കുറഞ്ഞ കാഴ്‌ച ദൂരത്തില്‍ വിമാനം പറത്താന്‍ വിദഗ്‌ധരില്ല ; എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും പിഴ

author img

By ETV Bharat Kerala Desk

Published : Jan 18, 2024, 10:50 AM IST

DGCA fined Air India and Spice jet  No qualified Piolets  for operating flights on fog  എയര്‍ ഇന്ത്യയ്ക്കും സ്പൈസിനും പിഴ

DGCA fined Air India and Spice jet: പിഴയുമായി ഡിജിസിഎ. എയര്‍ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനുമാണ് ഇക്കുറി പിഴ ഇട്ടത്. യോഗ്യതയുള്ള വൈമാനികരെ നിയമിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി.

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും പിഴയിട്ട് വ്യോമയാന ഡയറക്‌ടറേറ്റ്. മുപ്പത് ലക്ഷം രൂപ വീതമാണ് ഇരുവിമാനക്കമ്പനികള്‍ക്കും പിഴയിട്ടിരിക്കുന്നത് (DGCA fined Air India and Spice jet). കുറഞ്ഞ കാഴ്‌ച ദൂരത്തില്‍ വിമാനം നിയന്ത്രിക്കാന്‍ വൈദഗ്‌ധ്യമുള്ള വൈമാനികരെ നിയോഗിക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനാണ് നടപടി (No qualified Piolets for operating flights on fog).

ഡിസംബറില്‍ വിമാനം വൈകിയതിനും റദ്ദാക്കിയതിനും തിരിച്ച് വിട്ടതിനുമുള്ള കാരണം കാണിക്കല്‍ വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. പ്രസ്‌തുത കമ്പനികളില്‍ CATII/III LVTO യോഗ്യതകളുള്ള വൈമാനികര്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുറഞ്ഞ കാഴ്‌ച ദൂര പരിധിയില്‍ വിമാനം നിയന്ത്രിക്കുന്നതിനുള്ള യോഗ്യതയാണ് CATII/III. കുറഞ്ഞ കാഴ്‌ച പരിധിയില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള യോഗ്യതയാണ് LVTO.

കുറഞ്ഞ കാഴ്‌ച പരിധിയില്‍ വിമാനം നിയന്ത്രിക്കാനുള്ള വൈമാനികരെ നിയോഗിക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്ന് ഈ മാസം ആദ്യം ഡിജിസിഎ നോട്ടിസ് നല്‍കിയിരുന്നു. ഡിസംബര്‍ അവസാനം ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം മിക്ക വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുകയോ ചെയ്‌ത പശ്ചാത്തലത്തിലായിരുന്നു അധികൃതര്‍ കാരണം തേടിയത്.

ഡിസബംര്‍ 25നും 28നുമിടയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ സേവനങ്ങളില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അറുപതോളം വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ യാത്രികര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവള അധികൃതര്‍ക്കും വ്യോമയാന ഡയറക്‌ടറേറ്റും വ്യോമയാന സുരക്ഷ വിഭാഗവും പിഴയിട്ടിരുന്നു. മുംബൈ വിമാനത്താവളത്തിന് 90 ലക്ഷം രൂപ പിഴ കിട്ടിയപ്പോള്‍ ഇന്‍ഡിഗോയ്ക്ക് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടി വന്നിട്ടുള്ളത്. തൊട്ടടുത്ത് നിന്ന് നിരന്തരം വിമാനങ്ങള്‍ പറന്നുയരുകയും വന്നിറങ്ങുകയും ചെയ്യുന്ന സ്ഥലത്ത് യാത്രക്കാരെ അനുവദിക്കുക വഴി വിമാനത്താവളത്തിനും യാത്രികര്‍ക്കും സുരക്ഷ ഭീഷണിയുണ്ടായെന്നാണ് അധികൃതരുടെ നിലപാട്.

ഇതിന് പുറമെ യാത്രികരെ സുരക്ഷ പരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നും വിമര്‍ശനമുണ്ട്. യാത്രക്കാര്‍ക്ക് മതിയായ സൗകര്യം ഒരുക്കുന്നതിലും അധികൃതര്‍ക്ക് വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നു.

Also Read: ഇന്‍ഡിഗോയ്ക്ക് 1.20 കോടിരൂപ പിഴയിട്ട് വ്യോമയാന സുരക്ഷാബ്യൂറോ ; മിയാലിന് 60 ലക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.