ETV Bharat / city

ഇടതുകരുത്തായ ഒറ്റപ്പാലം; വിജയയാത്ര തുടരുമോ?

author img

By

Published : Mar 16, 2021, 12:12 PM IST

Ottapalam assembly constituency  Ottapalam election news  ഒറ്റപ്പാലം മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
ഒറ്റപ്പാലം

എല്‍ഡിഎഫിനായി അഡ്വ. കെ പ്രേംകുമാറും യുഡിഎഫിനായി സരിനും, എൻഡിഎയ്‌ക്കായി പി. വേണുഗോപാലുമാണ് മത്സരരംഗത്തുള്ളത്.

പാലക്കാട്: ജില്ലയിലെ ഇടതുപക്ഷത്തിന് അനുകൂലമായി ഭൂരിഭാഗം മണ്ഡലങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലം. മണ്ഡല രൂപീകരണത്തിന് ശേഷം 1982ലും, 87ലും മാത്രമാണ് ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. ശേഷം 1991 മുതല്‍ 2016 വരെ മണ്ഡലം ഇടതുപക്ഷം നിലനിര്‍ത്തി വരുന്നു. 1991ല്‍ ഐസിഎസും, 1996,2001 തെരഞ്ഞെടുപ്പുകളില്‍ എൻസിപിക്കുമായിരുന്നു എല്‍ഡിഎഫ് സീറ്റ് നല്‍കിയത്. 2006ല്‍ സീറ്റ് സിപിഎം ഏറ്റെടുത്തും പിന്നീടങ്ങോട്ട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫിനായി വിജയം നേടിക്കൊടുത്തു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഷാനിമോള്‍ ഉസ്‌മാനെ പരാജയപ്പെടുത്തിയ പി. ഉണ്ണിയാണ് നിലവില്‍ ഒറ്റപ്പാലം എംഎല്‍എ. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി അഡ്വ. കെ പ്രേംകുമാറും യുഡിഎഫിനായി സരിനും, എൻഡിഎയ്‌ക്കായി പി. വേണുഗോപാലുമാണ് മത്സരരംഗത്തുള്ളത്.

Ottapalam assembly constituency  Ottapalam election news  ഒറ്റപ്പാലം മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2016 ലെ വിജയി

മണ്ഡല ചരിത്രം

1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി കുഞ്ഞുണ്ണി സ്ഥാനാര്‍ഥി ജയിച്ച് മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധിയായി. 1960ലും വിജയം കുഞ്ഞുണ്ണിക്കൊപ്പമായിരുന്നു. 1967ല്‍ സീറ്റ് ഏറ്റെടുത്ത സിപിഎം പി.പി കൃഷ്‌ണനെ കളത്തിലിറക്കി വിജയിപ്പിച്ചു. 1970ലും കൃഷ്‌ണൻ തെരഞ്ഞെടുക്കപ്പെട്ടു. പി. ബാലനിലൂടെ 1977ല്‍ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. പിന്നീട് കുറച്ചുകാലം കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു ഒറ്റപ്പാലം.

1980ലും 82ലും കോണ്‍ഗ്രസ് (എ) സ്ഥാനാര്‍ഥി പി.ബാലനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ഥി വി.സി കബീര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായി. 1987ലെ തെരഞ്ഞെടുപ്പില്‍ ഐസിഎസിനാണ് ഇടതുപക്ഷം സീറ്റ് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി കെ. ശങ്കരനാരായണന് യുഡിഎഫിനായി വിജയം നേടി. അന്ന് തോറ്റ വി.സി കബീറിന് 1991 തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സീറ്റ് നല്‍കി. ഇത്തവണ ഫലം മാറി. 1987 തോല്‍വിക്ക് പകരം കബീര്‍ പകരം വീട്ടിയപ്പോള്‍ തോറ്റത് സിറ്റിങ് എംഎല്‍എ കെ. ശങ്കരനാരായണനായിരുന്നു. തുടര്‍ന്ന് 1996ലും 2001ലും കബീര്‍ ജയിച്ചു കയറി. എൻസിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കബീര്‍ 2006 ല്‍ യുഡിഎഫിനായി മണ്ഡലത്തില്‍ ജനവിധി തേടി. പിന്നാലെ സീറ്റ് ഏറ്റെടുത്ത സിപിഎം എം. ഹംസയെ കളത്തിലിറക്കി. സിപിഎം തന്ത്രം വിജയിച്ചു. തുടര്‍ച്ചയായി നാലാം ജയം ലക്ഷ്യമിട്ട് മത്സരിച്ച കബീറിനെ സിപിഎം സ്ഥാനാര്‍ഥി എം.ഹംസ തോല്‍പ്പിച്ചു.

2011 നിയമസഭാ തെരഞ്ഞെടുപ്പ്

എം.ഹംസക്ക് എല്‍ഡിഎഫ് വീണ്ടും അവസരം കൊടുത്തപ്പോള്‍ 2011 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയത് വി.കെ ശ്രീകണ്‌ഠനായിരുന്നു. എന്നാല്‍ ഫലം മറ്റൊന്നായില്ല. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 49.47 ശതമാനം വോട്ടും ഹംസ പിടിച്ചെടുത്തപ്പോള്‍ രണ്ടാമതെത്തിയി വി.കെ ശ്രീകണ്‌ഠന് നേടാനായത് 39.43 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 13,203 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇടതുസ്ഥാനാര്‍ഥിക്ക് ലഭിച്ചത്. മുന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി പി. വേണുഗോപാല്‍ 7.33 ശതമാനം വോട്ട് പിടിച്ചു.

2016 നിയമസഭാ തെരഞ്ഞെടുപ്പ്

രണ്ട് തവണ മത്സരിച്ച് ജയിച്ച എം. ഹംസയെ മാറ്റി പി. ഉണ്ണിയെയാണ് 2016ല്‍ എല്‍ഡിഎഫ് കളത്തിലിറക്കിയത്. മറുവശത്ത് ഷാനിമോള്‍ ഉസ്‌മാൻ യുഡിഎഫിനായി മത്സരത്തിനിറങ്ങി. എന്നാല്‍ ഫലം മറ്റൊന്നായില്ല. വീണ്ടും ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 44.71 ശതമാനം വോട്ടാണ് പി. ഉണ്ണി നേടിയത്. 2011നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം വോട്ടിന്‍റെ കുറവുണ്ടായെങ്കിലും എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം ഉയര്‍ന്നു. ഷാനിമോള്‍ ഉസ്‌മാൻ നേടിയതിനേക്കാള്‍ 16,088 വോട്ടുകള്‍ ഉണ്ണി സ്വന്തമാക്കി. മൂന്നാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും വോട്ട് ശതമാനത്തില്‍ വൻ മുന്നേറ്റമുണ്ടാക്കാൻ എൻഡിഎക്കായി. 2011ലെ 7.33ന് പകരം 18.38 ശതമാനം വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി പി. വേണുഗോപാല്‍ പിടിച്ചെടുത്തത്.

Ottapalam assembly constituency  Ottapalam election news  ഒറ്റപ്പാലം മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2016 തെരഞ്ഞെടുപ്പ് ഫലം

2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

Ottapalam assembly constituency  Ottapalam election news  ഒറ്റപ്പാലം മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. എല്‍ഡിഎഫിന് മികച്ച മുൻതൂക്കം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. തച്ചനാട്ടുകര പഞ്ചായത്തിലൊഴികെ മറ്റെല്ലായിടത്തും എല്‍ഡിഎഫാണ് അധികാരത്തില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.