കേരളം

kerala

'ഒള്ളുള്ളേരി ഒള്ളുള്ളേരി' പാട്ട് ലോകമറിയണം, താന്‍ തെറ്റ് ചെയ്‌തിട്ടില്ല'; ഭീഷണിയ്‌ക്കിടെ സുധീഷിന് പറയാനുള്ളത്

By

Published : Jan 8, 2022, 9:37 PM IST

Sudheesh Maruthalam about ollulleri ollulleri song  ഒള്ളുള്ളേരി ഒള്ളുള്ളേരി പാട്ടിനെക്കുറിച്ച് സുധീഷ് മരുതളം  കാസർകോട് ഇന്നത്തെ വാര്‍ത്ത  മാവിലര്‍ സമുദായത്തില്‍ നിന്നും ഭീഷണി  ollulleri ollulleri song in Ajagajantharam  Sudheesh Maruthalam on Mavilar cate threats  kasargode todays news  ollulleri ollulleri Nadanpattu
(Special) 'ഒള്ളുള്ളേരി ഒള്ളുള്ളേരി' പാട്ട് ലോകമറിയണം, താന്‍ തെറ്റ് ചെയ്‌തിട്ടില്ല'; ഭീഷണിയ്‌ക്കിടെ സുധീഷിന് പറയാനുള്ളത് ()

വാമൊഴിയായി മാവിലര്‍ സമുദായത്തില്‍ പ്രചരിച്ച പാട്ട് സിനിമയ്‌ക്ക് പരിചയപ്പെടുത്തിയതോടെയാണ് സുധീഷ് മരുതളത്തിന് സ്വന്തം സമുദായത്തില്‍ നിന്നും ഭീഷണിയുയര്‍ന്നത്

കാസർകോട്:'ഒള്ളുള്ളേരി ഒള്ളുള്ളേരി' എന്ന വരികളില്‍ ആരംഭിക്കുന്ന പാട്ട് ഒരുവട്ടമെങ്കിലും പാടാത്തവര്‍ വിരളമായിരിക്കും. ആദിവാസി മാവിലര്‍ സമുദായത്തിന്‍റെയിടയില്‍ വാമൊഴിയായി പ്രചരിച്ചതാണ് ഈ വരികള്‍. ഇതുപിന്നീട് പൊതുസമൂഹവും ഏറ്റെടുക്കുകയുണ്ടായി.

'ഒള്ളുള്ളേരി' പാട്ട് 'അജഗജാന്തരം' സിനിമയ്‌ക്ക് ശേഖരിച്ച് നല്‍കിയതിന് കലാകാരന്‍ സുധീഷ് മരുതളത്തിന് ഭീഷണി.

നാടുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കലോത്സവങ്ങളില്‍ നാടന്‍ പാട്ടിനും സംഘനൃത്തത്തിനും ഈ വരികള്‍ ഉപയോഗിച്ചുവരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത് ആന്‍റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തി അടുത്തിടെ പുറത്തിറങ്ങിയ അജഗജാന്തരം സിനിമയിലും ഈ പാട്ട് ഉപയോഗിക്കുകയുണ്ടായി. വാമൊഴിയായി തെറ്റായ വരികളിലൂടെ പ്രചരിച്ച പാട്ടിന്‍റെ, യഥാര്‍ഥ വരികള്‍ ശേഖരിച്ച് സിനിമയ്‌ക്ക് നല്‍കിയത് ബേദടുക്ക സ്വദേശി സുധീഷ് മരുതളമാണ്.

പ്രകോപനത്തിന് കാരണം ഡി.ജെ മിക്‌സിങും ദൃശ്യങ്ങളും

തന്‍റെ സമുദായത്തിന്‍റെ പാട്ട് ലോകമറിയട്ടെ എന്നുകരുതിയാണ് സുധീഷ് ഇക്കാര്യം ചെയ്‌തത്. എന്നാല്‍, സംഗതി ആകെ തകിടം മറിഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സിനിമയില്‍ ഡി.ജെ റീമിക്‌സ് ചേര്‍ത്താണ് പാട്ടിറക്കിയത്. പുതിയ കാലത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് മിനുക്കിയെടുത്ത പാട്ട് ആളുകള്‍ ഏറ്റെടുത്തു. അതിന്‍റെ സന്തോഷത്തില്‍ കഴിയവെയാണ് സ്വന്തം സമുദായംഗങ്ങള്‍ സുധിഷിനെതിരെ രംഗത്തെത്തിയത്.

പാട്ടിനെ കൊന്നുവെന്ന് പറഞ്ഞാണ് പ്രധാന ഭീഷണി. ഡി.ജെ മിക്‌സിങും പാട്ടിലുള്ള മദ്യപാനവും പുകവലിയുമാണ് ഇവരെ പ്രകോപിപ്പിച്ചത്. സമുദായത്തെ ഇകഴ്‌ത്തിക്കാണിച്ചുവെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളിലും ഭീഷണിലും സുധീഷിന് വലിയ അമ്പരപ്പാണുള്ളത്. താനും മാവില സമുദായത്തിലെ അംഗമാണ്. സമുദായത്തെ വേദനിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഭീഷണിയെ അതിജീവിച്ച നിലപാട്

അജഗജാന്തരം സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ സമുദായംഗങ്ങളില്‍ ചിലർ കേസ്‌ നല്‍കിയിട്ടുണ്ട്. അതേസമയം, ഒരു യോഗത്തില്‍ പോലും പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ് സുധീഷ് അഭിമുഖീകരിക്കുന്നത്. സമുദായത്തിലെ യൂത്ത് വിങിലെ അംഗങ്ങള്‍ അടക്കമാണ് ഭീണിപ്പെടുത്തുന്നത്. വിവാദത്തെ തുടർന്ന് സിനിമയിൽ നിന്നും പാട്ട് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട്, ഭീഷണിയെ അതിജീവിക്കാനുള്ള ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു സുധീഷും സിനിമ പ്രവര്‍ത്തകരും.

മാവില സമുദായത്തിന്‍റെ മംഗലം കളി പാട്ടിലാണ് ഈ വരികളുള്ളത്. എവിടയും എഴുതിവെച്ചിട്ടില്ല, കുട്ടിക്കാലം മുതലേ കേട്ടു വളർന്നതാണ്. അതുകൊണ്ടുതന്നെ യഥാര്‍ഥ വരികള്‍ സിനിമയ്‌ക്ക് നല്‍കാന്‍ കഴിഞ്ഞു. ഭീഷണി വന്നെങ്കിലും കൂടുതല്‍ ജനങ്ങൾ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് നാടന്‍പാട്ട് കലാകാരനായ സുധീഷ് മരുതളം പറയുന്നു. അതിനിടെ, ഭീഷണികള്‍ക്കിടയില്‍ സ്വന്തം സമുദായത്തില്‍ നിന്നും ചിലർ ഈ യുവാവിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ:പിഎച്ച്ഡി പഠനം, ഒഴിവ് സമയങ്ങളിൽ ചായക്കടയിൽ; അറിയണം ആര്‍ദ്ര എന്ന ഗവേഷകയെ

അജഗജാന്തരം സിനിമയിൽ തന്നെ ഒരു പാട്ട് പാടുകയും സംഗീത സംവിധാനവും രചനയും സുധീഷ് നിർവഹിച്ചിട്ടുണ്ട്. തന്‍റെ സമുദായത്തിന്‍റെ ആചാരങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല. മാവില സമുദായത്തിന്‍റെ ഈ പാട്ട് ലോകം അറിയേണ്ടതുണ്ട്. തെറ്റായിട്ട് ഒന്നും ചെയ്‌തില്ലെന്ന അടിയുറച്ച വിശ്വാസത്തിലാണ് ഈ നിമിഷവും യുവകലാകാരന്‍.

ABOUT THE AUTHOR

...view details