ETV Bharat / bharat

Asian Games India Performance ചൈനയില്‍ അത്യുജ്ജ്വലം ഇന്ത്യ: പക്ഷേ മെഡല്‍ ദാഹമടക്കാൻ, രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയും ചൈതന്യവും പ്രതിഫലിക്കാൻ ഇനിയും കടമ്പകളേറെ...

author img

By ETV Bharat Kerala Team

Published : Oct 9, 2023, 7:39 PM IST

Asian Games India Performance
Asian Games India Performance

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം തുടങ്ങുന്നത് 1951ലെ ആദ്യ ഏഷ്യാഡില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ്. 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നമ്മള്‍ മൂന്നാം സ്ഥാനത്തെത്തി. അഞ്ചു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളിലായിരുന്നു പിന്നീട് ഇന്ത്യ. അവിടെ നിന്നു തുടങ്ങിയ കുതിപ്പാണ് നൂറിലേറെ മെഡലുകള്‍ എന്ന അവിസ്മരണീയ നേട്ടത്തിലെത്തി നില്‍ക്കുന്നത്. ഈനാട് ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം.

ഹൈദരാബാദ്: ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം രാജ്യത്തിന്‍റെ മാനം കാത്തുവെന്ന് മാത്രമല്ല ഇന്ത്യയ്ക്ക് എന്നെന്നും ഓര്‍ക്കാവുന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്. രാജ്യത്തിന്‍റെ 72 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും അഭിമാനകരമായ നേട്ടം. ആകെ 107 മെഡലുകള്‍ എന്ന നേട്ടം ഇന്ത്യന്‍ താരങ്ങള്‍ അവിടെ യാഥാര്‍ത്ഥ്യമാക്കി. അവയില്‍ത്തന്നെ 28 എണ്ണം സുവര്‍ണ്ണ നേട്ടവും.

ഈ തിളക്കമാര്‍ന്ന പ്രകടനം ഇന്ത്യയെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ പട്ടികയില്‍ അഭിമാനകരമായ നാലാം സ്ഥാനത്തെത്തിച്ചു. നമുക്കു മുന്നിലുള്ളത് ചെനയും ജപ്പാനും ദക്ഷിണ കൊറിയയും മാത്രം. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡല്‍ നേട്ടത്തെ ബഹുദൂരം പിന്നിലാക്കിയ അത്യുജ്വല പ്രകടനം. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും നിശ്ചയ ദാര്‍ഢ്യത്തോടെ കഠിനാധ്വാനം ചെയ്ത ഇന്ത്യന്‍ താരങ്ങളുടെ ആത്മാര്‍പ്പണത്തിന്‍റെ വിജയമാണിത്.

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം തുടങ്ങുന്നത് 1951ലെ ആദ്യ ഏഷ്യാഡില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ്. 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നമ്മള്‍ മൂന്നാം സ്ഥാനത്തെത്തി. അഞ്ചു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളിലായിരുന്നു പിന്നീട് ഇന്ത്യ. അവിടെ നിന്നു തുടങ്ങിയ കുതിപ്പാണ് നൂറിലേറെ മെഡലുകള്‍ എന്ന അവിസ്മരണീയ നേട്ടത്തിലെത്തി നില്‍ക്കുന്നത്. നമ്മുടെ താരങ്ങളുടെ ഉജ്വല പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അമ്പെയ്ത്തില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടിയ ജ്യോതിയും ഓജസ് പ്രവീണും നമ്മുടെ സുവര്‍ണ്ണ താരങ്ങളായി. മികവിലും ഏകാഗ്രതയിലും തങ്ങളെ വെല്ലാന്‍ ആവില്ലെന്ന് തെളിയിച്ച സമാനതകളില്ലാത്ത പ്രകടനമായിരുന്നു ഇവരുടേത്.

ബാഡ്മിന്‍റണില്‍ ഇതാദ്യമായി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെന്ന ചരിത്ര നേട്ടം എഴുതിച്ചേര്‍ക്കുകയായിരുന്നു സ്വാത്വിക്‌സായിരാജ് -ചിരാഗ്ഷെട്ടി സഖ്യം. ടീമെന്ന നിലയില്‍ വീര്യവും ശൗര്യവും ഒത്തിണക്കവും കാഴ്ചവെച്ചു കൊണ്ടാണ് ഇന്ത്യ അമ്പെയ്ത്ത്, കബഡി, ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍, ഷൂട്ടിങ്ങ്, അത്‌ലറ്റിക്സ് ഇനങ്ങളില്‍ മെഡലുകള്‍ നേടിയെടുത്തത്. കാര്യമായ സിസ്റ്റം സപ്പോര്‍ട്ടില്ലാതെയാണ് നമ്മുടെ താരങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

ജക്കാര്‍ത്തയില്‍ 132 സ്വര്‍ണ്ണമടക്കം 289 മെഡലുകള്‍ നേടിയ ചൈന സ്വന്തം രാജ്യത്ത് നടന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 201 സ്വര്‍ണ്ണമടക്കം 383 മെഡലുകളാണ് വാരിക്കൂട്ടിയത്. 13 കോടി ജനങ്ങളുള്ള നമ്മുടെ ബിഹാറിനേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള 12 കോടി ജനങ്ങള്‍ മാത്രമുള്ള ജപ്പാന്‍ 52 സ്വര്‍ണ്ണമടക്കം 188 മെഡലുകളാണ് ഇത്തവണ സ്വന്തമാക്കിയത്. 5 കോടി ജനസംഖ്യയുള്ള നമ്മുടെ ഒറീസയിലേതിന് സമാനമായ ജനസംഖ്യയുള്ള ദക്ഷിണ കൊറിയയാണ് 42 സ്വര്‍ണ്ണമടക്കം 190 മെഡലുകള്‍ നേടിയത്. 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ കായിക മികവിന്‍റെ കാര്യം വരുമ്പോള്‍ തപ്പിത്തടയുകയാണ്.

ലോക കായിക വേദിയിലെ ശക്തരായ ചൈന 1982 മുതല്‍ ഏഷ്യന്‍ ഗെയിംസുകളില്‍ തങ്ങളുടെ സര്‍വ്വ ആധിപത്യം തുടരുകയാണ്. നാടെങ്ങും ജിംനേഷ്യങ്ങള്‍ സ്ഥാപിച്ച് മികവുറ്റ പ്രതിഭകളെ ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ ചൈന പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കായിക രംഗത്തെ ചൈനീസ് വിജയഗാഥക്ക് പിന്നിലെ രഹസ്യവും ഇതുതന്നെ. മെഡല്‍ പട്ടികയില്‍ ചൈനക്കു തൊട്ടു പുറകിലുള്ള ജപ്പാനും ദക്ഷിണ കൊറിയയുമൊക്കെ കായിക രംഗത്ത് കണിശമായ ഇതേ നയം നടപ്പാക്കിയവരാണ്. എല്ലാ സ്കൂളുകളിലും കളിമുറ്റങ്ങളും മൈതാനങ്ങളും ഒരുക്കി കുട്ടികള്‍ക്ക് ചെറുപ്പം തൊട്ട് സ്പോര്‍ട്സിനോട് താല്‍പ്പര്യം വളര്‍ത്തിയെടുക്കുന്ന നയമാണ് ജപ്പാന്‍ നടപ്പാക്കുന്നത്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് ബേസ്ബോളിലും ടെന്നീസിലും മോട്ടോര്‍ സ്പോര്‍ട്സിലും ഗോള്‍ഫിലും മറ്റ് കായിക ഇനങ്ങളിലുമൊക്കെ ഉന്നത പരിശീലനത്തിന് അവര്‍ സൗകര്യം ഒരുക്കുന്നു. അങ്ങനെ ലോക നിലവാരമുള്ള കായികതാരങ്ങള്‍ ഉദയം കൊള്ളുന്നു.

ദക്ഷിണ കൊറിയയും ചൈനയുടേതിന് സമാനമായ സ്പോര്‍ട്സ് പരിശീലനമാണ് പിന്തുടരുന്നത്. ചെറുപ്പം മുതല്‍ അവര്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ കായിക പരിശീലനം നല്‍കുന്നു. അങ്ങനെ തേച്ചുമിനുക്കിയെടുക്കുന്ന കായിക താരങ്ങളാണ് രാജ്യാന്തര കായിക വേദികളില്‍ തിളങ്ങുന്നത്. രാജ്യത്തെ മുഴുവന്‍ പുരുഷന്മാരും 28 വയസ്സിനിടയില്‍ 18 മാസം നിര്‍ബന്ധിത സൈനിക സേവനം ചെയ്തിരിക്കണമെന്ന കര്‍ശന വ്യവസ്ഥ ഒളിമ്പിക്‌സ്‌ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മാത്രം ദക്ഷിണ കൊറിയ ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. ഇതും കായികരംഗത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പുരുഷ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുന്നു.

ഈ രാജ്യങ്ങളുടെ വിജയകഥകളില്‍ നിന്ന് നമുക്ക് കണ്ടെത്താവുന്ന പാഠം അവിടങ്ങളിലൊക്കെ താഴേത്തലം മുതല്‍ കായിക വികാസത്തിനായി വളര്‍ത്തിയെടുത്ത ഉറച്ച പശ്ചാത്തല സൗകര്യങ്ങളുണ്ട് എന്നതാണ്. സ്പോര്‍ട്സ് രാജ്യത്തിന്‍റെ വളര്‍ച്ചയുടെ ഉരകല്ലാണെന്ന് അവര്‍ കാണുന്നു. ആത്മ വിശ്വാസം വളര്‍ത്താനും സ്പോര്‍ട്സ് മികവ് ആവശ്യാണെന്ന് ഈ കായിക ശക്തികള്‍ കണക്കാക്കുന്നു. അതു കൊണ്ടു തന്നെ രാജ്യാന്തര കായിക വേദികളില്‍ അവര്‍ക്ക് നിരന്തരം വിജയഗാഥ കുറിക്കാനാവുന്നു.

ഈ മാതൃക പിന്തുടര്‍ന്ന വിജയം വരിക്കാന്‍ ഓരോ സംസ്ഥാനങ്ങളും അത്‌ലറ്റുകള്‍ക്ക് പരിശീലനം നടത്താനുള്ള നല്ല സംവിധാനങ്ങള്‍ ഒരുക്കണം. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, കായിക പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനത്തിനും പ്രോല്‍സാഹനത്തിനും ഇന്‍സെന്‍റീവുകള്‍ നല്‍കണം. സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ള പിന്തുണ കൂടിയുണ്ടെങ്കില്‍ നൈസര്‍ഗിക വാസനകള്‍ ഏറെയുള്ള നമ്മുടെ ജനകോടികള്‍ക്കിടയില്‍ നിന്ന് എണ്ണമറ്റ മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നതില്‍ സംശയം വേണ്ട. ഇത് നമ്മുടെ മെഡല്‍ ദാഹം തീര്‍ക്കുമെന്ന് മാത്രമല്ല, കായിക മികവിന്‍റേതായ ഒരു സംസ്കാരം സൃഷ്ടിക്കും അതു വഴി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയും ചൈതന്യവും പ്രതിഫലിപ്പിക്കും.

ഈനാട് ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.