കേരളം

kerala

ISL | മുംബൈ സിറ്റിക്ക് വിജയത്തുടക്കം ; ഗോവയെ മൂന്ന് ഗോളിന് തകര്‍ത്തു

By

Published : Nov 22, 2021, 10:58 PM IST

Igor Angulo  Mumbai City FC beat FC Goa  Mumbai City FC  FC Goa  ISL  ഐഎസ്എല്‍  മുംബൈ സിറ്റി  എഫ്‌സി ഗോവ  ഇഗോള്‍ അംഗൂളോ  യഗോര്‍ കറ്ററ്റാവു

ഐഎസ്എല്ലിൽ (ISL) ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ (FC Goa) നടന്ന മത്സരത്തില്‍ ഇഗോള്‍ അംഗൂളോയുടെ (Igor Angulo) ഇരട്ട ഗോള്‍ നേട്ടമാണ് മുംബൈക്ക് (Mumbai City FC) കരുത്തായത്.

ഫത്തോര്‍ഡ : ഐഎസ്എല്ലിൽ(ISL) നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിക്ക്(Mumbai City FC) വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെയാണ് (FC Goa) എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുംബൈ തകര്‍ത്തത്.

സ്‌പാനിഷ് സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോയുടെ (Igor Angulo) ഇരട്ട ഗോള്‍ നേട്ടമാണ് മുംബൈക്ക് കരുത്തായത്. ബ്രസീല്‍ താരം യഗോര്‍ കറ്ററ്റാവുവാണ് (ygor catatau) ടീമിന്‍റെ പട്ടികയിലെ മറ്റൊരു ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്താന്‍ മുംബൈക്കായിരുന്നു. 33ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് മുംബൈയുടെ ആദ്യ ഗോള്‍ പിറന്നത്. കസ്സിയോ ഗബ്രിയേലിനെ ഗോവന്‍ താരം ഗോണ്‍സാലസ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അംഗൂളോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 36ാം മിനുട്ടില്‍ അംഗൂളോ ഗോവന്‍ വല വീണ്ടും കുലുക്കി. റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ പാസിലാണ് താരം ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിനെ കീഴടക്കിയത്. 45ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ഗോവയ്‌ക്ക് രക്ഷയായി.

76ാം മിനുട്ടിലാണ് ഗോവ മൂന്നാം ഗോളും വഴങ്ങിയത്. കസ്സിയോ ഗബ്രിയേലിന് പകരക്കാനായെത്തി കറ്ററ്റാവുവാണ് ഗോള്‍ നേട്ടം ആഘോഷിച്ചത്. മുംബൈക്കായി കറ്ററ്റാവുവിന്‍റെ ആരങ്ങേറ്റ മത്സരമാണിത്. അഹ്മദ് ജഹുവാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

also read: Cristiano Ronaldo | 'ഭാഗ്യം തുണയ്‌ക്കട്ടെ,നിങ്ങള്‍ അതിന് അർഹനാണ്'; സോൾഷ്യറിനോട് ക്രിസ്റ്റ്യാനോ

അതേസമയം മത്സരത്തിന്‍റെ 56 ശതമാനവും പന്ത് കൈവശംവയ്‌ക്കാന്‍ ഗോവയ്‌ക്കായെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ നടത്താനാവാത്തത് തിരിച്ചടിയായി. മുംബൈ ആറ് തവണ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുകളുതിര്‍ത്തപ്പോള്‍ വെറും ഒരു ശ്രമം മാത്രമാണ് ഗോവ നടത്തിയത്.

ABOUT THE AUTHOR

...view details