കേരളം

kerala

IND VS NZ: റായ്‌പൂരില്‍ രോഹിത്തിന് പിഴച്ചത് അവിടെ മാത്രം; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

By

Published : Jan 23, 2023, 10:39 AM IST

IND VS NZ  Irfan Pathan Huge Remark On Rohit Sharma  Irfan Pathan On Rohit Sharma  Irfan Pathan on Rohit Sharma form  Rohit Sharma  Irfan Pathan  India vs New Zealand  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഇര്‍ഫാന്‍ പഠാന്‍  രോഹിത് ശര്‍മ  രോഹിത് ശര്‍മയുടെ ഫോമില്‍ ആശങ്കവേണ്ടെന്ന് ഇര്‍ഫാന്‍  രോഹിത്തിനെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമില്‍ ആശങ്ക വേണ്ടെന്ന് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ താരത്തിന്‍റേത് മികച്ച പ്രകടനമായിരുന്നുവെന്നും ഇര്‍ഫാന്‍.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. റായ്‌പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിനെ ബോളര്‍മാര്‍ 108 റണ്‍സില്‍ എറിഞ്ഞിട്ടിരുന്നു. മറുപടിക്കിറങ്ങിയ ആതിഥേയരെ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുന്നില്‍ നിന്നും നയിച്ചത്.

50 പന്തില്‍ 51 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഈ പ്രകടനത്തിന് രോഹിത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രോഹിത്തിന്‍റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്ന് ഇര്‍ഫാന്‍ പറഞ്ഞു. മത്സരത്തില്‍ 35കാരന് പറ്റിയ ഏക പിഴവും മുന്‍ താരം ചൂണ്ടിക്കാട്ടി.

"തന്‍റെ പാഡില്‍ പന്തടിച്ചപ്പോള്‍ ഒരു പിഴവ് മാത്രമാണ് രോഹിത് വരുത്തിയത്. അദ്ദേഹത്തിനെതിരെ എല്‍ബിഡബ്ലിയു അപ്പീലുണ്ടായിരുന്നു. അയാൾ ഡിആര്‍എസ് എടുക്കാൻ ആഗ്രഹിച്ചു, പക്ഷേ അതു ചെയ്‌തില്ല.

അതിനു പുറമെ മറ്റെല്ലാകാര്യങ്ങളും അവന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഓഫ് സൈഡിലും ലെഗ് സൈഡിലും നിരവധിയായ അതിശയിപ്പിക്കുന്ന ഷോട്ടുകൾ നമ്മള്‍ കണ്ടു" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഫോമില്‍ ആശങ്ക വേണ്ട: 2021 സെപ്‌റ്റംബറിന് ശേഷം മൂന്നക്കം തൊടാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ താരത്തിന്‍റെ ഫോമില്‍ ആശങ്കവേണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു. "രോഹിത് ശർമ്മയുടെ ഫോമിനെക്കുറിച്ച് നിങ്ങൾ അധികം ആശങ്കപ്പെടേണ്ടതില്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു.

ന്യൂസിലൻഡിനെതിരെ ചേസിങ്ങിനിടെ അദ്ദേഹത്തിന്‍റെ ആദ്യ അർധ സെഞ്ചുറിയാണിത്. ശരിയായ സമയത്ത് തന്നെയാണ് അതുവന്നത്. ബോളര്‍മാര്‍ക്ക് പന്ത് ചലിപ്പിക്കാനാവുന്ന ഇത്തരം സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമാവില്ല.

പക്ഷെ പിന്തുടരേണ്ടത് ചെറിയ സ്‌കോര്‍ ആയിരുന്നുവെന്നതിനാല്‍ സ്‌കോർബോർഡിൽ സമ്മർദമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആ നാഴികകല്ല് നേടാനും അദ്ദേഹത്തിന് കഴിഞ്ഞു." ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ഷമി ഹീറോ:റായ്‌പൂരില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ പേസര്‍മാരാണ് തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ കിവീസിന് തിരിച്ചടി നല്‍കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സിറാജും ഹാര്‍ദികും ശാര്‍ദുലും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ചേര്‍ന്നു.

ഒടുവില്‍ ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്താനും ഷമിയ്‌ക്ക് കഴിഞ്ഞു. ഈ പ്രകടനത്തോടെ മുഹമ്മദ് ഷമി മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് ഓവറില്‍ ഏഴ്‌ റണ്‍സും മാത്രം വിട്ടുകൊടുത്ത് രണ്ട് വീതവും വിക്കറ്റുകള്‍ നേടിയിരുന്നു.

മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്. 40 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്‌മാൻ ഗില്ലും നിര്‍ണായകമായി.

ഒത്തുപിടിച്ചാല്‍ ഒന്നാം സ്ഥാനം: നാളെ (24.01.23) ഇന്‍ഡോറിലാണ് കിവീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നടക്കുക. ഇന്‍ഡോറിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര തൂത്തുവാരാന്‍ കഴിയും. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്‌ക്ക് സാധിക്കും.

ALSO READ:''രോ സൂപ്പർഹിറ്റ് ശർമ, മുംബൈ കാ രാജ'; രോഹിത്തിനെ വാഴ്‌ത്തി ആകാശ് ചോപ്ര

ABOUT THE AUTHOR

...view details