ETV Bharat / bharat

കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; പ്രതികളെ ഒഡിഷയിലെത്തി പിടികൂടി കേരള പൊലീസ്

author img

By

Published : Jul 1, 2023, 5:58 PM IST

odisha Cannabis case  Kerala police nabs Ganja mafia gang in Odisha  കേരളത്തിലേക്ക് കഞ്ചാവ് കടത്ത്  കേരള പൊലീസ്  കേരള പൊലീസ് വാര്‍ത്തകള്‍  ഒഡിഷ വാര്‍ത്തകള്‍  ഒഡിഷ പ്രധാന വാര്‍ത്തകള്‍  Kerala police news updates  latest news in Kerala police
കേരളത്തിലേക്ക് കഞ്ചാവ് കടത്ത്

ഒഡിഷയിലെ കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടി കേരള പൊലീസ്. പ്രതികളെ കസ്റ്റഡിയിലെടുത്തത് കേരളത്തില്‍ പിടികൂടിയ കഞ്ചാവിന്‍റെ അന്വേഷണത്തിനൊടുവില്‍.

ഭുവനേശ്വർ: ഒഡിഷയിലെ ഗജപതി ജില്ലയിലെ വനമേഖലയോട് ചേർന്നുള്ള അഡബയില്‍ കേരള പൊലീസ് സംഘം എത്തിയത് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തേടിയാണ്. പക്ഷേ കേരള പൊലീസിന് പ്രദേശത്തേക്ക് പോലും അടുക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഗജപതി ജില്ലയിലെ കഞ്ചാവ് മാഫിയയുടെ ശക്തിയും പ്രവർത്തനവും. എന്നാല്‍ അവിടെ സഹായത്തിനായി ഒരു മലയാളിയുണ്ടായിരുന്നു. സ്ഥലം പൊലീസ് സൂപ്രണ്ട് സ്വാതി എസ്‌ കുമാർ. പിന്നെയെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു.

ഒഡിഷ പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് സംഘം പിടികൂടിയത് ഒഡിഷയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് മാഫിയ ഗ്രൂപ്പിനെയാണ്. അതിന്‍റെ നേതാവ് ഗഞ്ച റാണി എന്നറിയപ്പെടുന്ന നമിതയെ കേരള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇവരുടെ സഹായി അരുൺ നായിക്കിനെയും പിടികൂടിയിട്ടുണ്ട്. അഡബ, ചൂധംഗ്‌പൂർ ഗ്രാമങ്ങളിൽ റെയ്‌ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

കേരള പൊലീസ് ഒഡിഷയിലേക്ക്: തൃശൂർ ജില്ലയിലെ നെടുപുഴ പൊലീസ് സാജൻ തോമസ് എന്നയാളിൽ നിന്ന് 221 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അതോടൊപ്പം മറ്റ് അഞ്ച് പേരെയും കഞ്ചാവ് കേസില്‍ പിടികൂടിയിരുന്നു. ഇവർ ഫോൺ വഴി പണമിടപാട് നടത്തിയിരുന്നു എന്നും പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രതികൾ ഒഡിഷയിലെ അഡബ സ്റ്റേഷൻ പരിധിയിലുള്ളവരാണെന്ന് കണ്ടെത്തി. ഈ കേസുമായി ബന്ധമുള്ളവരെ തേടിയാണ് തൃശൂർ ജില്ലയില്‍ നിന്നുള്ള പൊലീസ് സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചത്.

കഞ്ചാവിന്‍റെ തലസ്ഥാനം: ഗജപതി ജില്ലയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് ഒഡിഷ പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ കഞ്ചാവ് കച്ചവടത്തിന്‍റെ വേരുകൾ ഗജപതി മുതൽ കേരളം വരെ നീളുന്നുണ്ട്. കേരളത്തില്‍ വച്ച് അറസ്റ്റിലായ സാജൻ തോമസ് ഒഡിഷയിലെ കഞ്ചാവ് മാഫിയയുടെ ഭാഗമായ നമിതയെ വിവാഹം കഴിച്ചതോടെയാണ് ബന്ധം അന്തർസംസ്ഥാന തലത്തിലേക്ക് വളർന്നത്.

അഡബ മേഖലയിലെ കഞ്ചാവ് മാഫിയ തലവനായിരുന്ന രാധാകാന്തിന്‍റെ മകളാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ള നമിത എന്നാണ് പൊലീസ് പറയുന്നത്. ഇവരുമായി ബന്ധമുള്ളതും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതുമായി നിരവധി പേരുണ്ടെന്നും ഇവർക്കായി കൂടുതല്‍ അന്വേഷണം നടത്തുമെന്നും തൃശൂർ പൊലീസ് അറിയിച്ചു.

വടകരയിലും സമാന സംഭവം: ഏതാനും ദിവസം മുമ്പാണ് വടകരയില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ്‌ ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്‍റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

also read: cannabis seized | വടകര റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ്, മാഹിയില്‍ എംഡിഎംഎ: ലഹരി കടത്തില്‍ അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.