ETV Bharat / bharat

Karnataka Govt | സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ സിദ്ധരാമയ്യ സര്‍ക്കാര്‍

author img

By

Published : Jun 20, 2023, 10:51 PM IST

Karnataka CM  track down origin of fake news campaigns  origin of fake news  Siddaramaiah  fake news campaigns  വ്യാജ വാർത്തകൾ  കർണാടക സർക്കാരിനെതിരെ വ്യാജ വാർത്തകൾ  സിദ്ധരാമയ്യ  വ്യാജ വാർത്തകൾക്കെതിരെ നടപടി
fake news campaigns

കർണാടക സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇതിന്‍റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകയിൽ വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്താൻ അധികാരികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് പുതിയ കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരവിനെ കുറിച്ച് സിദ്ധരാമയ്യ സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി വിശദമായ ചർച്ച നടത്തിയിരുന്നു. 2013ൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ധാരാളമായി പ്രചരിച്ചിരുന്നു. ഇപ്പോഴും അതേ തന്ത്രമാണ് രാഷ്‌ട്രീയ എതിരാളികൾ പയറ്റുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ഈ വ്യാജ വാർത്ത പ്രചാരണം. കൂടുതൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ അത് സമൂഹത്തിൽ അശാന്തി സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം പ്രവണതകളുടെ വേരുകൾ തുടക്കത്തിൽ തന്നെ വെട്ടിമാറ്റാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടു.

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പശുവിന്‍റെ മാംസം കടത്തൽ തുടങ്ങിയ വാർത്തകളാണ് എതിർ പാർട്ടികൾ ഭരണകൂടത്തിനെതിരെ പ്രചരിപ്പിക്കുന്നത്. എന്നാൽ ജനങ്ങൾ ബിജെപിയേയും സംഘപരിവാറിനേയും നിഷ്‌കരുണം തള്ളിക്കളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ നടക്കുന്ന ഈ സമയത്ത് വ്യാജവാർത്തകളിലൂടെ കലാപമുണ്ടാക്കുന്നതിനും ഗ്രൂപ്പുകൾ തമ്മിൽ സംഘട്ടത്തിനും ശ്രമം നടത്തുന്നതായാണ് സൂചനകൾ ലഭിക്കുന്നതെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

നേരത്തെ, ബംഗളൂരു പൊലീസ് കമ്മിഷണറേറ്റിലും സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഒരു പ്രത്യേക സംഘം വ്യാജവാർത്തകൾ കണ്ടെത്തി വസ്‌തുതാ പരിശോധന നടത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബിജെപി അധികാരത്തിലെത്തിയതോടെ ഇത് നിർത്തിവച്ചു. ഈ പ്രവർത്തനം വീണ്ടും പുനരാരംഭിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിദേശം നൽകി. കൂടാതെ വ്യാജ വാർത്തകൾ കണ്ടെത്തി മാസാടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാൻ സൈബർ പൊലീസിന് സിദ്ധരാമയ്യ നിർദേശം നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ശക്തി പദ്ധതി : ഒരാഴ്‌ച മുൻപാണ് കർണാടകയിലെ സ്‌ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നടത്താനുള്ള ശക്‌തി പദ്ധതി സർക്കാർ ഉദ്‌ഘാടനം ചെയ്‌തത്. ശക്തി പദ്ധതിയുടെ ലോഗോ പ്രകാശനവും ശക്തി സ്‌മാർട്ട് കാർഡ് വിതരണവും ചടങ്ങിൽ സിദ്ധരാമയ്യ നിർവഹിച്ചു. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഉദ്‌ഘാടന ശേഷം മുഖ്യമന്ത്രിയും ഡി കെ ശിവകുമാറും ബസിൽ യാത്ര ചെയ്‌തു. കർണാടകയിൽ സ്ഥിരതാമസക്കാരായ സ്‌ത്രീകൾക്കാണ് സംസ്ഥാന പരിധിക്കുള്ളിൽ സൗജന്യ ബസ് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിലാണ് ആനുകൂല്യം ലഭിക്കുക.

കൂടാതെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ കര്‍ണാടക അതിര്‍ത്തി വരെയും സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പറഞ്ഞതിൽ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു ശക്തി പദ്ധതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.