ETV Bharat / entertainment

'ആയിരത്തൊന്ന് നുണകൾ' ; ഒടിടി റിലീസ് നാളെ

author img

By

Published : Aug 17, 2023, 4:43 PM IST

Aayirathonnu Nunakal  Aayirathonnu Nunakal ott release  Aayirathonnu Nunakal to stream on SonyLIV  Aayirathonnu Nunakal in SonyLIV from tomorrow  SonyLIV  സ്‌ട്രീമിങ് സോണി ലിവിൽ  ആയിരത്തൊന്ന് നുണകൾ സ്‌ട്രീമിങ് സോണി ലിവിൽ  ആയിരത്തൊന്ന് നുണകൾ നാളെ മുതൽ  ആയിരത്തൊന്ന് നുണകൾ സോണി ലിവിൽ  താമർ കെ വി  താമർ കെ വി ആയിരത്തൊന്ന് നുണകൾ  thamar kv Aayirathonnu Nunakal  thamar kv  ആയിരത്തൊന്ന് നുണകൾ ഒടിടിയിൽ  ആയിരത്തൊന്ന് നുണകൾ നാളെമുതൽ ഒടിടിയിൽ  ആയിരത്തൊന്ന് നുണകൾ നാളെമുതൽ സോണി ലിവിൽ
Aayirathonnu Nunakal

അസാധാരണമായ കഥയിലൂടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ 'ആയിരത്തൊന്ന് നുണകൾ' നാളെമുതൽ ഒടിടിയിൽ

താമർ കെ വിയുടെ സംവിധാനത്തിൽ വിഷ്‌ണു അഗസ്‌ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിൻ കാസിം, ജിൻസ് ഷാൻ, നൗഫൽ റഹ്മാൻ, വിദ്യ വിജയ് കുമാർ, സൂരജ് കെ നമ്പ്യാർ, രശ്‌മി കെ നായർ, സുധീഷ് കോശി, സജിൻ അലി, സുധീഷ് സ്‌കറിയ, അനുഷ ശ്യാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 'ആയിരത്തൊന്ന് നുണകൾ' (1001 നുണകൾ) ഒടിടിയിലൂടെ നാളെ മുതൽ പ്രേക്ഷകർക്കരികിലെത്തും. അസാധാരണമായ ഒരു കഥയിലൂടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ ഈ ചിത്രം സോണി ലിവിലൂടെയാണ് നാളെ (ഓഗസ്റ്റ് 18) മുതൽ സ്‌ട്രീമിങ് ആരംഭിക്കുക.

സലിം അഹമ്മദ് നിർമിച്ച ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചത് സംവിധായകൻ താമറും ഹാഷിം സുലൈമാനും ചേർന്നാണ്. സിനിമ നാളെ ഒടിടി റിലീസായി എത്തുന്നതിന്‍റെ സന്തോഷം സംവിധായകൻ താമർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. 'ആയിരത്തൊന്ന് നുണകൾ' നാളെ സത്യമാവുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.

മൂക്കുതല എന്ന തന്‍റെ ഗ്രാമത്തിനാണ് ഈ ചിത്രം സമർപ്പിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ജീവിത യാഥാർഥ്യത്തിൽ മറ്റെല്ലാ സ്വപ്‌നങ്ങളും മാറ്റിവച്ച് സ്വയം ഉരുകിയ പ്രവാസികൾക്ക് കൂടിയുള്ളതാണ് '1001 നുണകൾ' എന്നും കുറിച്ചു. സിനിമയും അഭിനയവും അതിയായി ആഗ്രഹിച്ച ഒരു പറ്റം പുതിയ അഭിനേതാക്കളുടേയും സിനിമയാണ് ഇതെന്നും, കണ്ട് എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണമെന്നും താമർ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

'നാളെ "ആയിരത്തൊന്ന് നുണകൾ" സത്യമാവുകയാണ് !! സിനിമ സമർപ്പിക്കുന്നത് മൂക്കുതല എന്ന എന്‍റെ ഗ്രാമത്തിനാണ്. വീട്ടിൽ ടിവി ഇല്ലാതിരുന്ന കാലം, മൂക്കുതലയിലെ ഓരോ വീടിന്‍റെ ഉമ്മറത്തും, ജനൽ കമ്പിയിലും തൂങ്ങി നിന്നും കണ്ട അനേകം സിനിമകൾ. വാതിൽ ചാരി ഇടാതെ, ജനൽ കൊട്ടി അടയ്ക്കാ‌തെ, ഉമ്മറപ്പടിയിൽ ഇരുത്താൻ നിങ്ങൾ കാണിച്ച കാരുണ്യമാണ് ഈ സിനിമയുടെ ഊർജം.

ആദ്യ സിനിമ ഗൾഫ് പശ്ചാത്തലത്തിൽ ആലോചിച്ചത് പോലും, പ്രവാസ ജീവിതത്തിൽ ഒന്നും പറ്റിയില്ലെങ്കിൽ ഇവിടെ നിന്നെങ്കിലും ഒരു സിനിമ എടുക്കണം എന്ന അതിയായ ആഗ്രഹത്തിന്മേൽ മാത്രമാണ്. പലപ്പോഴും അത്തരം ആഗ്രഹങ്ങൾ എല്ലാം തന്നെ ഈ മരുഭൂമിയുടെ ചൂടിൽ വാടിപ്പോയ അനുഭവങ്ങളും കഥകളുമാണ് ഓരോ പ്രവാസിക്കുമുള്ളത്. ഈ സിനിമ ജീവിത യാഥാർഥ്യത്തിൽ മറ്റെല്ലാ സ്വപ്‌നങ്ങളും മാറ്റിവച്ച് സ്വയം ഉരുകിയ പ്രവാസികൾക്ക് കൂടിയുള്ളതാണ്!.

നന്ദി പറയുന്നത്, സലിം അഹമ്മദിനോടും, സുധീഷേട്ടനോടും, ഹാഷിക് വക്കീലിനോടുമാണ്, സ്വപ്‌നം മാത്രമായിരുന്ന സിനിമയെ, ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന് യാഥാർഥ്യമാക്കിയതിന്. ഈ സിനിമയ്ക്ക്‌ വേണ്ടി എന്നോടൊപ്പം എന്നേക്കാൾ വേഗതയിൽ ഓടിയ ഹാഷിമിനോടും. സലീം അഹമ്മദിലേക്കും, സിനിമയിലേക്കും വാതിൽ തുറന്ന് തന്ന സംവിധായകൻ സകരിയയോടും. കൂടെ ആദ്യ ഷോർട്ട് ഫിലിം മുതൽ പ്രോത്സാഹനവും പിന്തുണയുമായുള്ള അനേകം സൗഹൃദങ്ങളോടും.

"ആയിരത്തൊന്ന് നുണകൾ" എന്‍റെ മാത്രമല്ല, സിനിമയും അഭിനയവും അതിയായി ആഗ്രഹിച്ച ഒരു പറ്റം പുതിയ അഭിനേതാക്കളുടേയും കൂടിയാണ്. നാളെ മുതൽ ആയിരത്തൊന്ന് നുണകൾ, മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ അഞ്ചുഭാഷകളിൽ സോണി ലിവിൽ കാണാൻ കഴിയും. സിനിമ കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. താമർ'.

READ ALSO: '1001 നുണകളു'മായി അവർ എത്തുന്നു ; ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഒരു ഫ്ലാറ്റിലുണ്ടാകുന്ന തീപിടിത്തത്തിന് ശേഷം പോകാനിടമില്ലാതായ ദമ്പതികൾ തങ്ങളുടെ സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് 'ആയിരത്തൊന്ന് നുണകൾ' പറയുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ഒരു അസാധാരണ ​ഗെയിം കളിക്കുകയും ഇതിലൂടെ ജീവിതത്തിലെ പറയാത്ത രഹസ്യങ്ങളും നുണകളും അവരുടെ ബന്ധത്തെ ശിഥിലമാക്കുന്നതുമെല്ലാമാണ് ചിത്രം പ്രമേയമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.