13 കാരനെ ഗെയിമിലൂടെ കുടുക്കി മാതാപിതാക്കളുടെ ഫോണ്‍ ഹാക്ക് ചെയ്തു ; സ്വകാര്യ വിവരങ്ങള്‍ കവര്‍ന്നു

author img

By

Published : Jun 21, 2022, 11:04 PM IST

online gaming addiction  Hacker threatened 13 year old child  ഓണ്‍ലൈന്‍ ഗെയിം കുറ്റകൃത്യം  കുട്ടിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ ഫോണ്‍ ഹാക്ക് ചെയ്തു  കുട്ടികളെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍

ഓണ്‍ലൈന്‍ ഗെയിമിന്‍റെ ഓരോ ഘട്ടത്തിലും ടാസ്കുകള്‍ നല്‍കി. ചെയ്തില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തി

ജയ്പൂര്‍ (രാജസ്ഥാന്‍) : 13 വയസുകാരനെ ഓണ്‍ലൈന്‍ ഗെയിമിലൂടെ കുടുക്കി ഹാക്കര്‍ സ്വന്തമാക്കിയത് മാതാപിതാക്കളുടെ സ്വകാര്യ വിവരങ്ങള്‍. കുട്ടിയുടേത് അടക്കം മൂന്ന് ഫോണുകളാണ് ഇയാള്‍ ഹാക്ക് ചെയ്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ചില ഓണ്‍ലൈന്‍ ഗെയിം ഗ്രൂപ്പുകളില്‍ അംഗം ആയിരുന്നു. ഇക്കൂട്ടത്തില്‍ അപരിചിതരായ ചിലരുമായി കുട്ടി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അടുത്തിടെ ഇക്കൂട്ടത്തില്‍ ഒരാള്‍ കുട്ടിക്ക് ഒരു ഓണ്‍ലൈന്‍ ഗെയിമിന്‍റെ ലിങ്ക് അയച്ച് നല്‍കി.

ശേഷം ഇതില്‍ കളി ആരംഭിക്കുകയും ചെയ്തു. കളിയില്‍ തോല്‍ക്കുകയോ പിന്മാറുകയോ ചെയ്താല്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി ഗെയിം തുടര്‍ന്നു. വിവിധ ഘട്ടങ്ങളില്‍ വിവിധങ്ങളായ ടാസ്കുകളും കുട്ടിക്ക് ഇയാള്‍ നല്‍കി. ഇതിനിടെ ഒരു ദിവസം കുട്ടിയുടെ മാതാപിതാക്കളുടെ മൊബൈല്‍ നമ്പര്‍ ഇയാള്‍ വാങ്ങി.

Also Read: മണിട്രാൻസ്ഫര്‍ ആപ്പ് വഴി പുത്തൻ തട്ടിപ്പ്: ഹൈദരാബാദില്‍ വ്യാപാരികള്‍ വഞ്ചിക്കപ്പെട്ടു

ശേഷം ഒരു ഒടിപി വരുമെന്നും ഇത് പറഞ്ഞ് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടി ഇത് അനുസരിച്ചു. ഇതോടെ മാതാപിതാക്കള്‍ അറിയാതെ ഹാക്കര്‍ ഒരു സോഫ്റ്റ്‌വെയര്‍ അവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ശേഷം വിവരങ്ങള്‍ ചോര്‍ത്തി. മാതാപിതാക്കളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ കയറി ഇയാള്‍ നിരവധി അനിമേഷന്‍ വീഡിയോകളും മറ്റും നിരന്തരം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഇയാള്‍ കുട്ടിയോട് വീട്ടിലെ ഏതെങ്കിലും ഒരു ഇലക്ട്രോണിക്ക് ഡിവൈസ് പൊളിച്ച് അതിന്‍റെ ചിപ്പുകള്‍ വീടിന്‍റെ മൂലകളില്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ പൊലീസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഹാക്കറുടെ വാക്ക് കേട്ട കുട്ടി വീട്ടില്‍ ചിപ്പുകള്‍ ഒട്ടിക്കുകയും അവ തമ്മില്‍ വയര്‍ ഉപയോഗിച്ച് ബന്ധപ്പെടുത്തുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടി നിരപരാധി ആണെന്നും അന്വേഷണം ആരംഭിച്ചതായും സൈബര്‍ പൊലീസ് അറിയിച്ചു. ഇത് ആദ്യമായാണ് കുട്ടികളെ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും പോലീസ് വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.