ETV Bharat / bharat

'മോദിയും അദാനിയും ഒന്ന്' ; ബിജെപിക്കെതിരെ ആഞ്ഞടിച്ചും പ്ലീനറി സമ്മേളനവേദിയെ കോരിത്തരിപ്പിച്ചും രാഹുല്‍ ഗാന്ധി

author img

By

Published : Feb 26, 2023, 4:10 PM IST

Updated : Feb 26, 2023, 4:18 PM IST

Rahul Gandhi about BJP and Adani  BJP and Adani on Congress Plenary Session  Congress Plenary Session  We will continue to ask questions in Parliament  സത്യം പുലരുന്നത് വരെ ചോദ്യം  ചോദ്യം ഉയര്‍ത്തിക്കൊണ്ടിരിക്കും  ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി  അദാനി വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രസംഗം  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി  രാഹുല്‍  ഭാരത് ജോഡോ യാത്ര  യാത്ര  ഭാരത് ജോഡോ
ബിജെപിക്കെതിരെ ആഞ്ഞടിച്ചും പ്രവര്‍ത്തകരെ കോരിത്തരിപ്പിച്ചും രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും ഒന്നാണെന്നും, വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രസംഗം ഒഴിവാക്കിയാലും സത്യം പുലരുന്നത് വരെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നുമറിയിച്ച് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

റായ്‌പൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയും ശതകോടീശ്വരന്‍ ഗൗതം അദാനിയും ഒന്നാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതുകൊണ്ടുതന്നെ സത്യം പുറത്തുവരുന്നത് വരെ അദാനിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും രാഹുല്‍ അറിയിച്ചു. ഗൗതം അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുമ്പോഴും പാര്‍ലമെന്‍റില്‍ അദാനിയെ ഉന്നംവച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ 85ാം പ്ലീനറി സമ്മേളനവേദിയെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു രാഹുലിന്‍റെ മറുപടി

ചോദ്യം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ല : പ്രധാനമന്ത്രിക്കും അദാനിക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ പ്രസംഗങ്ങള്‍ തന്നെ ഒഴിവാക്കി. അദാനിജിയെക്കുറിച്ചുള്ള സത്യം പുറത്തുവരുന്നത് വരെ ഒരായിരം തവണ ഞങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും. അത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ പ്രവര്‍ത്തകരുടെ കയ്യടിക്കിടെ അറിയിച്ചു. അദാനി അദ്ദേഹത്തിന്‍റെ കമ്പനി ഉപയോഗിച്ച് രാജ്യത്തെ ബുദ്ധിമുട്ടിക്കുകയാണ്. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യം കട്ടുമുടിക്കുന്നവന്‍ : ഇന്ന് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമെന്നത് എല്ലാ തുറമുഖങ്ങളും സമ്പത്തും അപഹരിച്ചുകൊണ്ടിരിക്കുന്ന ഈ കമ്പനിക്കെതിരെയുള്ളതാണ്. ചരിത്രം ആവർത്തിക്കുകയാണ്. ഈ പോക്ക് രാജ്യത്തിനെതിരാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അതിനെതിരെ അണിനിരക്കുമെന്നും രാഹുല്‍ ഗാന്ധി അദാനി വിഷയത്തില്‍ സ്വരം കടുപ്പിച്ചു. അതേസമയം ഭാരത് ജോഡോ യാത്രയെക്കുറിച്ച് വാചാലനാകാനും രാഹുല്‍ മറന്നില്ല.

'ഹോം കമിങ്' : ഭാരത് ജോഡോ യാത്രയിലൂടെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ എന്‍റെ രാജ്യത്തിനായി ഞാന്‍ നടന്നു. മറ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ഞാനുമായി കൈകോര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങളും അവരുടെ വേദനകളും കേട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2022 സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്ന് ജമ്മു കശ്‌മീരില്‍ പര്യവസാനിക്കുമ്പോള്‍ നാലര മാസക്കാലയളവില്‍ 4000 കിലോമീറ്ററുകളാണ് സഞ്ചരിച്ചത്.

52 വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ കശ്‌മീരിലെത്തിയപ്പോള്‍ എനിക്ക് വീടണഞ്ഞതായാണ് തോന്നിയത്. ഈ യാത്ര പ്രായഭേദമന്യേ എല്ലാ വിഭാഗക്കാരും ഒരു കുടുംബമാണെന്ന് മനസിലാക്കിക്കൊടുക്കാനായിരുന്നു. യാത്രയ്ക്കി‌ടയില്‍ ഒരിക്കല്‍ പോലും ജനങ്ങള്‍ തന്നോട് രാഷ്‌ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിലൂടെ ഏറ്റെടുത്ത 'തപസ്യ' മുന്നോട്ടുകൊണ്ടുപോവാന്‍ പാര്‍ട്ടി ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കണം. താന്‍ ഉള്‍പ്പടെ രാജ്യം മുഴുവനും അതിൽ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാണോ നിങ്ങളുടെ രാഷ്‌ട്രീയം : തൊഴിലില്ലായ്‌മയെയും സാമ്പത്തിക കാര്യങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാവണം രാഷ്‌ട്രീയമെന്നറിയിച്ച് ബിജെപിക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ പൊതുജന പ്രസക്‌തമല്ലാത്ത വിഷയങ്ങളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. തൊഴിലില്ലായ്‌മയെ എങ്ങനെ നേരിടാം, ജിഡിപി എങ്ങനെ ശക്തിപ്പെടുത്താം, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് രാഷ്‌ട്രീയം എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിന്‍റെ പല നേതാക്കള്‍ക്കെതിരെയും റെയ്‌ഡ് നടത്തി. എന്നാല്‍ തങ്ങൾ ശക്തമായി തന്നെ നിലകൊള്ളുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Last Updated :Feb 26, 2023, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.