ETV Bharat / bharat

Bharat jodo second phase| രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി; തുടക്കമിടുക അരുണാചലില്‍ നിന്ന്

author img

By

Published : Aug 5, 2023, 9:35 PM IST

rahul gandhi  bharat jodo march  second phase  arunachal pradesh  assam  INDIA  Debabrata Saikia  ഭാരത് ജോഡോ യാത്ര  രാഹുല്‍ ഗാന്ധി  അരുണാചല്‍ പ്രദേശില്‍  അരുണാചല്‍ പ്രദേശ്  ഗുവാഹത്തി  മോദി
Bharat jodo second phase | രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി; തുടക്കമിടുക അരുണാചല്‍ പ്രദേശില്‍ നിന്ന്

വരാനിരിക്കുന്ന സെപ്‌റ്റംബര്‍ മാസത്തിലാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടക്കാനൊരുങ്ങുന്നത് എന്നാണ് വിവരം

ഗുവാഹത്തി: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി പരാവധി ശിക്ഷയ്‌ക്ക് സ്‌റ്റേ നല്‍കിയതിനെ തുടര്‍ന്ന് രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കായി തയ്യാറെടുത്ത് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന സെപ്‌റ്റംബര്‍ മാസത്തിലാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടക്കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്‌ക്കുള്ളിലും ആവേശം ഉണര്‍ത്തുന്നതാണ്.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരമോന്നത നീതിപീഠത്തിന്‍റെ തീരുമാനം ജനാധിപത്യത്തിന്‍റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ മൂല്യവും ജനാധിപത്യത്തിന്‍റെ അടിത്തറയും നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പങ്ക് അദ്ദേഹം ഉയര്‍ത്തി കാണിച്ചു.

ഈ അവസരത്തിലാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ രണ്ടാം വരവിനെ കുറിച്ച് സൂചനകള്‍ നല്‍കിയത്. സെപ്‌റ്റംബര്‍ മാസത്തിന്‍റെ ആദ്യ പകുതിയോടെ യാത്ര ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സൂചന നല്‍കിയത് രാഹുല്‍ ഗാന്ധിയെന്ന് സൈകിയ: 'രാജ്യത്തെ സേവിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പ്രതിജ്ഞാബദ്ധനായിരിക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടുവെങ്കിലും തന്‍റെ ദൗത്യം തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു' - ദേബബ്രത സൈകിയ പറഞ്ഞു.

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതായുണ്ട്. അരുണാചല്‍ പ്രദേശിലെ പസിഘട്ടില്‍ നിന്ന് യാത്ര ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന വിവരം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൈവിധ്യമായ സംസ്‌കാരത്തെയും സമൂഹത്തെയും മനസിലാക്കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാത്രമല്ല, ഓഗസ്‌റ്റ് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് ചേരാനിരിക്കുന്ന യോഗത്തെകുറിച്ചും സൈകിയ ചില സൂചനകള്‍ നല്‍കി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ടയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ പ്രതിപക്ഷം തീക്ഷ്‌ണമായി ഒരുങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അതേസമയം, വെള്ളിയാഴ്‌ചയാണ് സുപ്രീം കോടതി രാഹുല്‍ ഗാന്ധിയുടെ ശിക്ഷയ്‌ക്ക് സ്‌റ്റേ നല്‍കിയത്. കഴിഞ്ഞ ദിവസം വിധി പ്രസ്‌താവിക്കുന്നതിനിടെ വിചാരണ കോടതിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്‌തു. ഇതോടെ വിലക്ക് നീങ്ങി രാഹുല്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്. ഇതിന്‍മേല്‍ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.