കേരളം

kerala

'ചിയേഴ്‌സിന് ഇനി വലിയ വില കൊടുക്കണം': സംസ്ഥാനത്ത് മദ്യം കിട്ടും, വില്‌പന നികുതി നാല് ശതമാനമാക്കി

By

Published : Nov 23, 2022, 2:33 PM IST

Updated : Nov 23, 2022, 3:57 PM IST

liquor price hiked

സംസ്ഥാനത്തെ മദ്യ ക്ഷാമത്തിന് പരിഹാരം. മദ്യവിലയില്‍ രണ്ട് ശതമാനം വര്‍ധന. നാല് ശതമാനം വില്പ്പന നികുതി ഏർപ്പെടുത്തും. ഡിസ്റ്റിലറികളുടെ വിറ്റുവരവു നികുതി ഒഴിവാക്കി. ജനുവരി രണ്ടാം വാരത്തോടെ വില വർധന നടപ്പാകും.

തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിനുള്ള വിറ്റുവരവു നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യ ഉത്പാദനം നിര്‍ത്തിവച്ച് സമരത്തിലായിരുന്ന ഡിസ്റ്റലറി ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഡിസ്റ്റലറി ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 5 ശതമാനം വിറ്റുവരവു നികുതി സര്‍ക്കാര്‍ പിന്‍വലിച്ചു. വിറ്റു വരവ് നികുതി പിന്‍വലിക്കുന്നതിലൂടെ ഖജനാവിനുണ്ടാകുന്ന 170 കോടിയുടെ വരുമാന നഷ്ടം ഒഴിവാക്കാന്‍ മദ്യത്തിന് 4 ശതമാനം വില്പ്പന നികുതി ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

വിലകൂടുന്നത് രണ്ട് ശതമാനം: മദ്യത്തിന്റെ നിലവിലെ ചില്ലറവില്‍പ്പന വിലയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. ഉത്പാദന ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ മദ്യ കമ്പനികള്‍ക്കുള്ള 5 ശതമാനം വിറ്റുവരവു നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 14 ഡിസ്റ്റലറികളും മദ്യ ഉത്പാദനം നിര്‍ത്തി വച്ചത്. ഇത് കേരളത്തിലെ മദ്യ ലഭ്യതയെ കാര്യമായി ബാധിച്ചിരുന്നു.

വില കുറഞ്ഞ ജന പ്രിയ ബ്രാന്‍ഡുകള്‍ക്ക് കടുത്ത ക്ഷാമമാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ബിയര്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇത് സംസ്ഥാനത്ത് വ്യാജമദ്യ ലഭ്യതയ്ക്കും മദ്യ ദുരന്തത്തിനും ഇടയാക്കുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.

സ്പിരിറ്റ് ലിറ്ററിന് 74 രൂപയായി വർധിക്കുകയും ഡിസ്റ്റലറികളില്‍ മിനിമം വേതനം നടപ്പാക്കുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും വിറ്റുവരവ് നികുതി ഒഴിവാക്കണമെന്നും മദ്യ കമ്പനികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

നഷ്‌ടം സഹിക്കാതെ സർക്കാർ: ഖജാവിന് 170 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഈ നഷ്ടം നികത്താന്‍ 5 ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് ഡിസ്റ്റലറി ഉടമകള്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ഡിസ്റ്റലറികള്‍ മദ്യ ഉത്പാദനം നിര്‍ത്തി വച്ച ഒരു മാസക്കാലത്ത് ഏകദേശം 450 കോടി രൂപയാണ് ഖജനാവിന് നഷ്ടപ്പെട്ടത്.

നവംബര്‍ 16നു ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യം പരിഗണിച്ചെങ്കിലും ഇതിനായി തയ്യാറാക്കിയ കുറിപ്പില്‍ ധന സെക്രട്ടറിയും എക്‌സൈസ് സെക്രട്ടറിയും വ്യത്യസ്തങ്ങളായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. ഇതോടെ കുറിപ്പിലെ അപാകതകള്‍ പരിഹരിച്ച് പുതിയ കുറിപ്പ് തയ്യാറാക്കാന്‍ മന്ത്രിസഭ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് ഇന്ന് പുതിയ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചത്.

ഡിസ്റ്റലറി ഉടമകള്‍ ഹാപ്പി: പുതിയ നിര്‍ദ്ദേശം പ്രാബല്യത്തിലാക്കാന്‍ വില്പന നികുതി പരിഷ്‌കരണം സംബന്ധിച്ച് അബ്‌കാരി ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമാണ്. ഡിസംബര്‍ 5ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഭേദഗതി പാസാക്കി ജനുവരി രണ്ടാം വാരത്തോടെ തീരുമാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മദ്യ വിതരണം അടിയന്തരമായി പുന:സ്ഥാപിക്കുമെന്ന് ഡിസ്റ്റലറി ഉടമകള്‍ അറിയിച്ചു.

Last Updated :Nov 23, 2022, 3:57 PM IST

ABOUT THE AUTHOR

...view details