ETV Bharat / business

5ജി വരുന്നു ; ചൈനീസ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പന വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍

author img

By

Published : Sep 29, 2022, 7:46 PM IST

Etv Bharat
Etv Bharat

രാജ്യത്തെ സ്‌മാർട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ക്കൈയുണ്ട്. 5ജിയുടെ വരവോടെ അത് കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ന്യൂഡല്‍ഹി : ചൈനീസ് സ്ഥാപനങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയെങ്കിലും ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ സാന്നിധ്യം ഇന്ത്യന്‍ വിപണിയില്‍ വർധിക്കുമെന്ന് വിദഗ്‌ധര്‍. ഇന്ത്യയില്‍ 5ജി ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 5ജി സേവനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

5ജി ഫോണുകളുടെ വില്‍പനയില്‍ ചൈനീസ് കമ്പനികളായിരിക്കും ആധിപത്യം പുലര്‍ത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുന്നത് പുതിയ സാധ്യതകളാണ് ഒരുക്കുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയുടെ മൂന്നില്‍ രണ്ടും കൈയടക്കുന്നത് ചൈനീസ് കമ്പനികളാണ്. ഈ വര്‍ഷം അവസാനത്തോടെ രണ്ട് കോടി 5ജി ഫോണുകള്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ വില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ അതിജീവന ക്ഷമതയാണ് കാണിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ധിച്ച പരിശോധനകള്‍ കാരണം ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സാഹര്യമുണ്ടെന്നും ഇത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. സുരക്ഷ ആശങ്കയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനീസ് ടെക്നോളജി കമ്പനികളുടെ പ്രവര്‍ത്തനങ്ങളിലുള്ളത്. ഇന്ത്യക്കാരുടെ ഡാറ്റ ചൈനീസ് കമ്പനികളുടെ കൈവശമാകുന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.

Also Read: ഒക്‌ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് 5ജി ; ഉദ്‌ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കമ്പനികളുടെ മേല്‍ വലിയ സ്വാധീനമാണ് ചൈനീസ് സര്‍ക്കാരിനുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ചൈനീസ് പട്ടാളത്തിന്‍റെ കൈവശം എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള പ്രീതി കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ പരിശോധനകള്‍ക്കിടയിലും പ്രസ്‌തുത കമ്പനികള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെട്ട സ്‌മാര്‍ട്ട്‌ഫോണുകളുടെ എണ്ണം 3 കോടി 64 ലക്ഷമാണ്. ഇതില്‍ 70 ശതമാനവും ചൈനീസ് സ്‌മാര്‍ട്ട്‌ഫോണുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക ചൈനീസ് ബ്രാന്‍ഡുകളും ഇറക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളും 5ജി ഫങ്ഷനുകള്‍ ഉള്ളവയാണ്. അതിനാല്‍ 5ജി ഇന്ത്യയില്‍ പ്രാബല്യത്തിലാകുന്ന സമയത്ത് ഈ ഫോണുകള്‍ക്ക് പ്രിയം വര്‍ധിക്കാനാണ് സാധ്യത.

അതേസമയം പല ചൈനീസ് കമ്പനികളും അവരുടെ ഉത്പാദന യൂണിറ്റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റി ഈജിപ്‌ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് സ്ഥാപിക്കുമെന്നാണ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വിവേചനപരമായ നടപടികളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ മൊബൈല്‍ഫോണുകളുടെ ഉത്‌പാദനം ഇന്ത്യയില്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് രാജ്യത്ത് ഉത്‌പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.