ള, ധനം, ഭരതം, സദയം, കമലദളം, ചെങ്കോല്‍, മായാമയൂരം തുടങ്ങി മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. എന്നാല്‍ അടുത്തിടെ മോഹന്‍ലാലുമൊത്ത് ഇനിയൊരു ചിത്രം ഉണ്ടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ദശരഥം സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ മോഹന്‍ലാലിനെ സമീപിച്ചപ്പോള്‍ മോഷമായ അനുഭവം ആണ് തനിക്ക് ഉണ്ടായത് എന്ന് സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ തിരക്കഥ കേള്‍ക്കാതെ നടന്‍ ഒഴിഞ്ഞു മാറി എന്നും കഥ പറയാന്‍ അര മണിക്കൂറാണ് മോഹന്‍ലാല്‍ അനുവദിച്ചത് എന്നും സിബി മലയില്‍ പറഞ്ഞു. മോഹന്‍ലാല്‍ വലിയ താരമായെന്നും അടുത്തെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കണമെന്നുമാണ് സംവിധായകന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.