ഇ-സഞ്ജീവനി സേവനങ്ങള്‍ക്ക് കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും

author img

By

Published : Sep 1, 2021, 3:17 PM IST

ഇസഞ്ജീവനി സേവനങ്ങള്‍  ഇസഞ്ജീവനി സേവനങ്ങള്‍ വാർത്ത  സ്പെഷ്യാലിറ്റി ഡോക്ടര്‍മാർ  സി.ഡി.സി.യിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി  More specialty doctors for E Sanjivani  E Sanjivani news  E Sanjivani  speaiality doctors

കൊവിഡ് വ്യാപന സമയത്ത് സി.ഡി.സി സന്ദര്‍ശനം ഒഴിവാക്കി കൂടുതൽ സേവനങ്ങൾ വീടുകളിലിരുന്ന് തന്നെ ഉറപ്പാക്കുന്ന പദ്ധതിയാണ് ഇ സഞ്ജീവനി.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തി. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററിന്‍റെ (സി.ഡി.സി) സ്പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവ്വാഴ്‌ചകളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.

സേവനങ്ങൾ വീടുകളിൽ ലഭ്യമാകും

നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് സി.ഡി.സി.യുടെ ഒ.പി. തുടങ്ങുന്നത്. ഇതുവഴി കൊവിഡ് വ്യാപന സമയത്ത് സി.ഡി.സി.യിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നുതന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയുന്നതാണ്. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

47ൽ പരം ഒപി സേവനങ്ങൾ

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെയും ഡി.എം.ഇ യുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശ വര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്‌ടര്‍മാരുടെ സേവനം തേടാവുന്നതാണ്. കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവര്‍ക്കും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്.

കൊവിഡ് ഒ.പി. എല്ലാ ദിവസവും 24 മണിക്കൂറും

കൊവിഡ് ഒ.പി. എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാസംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം.

ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ വലിയ സേവനം നല്‍കുന്നവരാണ് ഇ സഞ്ജീവനിയിലെ ഡോക്ടര്‍മാര്‍. അവര്‍ക്കെതിരെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.inഎന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷന്‍ വഴിയോ ഉപയോഗിക്കാവുന്നതാണ്.

esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത ശേഷം പേഷ്യന്‍റിന് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്‌ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്‌ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്ന് സേവനം തേടാനും സാധിക്കുന്നു.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ALSO READ: അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്‌ച: വി.കെ മധുവിനെ സിപിഎം തരംതാഴ്ത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.