ETV Bharat / bharat

ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക... എങ്ങും കടുത്ത നിയന്ത്രണങ്ങള്‍

author img

By

Published : Apr 19, 2021, 10:45 AM IST

Updated : Apr 19, 2021, 1:05 PM IST

covid in india  travel restrictions across india  india travel ban  corona crisis  കൊവിഡ് രണ്ടാം തരംഗം  നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍  കൊവിഡ്  കൊറോണ വൈറസ്
കൊവിഡ് രണ്ടാം തരംഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ യാത്രാ നിബന്ധനകളും, കൊവിഡ് പരിശോധനയും മിക്ക സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാവുമ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. കൊവിഡ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്‌ട്ര, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഗുജറാത്ത്,ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‌ഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

കേരളം

അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വരുന്നതിന് 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധന നടത്തി ഫലം വരുന്നതുവരെ ക്വാറന്‍റൈയിനിലും കഴിയണം. ആര്‍ടി പിസിആര്‍ നടത്താത്തവരാണെങ്കില്‍ 14 ദിവസം ക്വാറന്‍റൈയിനില്‍ കഴിയണം.

കൂടുതല്‍ വായനയ്‌ക്ക്; പുറത്തുനിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധം

കര്‍ണാടക

കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂര്‍ സാധുത മാത്രമേ ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടായിരിക്കുകയുള്ളൂ. അടിയന്തര സാഹചര്യങ്ങളില്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും അതിര്‍ത്തികളില്‍ വച്ച് യാത്രക്കാര്‍ പരിശോധനയ്‌ക്ക് വിധേയരാവണം. വിമാനത്താവളത്തിലും, റെയില്‍വെ സ്റ്റേഷനിലും കൊവിഡ് പരിശോധന നടത്തും. എന്നാല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈയിന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

തമിഴ്‌നാട്

വിദേശത്ത് നിന്നും, ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസത്തിലധികം തങ്ങുന്നവര്‍ക്കാണ് ഈ നിബന്ധന.

ആന്ധ്ര പ്രദേശ്

ആന്ധ്ര അതിര്‍ത്തികളില്‍ പരിശോധന സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടില്ല. ചില അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം പോലുമില്ലാത്ത അവസ്ഥയാണ്. തദ്ഫലമായി കര്‍ണാടക, തമിഴ്നാട്, ഒഡിഷ അതിര്‍ത്തികളില്‍ നിന്ന് ആളുകള്‍ യാതൊരു പരിശോധനയുമില്ലാതെ സംസ്ഥാനത്തേക്കെത്തുകയാണ്,

തെലങ്കാന

കൊവിഡ് കേസുകള്‍ കൂടുന്നതിനനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തെലങ്കാനയിലെത്തുന്ന യാത്രക്കാരെ മുഴുവന്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച ഏതാനും സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

മഹാരാഷ്‌ട്ര

നിലവില്‍ മഹാരാഷ്‌ട്രയിലേക്ക് യാത്രകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ ഔറംഗാബാദ്, ജാല്‍ഗോണ്‍ എന്നീ ജില്ലാ ഭരണകൂടങ്ങള്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്‌ട്രയിലാണ്.

കൂടുതല്‍ വായനയ്‌ക്ക്; മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ്

ഗുജറാത്ത്

സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ബിഹാര്‍

മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനമുള്ളൂ. റിപ്പോര്‍ട്ട് കൈവശമില്ലാത്തവരാണെങ്കില്‍ വിമാനത്താവളങ്ങളിലും, റെയില്‍വെ സ്റ്റേഷനിലും പരിശോധനയ്‌ക്ക് വിധേയരാവണം. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.

ജാര്‍ഖണ്ഡ്

സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍റുകള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന ശരീരോഷ്‌മാവ് രേഖപ്പെടുത്തുന്നവരെ ആന്‍റിജന്‍ പരിശോധനയ്‌ക്ക് വിധേയമാക്കും.

രാജസ്ഥാന്‍

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. അതിര്‍ത്തികളിലെ ഉദ്യോഗസ്ഥന്മാരെ ഈ റിപ്പോര്‍ട്ടുകള്‍ കാണിക്കണം.

മധ്യപ്രദേശ്

സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന യാത്രക്കാര്‍ ഏഴ് ദിവസത്തെ ക്വാറന്‍റൈയിനില്‍ കഴിയണം. ജില്ലാ അതിര്‍ത്തികളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ച്, ബന്ധവഗഡ്, പന്ന ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ െകാവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലുമെത്തുന്ന സഞ്ചാരികളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രതിദിനം പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ചത്തീസ്‌ഗഡ്

ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചത്തീസ്‌ഗഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ് സര്‍വീസും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്

യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്‌തിരിക്കണം. കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കരുതിയിരിക്കണം.

അതേ സമയം രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് കേസുകള്‍ രണ്ടര ലക്ഷം കടക്കുന്നത്.

കൂടുതല്‍ വായനയ്‌ക്ക്; രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് കൊവിഡ് കേസുകള്‍

Last Updated :Apr 19, 2021, 1:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.