ETV Bharat / city

വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം

author img

By

Published : Oct 12, 2021, 10:37 AM IST

Updated : Oct 12, 2021, 1:51 PM IST

കോഴിക്കോട് കനത്ത മഴ  കോഴിക്കോട് കനത്ത മഴ വാര്‍ത്ത  കോഴിക്കോട് മഴ  കോഴിക്കോട് മഴ വാര്‍ത്ത  കോഴിക്കോട് മഴ തുടരുന്നു  കോഴിക്കോട് വെള്ളക്കെട്ട് വാര്‍ത്ത  കോഴിക്കോട് വെള്ളക്കെട്ട്  കോഴിക്കോട് ജാഗ്രത നിര്‍ദേശം വാര്‍ത്ത  കോഴിക്കോട് ജില്ല കലക്‌ടര്‍ വാര്‍ത്ത  kozhiklode heavy rain  rain updates  kozhikode heavy rain continues  kozhikode waterlogging
കോഴിക്കോട് കനത്ത മഴ തുടരുന്നു; നിരവധി വീടുകൾ വെള്ളത്തിനടിയില്‍

പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ വെള്ളത്തിനടിയിലായി.

കോഴിക്കോട് : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടം. പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ വെള്ളത്തിനടിയിലായി.

കോഴിക്കോട് ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മലയോര മേഖലയില്‍ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.

മാവൂരില്‍ മണ്ണിടിച്ചില്‍

കനത്ത മഴയിൽ മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. പാലാഴി, ഇരിങ്ങല്ലുർ, പൂവ്വങ്ങൽ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലയിലും വെള്ളം കയറി നാശനഷ്‌ടങ്ങളുണ്ടായി.

മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേയ്ക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആർക്കും പരിക്കില്ല. ചാത്തമംഗലത്ത് വീടിന് മുകളിൽ കവുങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.

ചാത്തമംഗലം സൗത്ത് അരയങ്കോട് മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു. പനങ്ങോട് വീടിന്‍റെ മുകളിൽ സംരക്ഷണ ഭിത്തി തകർന്നു വീണു.

പോത്തുണ്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു

തിരുവമ്പാടി പോത്തുണ്ടി പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നു. അമ്പലത്ത് കുളങ്ങര, കുമാരസാമി എന്നിവിടങ്ങളിൽ കടകളിൽ വെള്ളം കയറി. കുന്ദമംഗലം പണ്ടാര പറമ്പ് ചാലിയിൽ റോഡിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു.

ഓടക്കാം കുഴിയിൽ കുളിക്കടവ് ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. തിങ്കളാഴ്‌ച രാത്രിയുണ്ടായ കനത്ത മഴയിലാണ് റോഡ് തകർന്നത്. ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.

ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ കരകവിഞ്ഞൊഴുകുകയാണ്. കൂടുതൽ പ്രദേശങ്ങളിൽ ജില്ല കലക്‌ടര്‍ ജാഗ്രത നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോഴിക്കോട് താലൂക്കിൽ നാല് ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽ സ്റ്റേഷൻ യുപി സ്‌കൂള്‍, വേങ്ങേരി യുപി സ്‌കൂള്‍, പ്രൊവിഡൻസ് കോളജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജിഎംയുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

പുതിയങ്ങാടി, പന്തീരാങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയത്. ബന്ധു വീടുകളിലേക്ക് മാറാന്‍ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.

ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം മാത്തറ കളത്തിങ്കലില്‍ റോഡ് തകർന്ന് മിനി ജെസിബി കയറ്റി വരികയായിരുന്ന ടിപ്പർ ലോറി കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.

കോഴിക്കോട് ജില്ലയിലെ പല മേഖലയിലും കനത്ത മഴ തുടരുന്നു

ആലുവ ശിവക്ഷേത്രത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിനടിയില്‍

എറണാകുളം : ആലുവ പുഴയിൽ ജലനിരപ്പുയർന്നു. ശിവക്ഷേത്രത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. ഒഴുക്ക് ഗണ്യമായി വർധിച്ചതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

മഴശക്തമാവുകയും പെരിയാറിൽ വെള്ളമുയരുകയും ചെയ്‌താല്‍ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ക്ഷേത്രത്തിൽ വെള്ളമെത്തിയിരുന്നില്ല.

പെരിയാറിന്‍റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. മൂന്ന് വർഷം മുമ്പ് മഹാപ്രളയത്തിൽ ക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴ ശക്തമാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ല ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും.

കോതമംഗലത്ത് മണ്ണിടിച്ചില്‍

കോതമംഗലം ഇടമലയാർ ഡാമിനടുത്തുള്ള വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആദിവാസി ഊരുകളായ പൊങ്ങൻ ചോട്, താളുംകണ്ടം ഊരുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.

ഏകദേശം 300 അടി ഉയരത്തിൽ നിന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം കൂടിയാണ് ഇത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കി ഗതാഗതം എത്രയും വേഗം തുറന്ന് നൽകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം

തൃശൂര്‍ : ജില്ലയിലും കനത്ത മഴ തുടരുകയാണ്. മഴ കനക്കുകയും ഡാമുകള്‍ തുറന്നുവിടുകയും ചെയ്‌തതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പൊരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പിക്കുളം ഡാമുകളാണ് തുറന്നിട്ടിരിക്കുന്നത്. വൃഷ്‌ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ പെയ്‌തതിനെ തുടര്‍ന്നാണ് ഡാമുകള്‍ തുറന്നത്.

അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുകയാണ്. ശക്തമായ മഴയിൽ അതിരപ്പിള്ളി–ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറി. ഇവിടുന്ന് പ്രദേശവാസികളെ ഒളിപ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേന ചാലക്കുടിയില്‍

പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 6 മീറ്ററാണ് പുഴയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. ഒരു മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. 2018ലെ മഹാപ്രളയത്തില്‍ പുഴയില്‍ പത്തര മീറ്ററാണ് വെള്ളം ഉയര്‍ന്നത്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്‌ടര്‍ അറിയിച്ചു.

ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്.

തൃശൂര്‍, പാലക്കാട് ജില്ലകളിലും മഴ ശക്തം

ചുരത്തില്‍ വീണ്ടും ഗതാഗതം തടസപ്പെട്ടു

പാലക്കാട്: ഇന്നലെ രാത്രി മുതൽ പെയ്‌ത കനത്ത മഴയില്‍ ചുരത്തിൽ ഗതാഗതം വീണ്ടും തടസപ്പെട്ടു. പുലർച്ചെയോടെ ചുരത്തിൽ റോഡിന് കുറുകെ മണ്ണിടിഞ്ഞും വലിയ പാറക്കല്ലുകൾ ഉരുണ്ടുവീണും മരങ്ങൾ ഒടിഞ്ഞുവീണും ഗതാഗതം സ്‌തംഭിയ്‌ക്കുകയായിരുന്നു.

മണ്ണാർക്കാട് വട്ടമ്പലത്തെ ഫയർഫോഴ്‌സ് സേനയെത്തി മരങ്ങൾ വെട്ടി നീക്കി. ജെസിബിയുടെ സഹായത്തോടെ റോഡിലേക്ക് വീണ കല്ലുകളും ചെളിയും നീക്കം ചെയ്‌തുവരികയാണ്.

രാവിലെ അട്ടപ്പാടി ചുരം കയറി വരികയായിരുന്ന പാലാ ബസിലെ യാത്രക്കാരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം ചുരത്തിലെ മന്ദംപൊട്ടി ക്രോസ്‌വേയ്‌ക്ക് കുറുകെ മലവെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. വെള്ളത്തിന്‍റെ നിരപ്പ് താഴ്ന്ന ശേഷമാണ് തിങ്കളാഴ്‌ച ഗതാഗതം പുനസ്ഥാപിച്ചത്.

മലയോര, തീരദേശ മേഖലകളിൽ മഴ ശക്തം

തിരുവനന്തപുരം : ജില്ലയിലെ മലയോര, തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. മലയോര മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. പാലോട്, വിതുര ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ വെളളം കയറി. പാലോട് നന്ദിയോട് -വിതുര റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിന് കേടുപാട് സംഭവിച്ചു.

കനത്ത മഴയിൽ വിതുര മരുതാമലയിലും മണിതുക്കിയിലുമായി 17 വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറി. സമീപത്തെ വീടുകളിലും അംഗൻവാടികളിലും പ്രദേശവാസികള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. പൂവാർ, പൊഴിയൂർ മേഖലകളിലും മഴ ശക്തമാണ്.

നെയ്യാർ റിസർവോയറിൽ ജലനിരപ്പ് ഉയർന്നതോടെ അമ്പൂരി ആദിവാസി ഊരുകളും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് നെയ്യാർ, അരുവിക്കര ഡാമുകളിലെ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി.

Also read: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

Last Updated :Oct 12, 2021, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.