ETV Bharat / bharat

Olympics in India ഇന്ത്യയിലൊരു ഒളിമ്പിക്‌സ്‌, വേണ്ടത് ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ

author img

By ETV Bharat Kerala Team

Published : Oct 17, 2023, 6:58 PM IST

Olympics in India Eenadu Editorial
Olympics in India Eenadu Editorial

2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ലോക കായികമേളയില്‍ നമ്മുടെ സ്ഥാനം അടയാളപ്പെടുത്താന്‍ ലോക ചാമ്പ്യന്‍മാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ആവശ്യമായ നടപടികൾ നാം ഉടൻ കൈക്കൊണ്ടു തുടങ്ങണം. ഈ നാടു ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം.

രോ നാലു വര്‍ഷം കൂടുമ്പോഴും അത്‌ലറ്റുകളുടെ മിന്നും പ്രകടനത്തിലൂടെയും കാണികളുടെയും സ്പോര്‍ട്സ് പ്രേമികളുടെയും മനം കവരുന്ന പ്രകടനങ്ങളിലൂടെയും ഒളിമ്പിക്സ് ലോകത്തെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാറുണ്ട്. ലോകം ഒരൊറ്റ കുടുംബമാണെന്നുള്ള ("വസുധൈവ കുടുംബകം" ) സങ്കല്‍പ്പത്തിന്‍റെ പൂര്‍ത്തീകരണമാണ് ഒളിമ്പിക്സ് പോലുള്ള മഹാമേളകള്‍. ഒളിമ്പിക്സ് എന്തു വിലകൊടുത്തും ഇന്ത്യയിലെത്തിക്കുമെന്ന ഉറച്ച നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോള്‍ 140 കോടി ഭാരതീയരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കൂടിയാണ് തളിര്‍ക്കുന്നത്.

ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ മുംബൈയില്‍ വെച്ചു നടന്ന ഉച്ചകോടിക്കിടെയാണ് 2036ലെ ഒളിമ്പിക്സ് ഇന്ത്യയില്‍ വെച്ച് നടത്തുമെന്ന ഉറച്ച നിലപാട് മോദി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം പാരീസിലും 2028ല്‍ ലോസ് ഏഞ്ചല്‍സിലും നടക്കുന്ന ഒളിമ്പിക് ഗെയിംസുകള്‍ക്കായി കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയിലാണ് 2032ലെ ഒളിമ്പിക്സ് ഓസ്ട്രേല്യന്‍ നഗരമായ ബ്രിസ്ബേനില്‍ നടക്കുമെന്ന പ്രഖ്യാപനം വന്നത്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് താക്കൂര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുമുണ്ടെന്നുള്ള പ്രഖ്യാപനം ആദ്യമായി നടത്തുന്നത്.

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ് ഒളിമ്പിക്സിന് വേദിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒളിമ്പിക്സിന് വേദിയാകാന്‍ ഇന്തോനേഷ്യ, ജര്‍മ്മനി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മല്‍സരം ഇന്ത്യക്ക് നേരിടേണ്ടിവരും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുകയെന്നത് എന്നെന്നേക്കും നിലനില്‍ക്കുന്ന സ്മാരക സ്വഭാവമുള്ള ബൃഹദ് ദൗത്യമാണ്. അതി ഭീമമായ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരും എന്നതിനപ്പുറം വിപുലമായ പശ്ചാത്തല സൗകര്യ വികസനം, മികച്ച നഗര സൗകര്യങ്ങള്‍, മികച്ച വൈദ്യുതി- കുടിവെള്ള സംവിധാനങ്ങള്‍, മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, എല്ലാറ്റിനുമുപരി മികച്ച ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവയൊക്കെ ഇതിന് ആവശ്യമായി വരും.

ഇരുന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അത്‌ലറ്റുകള്‍ക്കും എണ്ണമറ്റ കാണികള്‍ക്കും ആവശ്യമായ മികച്ച സൗകര്യങ്ങളും ഗെയിംസിന്‍റെ സുഗമമായ നടത്തിപ്പും സാധ്യമാകണമെങ്കില്‍ ഇവയൊക്കെ കൂടിയേ തീരൂ. ഏറ്റവുമൊടുവില്‍ നടന്ന ടോക്കിയോ ഒളിമ്പിക്സിന്‍റെ ചെലവ് ഏതാണ്ട് 58000 കോടി രൂപ എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാല്‍ പിന്നീടത് ഇരട്ടിയായി വര്‍ധിച്ചു. ഇത്തരമൊരു മഹാമേള നടത്തുമ്പോള്‍ സാമ്പത്തിക ജാഗ്രതയും സുതാര്യതയും അനിവാര്യമാണ്.

മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പോലെയുള്ള മുന്‍ അനുഭവങ്ങള്‍ നമുക്കേറെയുണ്ട്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു കൊണ്ടു മാത്രം എല്ലാമായില്ല. ഗെയിംസിലെ മെഡല്‍ക്കൊയ്ത്തിലും മികവ് കാട്ടണം. 2021 ല്‍ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യയുടെ 125 അംഗ സംഘം ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും അടക്കം ഏഴ് മെഡലുകളുമായാണ് തിരികെയെത്തിയത്. ഈ മികച്ച പ്രകടനം മെഡല്‍പ്പട്ടികയില്‍ നാല്‍പ്പത്തിയെട്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കി.

അമേരിക്കയും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ആതിഥേയരായ ജപ്പാന്‍ 27 സ്വര്‍ണ്ണവും 14 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കി മൂന്നാമതെത്തി. ഇവിടെയാണ് ഇന്ത്യയുടെ ഒളിമ്പിക് മോഹങ്ങളുടെ ആഴം വെളിപ്പെടുന്നത്. ജപ്പാനേക്കാള്‍ പത്തിരട്ടി ജനസംഖ്യയുള്ള ഇന്ത്യ 2024 പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേട്ടം രണ്ടക്കത്തിലെത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്. സാഫ് ഗെയിംസിലൊക്കെ ഇന്ത്യ ആധിപത്യം തുടരുന്നുണ്ടെങ്കിലും നമ്മുടെ ഒളിമ്പിക്സ് പ്രകടനം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

ഒളിമ്പിക്സ് പോലുള്ള ലോക കായിക മാമാങ്കത്തില്‍ കേവലം ആതിഥേയ രാജ്യമായതു കൊണ്ട് കാര്യമില്ല. കായിക മികവ് കൂടി പ്രകടമാക്കണം. ഒളിമ്പിക്സില്‍ ഇന്ത്യയൊരു വന്‍ കായിക ശക്തിയാണെന്ന് വിളംബരം ചെയ്തു കൊണ്ട് നമ്മുടെ ത്രിവര്‍ണ്ണ പതാക മെഡല്‍ സെറിമണികളില്‍ ഉയര്‍ന്നു പറക്കണം. ഇത് കൈവരിക്കണമെങ്കില്‍ കായിക പ്രതിഭകളെ കണ്ടെത്തുന്നതിലും സമഗ്രമായ പരിശീലനം നല്‍കുന്നതിനും കരുത്തുറ്റ അടിത്തറയിടേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തിന്‍റെ കായിക അഭിമാനം തന്നെ കളഞ്ഞു കുളിക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുഴുവന്‍ സമയ സിഇഒയെ വെച്ചില്ലെന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ആരോപിക്കുന്നു. ഇരു സംഘടനകളും തമ്മിലുള്ള ഭിന്നത എത്രത്തോളം രൂക്ഷമാണെന്ന് സമീപ കാലത്തെ വിവാദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ ഐഒസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2025ല്‍ നടന്നേക്കാം. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ നടന്നേക്കാം. വേദി അനുവദിച്ചു കിട്ടിയാലും ഇല്ലെങ്കിലും ഒളിമ്പിക് വേദിയില്‍ നമുക്കും ചാമ്പ്യന്‍മാരെ സൃഷ്ടിക്കാനുളള കൃത്യമായൊരു പദ്ധതി ഉടനെ തുടങ്ങാനാവണം. പ്രൈമറി സ്കൂളുകള്‍ മുതല്‍ സ്പോര്‍ട്സ് സര്‍വ്വകലാശാലകള്‍ വരെ എത്തുന്ന വ്യക്തമായൊരു സ്പോര്‍ട്സ് പദ്ധതി വേണം. കായിക പരിശീലകരുടെ കുറവ് നികത്തണം. ദേശ വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സ്പോര്‍ട്സ് പരിശീലനത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കണം.

ലോകോത്തര പരിശീലകരെ കണ്ടെത്തണം. പ്രതിഭയുള്ള ഭാവിയുടെ വാഗ്ദാനങ്ങളായ താരങ്ങളെ കണ്ടെത്തി അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കി മികവുറ്റ താരങ്ങളായി വളര്‍ത്തിയെടുക്കണം. അതിനെല്ലാമുപരി ഒളിമ്പിക് സ്റ്റേഡിയങ്ങള്‍ രാജ്യത്തിന്‍റെ ഖജനാവ് കാര്‍ന്നു തിന്നുന്ന വെള്ളാനകളായി മാറാതിരിക്കാന്‍ ഗെയിംസിന് ശേഷം അവ എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം.

ഈ നാടു ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.