ഇന്ത്യയിലെ ആദ്യ വനിത 'ബീറ്റ് ബോക്‌സറെ' അറിയാമോ ? ; ഇതാ ഇവിടെയുണ്ട് ആർദ്ര സാജൻ

author img

By ETV Bharat Kerala Desk

Published : Jan 16, 2024, 2:00 PM IST

Updated : Jan 16, 2024, 2:39 PM IST

Indias first female beat boxer  Ardra Sajan beat boxer  ബീറ്റ് ബോക്‌സർ ആർദ്ര സാജൻ  ബീറ്റ് ബോക്‌സിങ്

Beat boxer Ardra Sajan : ആദ്യപ്രകടനം പൂജപ്പുര സെൻട്രൽ ജയിലിൽ, വെബ് സീരീസിലൂടെ അഭിനയത്തിലേക്കും. ഇടിവി ഭാരതിനൊപ്പം ബീറ്റ് ബോക്‌സിങ്ങിലെ പെൺകരുത്ത് ആർദ്ര സാജൻ.

വിശേഷങ്ങൾ പങ്കുവച്ച് ആർദ്ര സാജൻ

ബീറ്റ് ബോക്‌സിങ് എന്ന് കേൾക്കാത്തവർ വിരളമായിരിക്കും. ബീറ്റ് ബോക്‌സിങ് ഡിജെയ്‌ക്കും ഹിപ് - ഹോപ്പിനുമെല്ലാം ഇപ്പോൾ പ്രിയം ഏറി വരികയാണല്ലോ. ഇലക്‌ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്‌ദാനുകരണമാണ് ബീറ്റ് ബോക്‌സിങ് എന്നറിയപ്പെടുന്നത്. മിമിക്രിയുടെ മറ്റൊരു രൂപം തന്നെയാണിത്.

കേരളത്തിലും ബീറ്റ് ബോക്‌സിങ്ങിനെ നെഞ്ചേറ്റിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ തെളിഞ്ഞുനിൽക്കുന്ന പേരാണ് ആർദ്ര സാജന്‍റേത്. കേരളത്തിന്‍റെ ഈ ലേഡി ബീറ്റ് ബോക്‌സർ ഇന്ത്യയിലെ തന്നെ ആദ്യ വനിത ബീറ്റ് ബോക്‌സറാണ് (Beat Boxer Ardra Sajan).

ബീറ്റ് ബോക്‌സിങ്ങിലൂടെ ആരാധകരെ സൃഷ്‌ടിക്കുകയാണ് ആർദ്ര സാജൻ. നിരവധി വേദികള്‍ കീഴടക്കി ഇപ്പോഴിതാ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ് ആർദ്ര. കണ്‌ഠനാളങ്ങളിലൂടെ ഇലക്‌ട്രോണിക് സംഗീത ഉപകരണങ്ങളിൽ നിന്നെന്നപോലെ ഒഴുകുന്ന, അത്ഭുതപ്പെടുത്തുന്ന സംഗീത ഘോഷയാത്ര.

ഇന്ത്യയിലെ ആദ്യ വനിത ബീറ്റ് ബോക്‌സർ എന്ന റെക്കോർഡും സ്വന്തമാക്കിയ ആർദ്ര 'പ്രീമിയർ പത്മിനി' എന്ന വെബ് സീരീസിലൂടെ അഭിനേത്രിയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. അനൂപ് ബാഹുലേയന്‍റെ സംവിധാനത്തിൽ അഖിൽ കവലയൂർ, നോബി മാർക്കോസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ വെബ് സീരീസ് ആർദ്രയുടെ അഭിനയ ജീവിതത്തിന് മാറ്റ് കൂട്ടുന്നു.

അഭിനയം മാത്രമല്ല ചില വെബ് സീരീസുകൾ എഴുതി സംവിധാനം ചെയ്‌തിട്ടുമുണ്ട് ഈ മിടുക്കി. തമാശകൾ പറയാനും കേൾക്കാനും ഏറെ ഇഷ്‌ടമാണെന്ന് പറയുന്ന ആർദ്ര ഓൺസ്‌ക്രീൻ പ്രകടനങ്ങൾക്ക് സ്വന്തം ജീവിതാനുഭവങ്ങളും കാഴ്‌ചപ്പാടുകളും സഹായകരമായിട്ടുണ്ടെന്നും പറയുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലെ ടി വി ചാനൽ റിയാലിറ്റി ഷോകളിലും ആർദ്ര പങ്കെടുത്തിട്ടുണ്ട്.

ആർദ്രയുടെ പ്രകടനങ്ങൾ കണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉള്ള ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചതിനും നമ്മൾ സാക്ഷികളായി. മിമിക്രി കലയോട് ചെറുപ്പകാലം മുതൽ തന്നെ ആർദ്രയ്‌ക്ക് താത്പര്യം ഉണ്ടായിരുന്നു. മറ്റുള്ളവരെ അനുകരിക്കാൻ തനിക്കേറെ ഇഷ്‌ടമായിരുന്നു എന്ന് ആർദ്ര പറയുന്നു.

ആദ്യം രാഷ്‌ട്രീയക്കാരെ അനുകരിച്ചുതുടങ്ങി. കലോത്സവ വേദികളിൽ മിമിക്രി താരമായി തിളങ്ങിയ ശേഷം ബീറ്റ് ബോക്‌സിങ്ങിലേക്ക് ആർദ്ര ചുവടുമാറ്റി. ബീറ്റ് ബോക്‌സിങ്ങിന് ആദ്യ വേദി ലഭിക്കുന്നത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നുവെന്നും ആർദ്ര ഓർത്തു.

തടവ് പുള്ളികൾക്ക് മുന്നിൽ പ്രകടനം കാഴ്‌ചവച്ചത് വേറിട്ട അനുഭവമായിരുന്നു എന്ന് ആർദ്ര സാജൻ പറയുന്നു. തന്‍റെ ബീറ്റ് ബോക്‌സിങ് കണ്ട് റസൂൽ പൂക്കുട്ടി നേരിട്ട് അഭിനന്ദിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് ആർദ്ര പങ്കുവച്ചു. 'ക്യാച്ച് യു ലേറ്റർ' എന്ന് അഭിനന്ദനങ്ങൾക്ക് ശേഷം റസൂൽ പൂക്കുട്ടി പറഞ്ഞെന്നും എന്നെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആർദ്ര സാജൻ കൂട്ടിച്ചേർത്തു.

ALSO READ: Mimicry Artist Mahesh Kunjumon Returns : 'പല ശബ്ദങ്ങളും അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ വേഗം തിരിച്ചെത്തും' ; മഹേഷ് കുഞ്ഞുമോൻ പറയുന്നു

കൊല്ലം സ്വദേശിനി ആണെങ്കിലും കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് ആർദ്രയുടെ താമസം. യുഎഇയിലും തിരുവനന്തപുരത്തുമായാണ് ആർദ്ര വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Last Updated :Jan 16, 2024, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.