ETV Bharat / bharat

രാത്രിയിലെ രാഷ്ട്രീയക്കളി പൊളിഞ്ഞു; ഇനി 'മഹാ' ത്രികക്ഷി സഖ്യ ഭരണം

author img

By

Published : Nov 26, 2019, 7:40 PM IST

Updated : Nov 26, 2019, 8:00 PM IST

maharastra
രാത്രിയിലെ രാഷ്ട്രീയക്കളി പൊളിഞ്ഞു; ഇനി ത്രികക്ഷി സഖ്യ ഭരണം

ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. എൻസിപി- ശിവസേന- കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്തുമെന്നും ബിജെപി പ്രതിപക്ഷത്തിരിക്കുമെന്നും പ്രഖ്യാപനം വന്നുകഴിഞ്ഞു.

മുംബൈ; സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് താല്‍ക്കാലിക സമാപനം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്ന ഉദ്ധവ് താക്കറെയ്ക്ക് ഒരു രാത്രികൊണ്ടാണ് സ്ഥാനം നഷ്ടമായത്. നവംബർ 22ന് വൈകിട്ട് ആറരയ്ക്ക് ശിവസേന-എൻസിപി- കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനുള്ള പൊതുമിനിമം പരിപാടി ചർച്ച ചെയ്ത ശേഷം, 23ന് പുലർച്ചെ നടന്നത് ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയാണ്. എൻസിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയും ഗവർണറും എല്ലാ സർക്കാർ സംവിധാനങ്ങളും അതിനായി ഉണർന്നിരുന്നു. മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കാനിരുന്ന ത്രികക്ഷി സഖ്യം മാത്രമല്ല, ദേശീയ രാഷ്ട്രീയം മുഴുവൻ ദേവേന്ദ്ര ഫട്‌നാവിസിന്‍റെ സത്യപ്രതിജ്ഞാ വാർത്തയറിഞ്ഞ് ഞെട്ടി. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഫട്‌നാവിസിനെ ക്ഷണിച്ച ഗവർണർ ഭഗത് സിങ് കോഷിയാരിയും രാഷ്ട്രപതി ഭരണം പിൻവലിക്കാൻ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച പ്രധാനമന്ത്രിയും ഈ രാജ്യത്തിന് സമ്മാനിച്ചത് പുതിയ ജനാധിപത്യ രീതികളാണ്.

  • #WATCH Mumbai: NCP workers raise slogan of "Maharashtra cha ekch wagh, Sharad Pawar Sharad Pawar" (There is only one tiger in Maharashtra, Sharad Pawar Sharad Pawar) upon the arrival of party chief Sharad Pawar at Trident Hotel, for NCP-Shiv Sena-Congress joint meeting. pic.twitter.com/7JhtbnsiJV

    — ANI (@ANI) November 26, 2019 " class="align-text-top noRightClick twitterSection" data=" ">

പക്ഷേ ദേശീയ രാഷ്ട്രീയത്തിലും അതിലുപരി മഹാരാഷ്ട്ര രാഷ്ട്രീയത്തിലും അതി ശക്തനായ ശരദ് പവാർ മാത്രം കുലുങ്ങിയില്ല. സ്വന്തം സഹോദര പുത്രൻ പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയെന്നറിഞ്ഞിട്ടും ഒരു വാക്കുപോലും അധികം പറയാതെ ശിവസേനയെ ശരദ് പവാർ ഒപ്പം ചേർത്തു നിർത്തി. കോൺഗ്രസിന്‍റെ വാക്കുകൾക്ക് അദ്ദേഹം പരിഗണന നല്‍കി. ത്രികക്ഷി സഖ്യമെന്ന മുന്നണി മര്യാദകൾ പവാർ പാലിച്ചു. മറുകണ്ടം ചാടിയ സ്വന്തം എംഎല്‍എമാരെ തിരികെയെത്തിക്കാൻ ഉദ്ധവ് താക്കറെയെന്ന രാഷ്ട്രീയ തന്ത്രജ്ഞനൊപ്പം ചേർന്ന് ശ്രമം തുടങ്ങി. ഒപ്പമുള്ളവരെ റിസോർട്ടുകളിലേക്കും ഹോട്ടലിലേക്കും മാറ്റിപ്പാർപ്പിച്ച ശേഷം ശിവസേനയുമായി ചേർന്ന് വാർത്താ സമ്മേളനം നടത്തിയ ശരദ് പവാർ ഇനിയും തനിക്ക് ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. കളം മാറിയ എംഎല്‍എമാർ ഓരോരുത്തരായി തിരികെയെത്തി.

എൻസിപിയെ പിളർത്താമെന്ന അജിത് പവാറിന്‍റെ സ്വപ്നങ്ങൾക്ക് ശരദ് പവാർ ആദ്യം തടയിട്ടു. പിന്നീട് രാഷ്ട്രീയ ചാണക്യന്‍റെ മികവോടെ കോൺഗ്രസിനെയും ശിവസേനയേും ഒപ്പം പിടിച്ച് സുപ്രീംകോടതിയിലേക്ക്. രാഷ്ട്രീയ ഭാരതം കണ്ണടയ്ക്കാതെ ശരദ് പവാറിന്‍റെ നീക്കങ്ങൾ വീക്ഷിച്ചു. സുപ്രീംകോടതിയില്‍ പ്രത്യേകം അഭിഭാഷകരെ അണിനിരത്തി ശിവസേനയും എൻസിപിയും കോൺഗ്രസും വാദങ്ങൾ നിരത്തി. അതുവരെ രാഷ്ട്രീയ ബുദ്ധിയില്‍ പിന്നിലായിരുന്ന ബിജെപിയെ ശ്വാസം മുട്ടിച്ച് കോടതിയില്‍ വാദങ്ങൾ നിരത്തിയ ത്രികക്ഷി സഖ്യം ആത്മവിശ്വാസം വീണ്ടെടുത്തു. അതോടെ അജിത് പവാറിനൊപ്പം പോയ അവസാന എംഎല്‍എയും ശരദ് പവാറിന്‍റെ പാളയത്തിലേക്ക് തിരികെയെത്തി. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ത്രികക്ഷി സഖ്യത്തിന്‍റെ വാദം നവംബർ 24ന് കേട്ട സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചു. അതിനിടെ അജിത് പവാറിനെതിരായ അഴിമതി കേസുകൾ പിൻവലിച്ച് മുംബൈ പൊലീസിന്‍റെ ആന്‍റി കറപ്ഷൻ ബ്യൂറോ പുതിയ നിലപാട് സ്വീകരിച്ചു. പക്ഷേ ത്രികക്ഷി സഖ്യം വിട്ടുകൊടുത്തില്ല.

'ഞങ്ങൾ 162' എന്ന മുദ്രാവാക്യവുമായി നവംബർ 25ന് ശക്തിപ്രകടനം നടത്തി ബിജെപിയെ വീണ്ടും ഞെട്ടിച്ചു. ഒടുവില്‍ വിശ്വാസവോട്ടെടുപ്പ് നവംബർ 27നകം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ ബിജെപി പാളയത്തില്‍ അവസാന ആയുധവും അവസാനിച്ചു. രഹസ്യ ബാലറ്റ് പാടില്ലെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം അജിത് പവാറും തൊട്ടുപിന്നാലെ ദേവേന്ദ്ര ഫട്നാവിസും രാജിവെച്ചതോടെ മഹാനാടകത്തിന് പര്യവസാനമായി. ഇനി ത്രികക്ഷി സർക്കാർ അധികാരത്തില്‍ വരും. ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. എൻസിപി- ശിവസേന- കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്തുമെന്നും ബിജെപി പ്രതിപക്ഷത്തിരിക്കുമെന്നും പ്രഖ്യാപനം വന്നുകഴിഞ്ഞു.

Intro:Body:Conclusion:
Last Updated :Nov 26, 2019, 8:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.