കേരളം

kerala

അനധികൃത വിപണി കാരണം സര്‍ക്കാര്‍ ഖജനാവിന് 58,000 കോടിയിലധികം നഷ്‌ടം ; ഫിക്കി റിപ്പോര്‍ട്ട് പുറത്ത്

By

Published : Sep 22, 2022, 6:12 PM IST

FICCI Report on Illicit market  അനധികൃത വിപണി  പ്രധാനപ്പെട്ട അഞ്ച് വ്യവസായങ്ങളിലെ അനധികൃത വിപണി  how illicit market effect Indian economy  sector which has highest illicit market  ഏറ്റവും കൂടുതല്‍ അനധികൃത മാര്‍ക്കറ്റുള്ള സെക്ടര്‍

2019-20 സാമ്പത്തിക വര്‍ഷത്തെ നഷ്‌ടമാണ് കണക്കാക്കിയത്. പ്രധാനപ്പെട്ട അഞ്ച് വ്യവസായങ്ങളിലെ അനധികൃത വിപണി വരുത്തിവച്ച നികുതി നഷ്‌ടമാണ് ഇത്

ന്യൂഡല്‍ഹി :വ്യാവസായിക രംഗത്തെ അഞ്ച് പ്രധാനമേഖലകളിലെ അനധികൃത വിപണി കാരണം സര്‍ക്കാര്‍ ഖജനാവിന് 2019-20 സാമ്പത്തിക വര്‍ഷം 58,521 കോടി രൂപ നികുതി ഇനത്തില്‍ നഷ്‌ടപ്പെട്ടെന്ന് വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍, പുകയില ഉത്പന്നങ്ങള്‍, മദ്യം,എഫ്‌എംസിജിയിലെ (Fast-moving consumer goods) രണ്ട് മേഖലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വേഗത്തില്‍ വില്‍ക്കപ്പെടുന്ന താരതമ്യേന വില കുറഞ്ഞ പാല്‍, പായ്‌ക്കറ്റ് ഭക്ഷണങ്ങള്‍, വ്യക്തിഗത ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് എഫ്എംസിജി ഗണത്തില്‍ വരുന്നത്.

ഈ അഞ്ച് മേഖലകളിലെ അനധികൃത വിപണി 2019-20ല്‍ 2.60 ലക്ഷം കോടിയുടെ മേലെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനധികൃത വിപണിയുടെ 75 ശതമാനം എഫ്‌എംസിജി മേഖലയാണെന്ന് 'അനധികൃത വിപണി: രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഭീഷണി' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്. വളരെയധികം നിയന്ത്രിക്കപ്പെട്ടതും നികുതി ചുമത്തപ്പെട്ടതുമായ പുകയില ഉത്പന്നങ്ങളിലും മദ്യത്തിലുമുള്ള അനധികൃത വ്യാപാരമാണ് നികുതി നഷ്‌ടത്തിലെ 49 ശതമാനവും.

അനധികൃത വ്യാപാരം മൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്‌ടപ്പെട്ടത് എഫ്‌എംസിജി പായ്‌ക്കറ്റ് ഭക്ഷണ വ്യവസായ മേഖലയിലാണ്. 7.94 ലക്ഷം തൊഴിലുകളാണ് ഈ മേഖലയില്‍ ഇല്ലാതായത്. പുകയില വ്യവസായത്തില്‍ 3.7ലക്ഷം, എഫ്എംസിജി വീട്ടുത്പന്നങ്ങളും വ്യക്തിഗത ഉത്പന്നങ്ങളുടെയും വ്യവസായ മേഖലയില്‍(FMCG household and personal goods industry) 2.989 ലക്ഷം, മദ്യ വ്യവസായ മേഖലയില്‍ 97,000, മൊബൈല്‍ വ്യവസായ മേഖലയില്‍ 35,000 എന്നിങ്ങനെയാണ് തൊഴിലുകള്‍ നഷ്‌ടപ്പെട്ടത്.

ഈ പ്രധാനപ്പെട്ട വ്യവസായ മേഖലകളിലെ അനധികൃതവ്യാപാരം മൂലം സമ്പദ്‌വ്യവസ്ഥയില്‍ ആകെ ഉണ്ടാകുന്ന ആഘാതം വലുതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് കാരണം ഈ വ്യവസായ മേഖലകള്‍ക്ക് സമ്പദ്‌വ്യവസ്ഥയിലെ മറ്റ് സെക്‌ടറുകളുമായുള്ള ബാക്ക്‌വേര്‍ഡ് ലിങ്കേജാണ്.

1.97 ലക്ഷം കോടിയാണ് എഫ്‌എംസിജി വ്യവസായത്തിലെ അനധികൃത വിപണി. മദ്യ വില്‍പന മേഖലയില്‍ 23,466 ഉം, പുകയില ഉത്പന്ന രംഗത്ത് 22,930 ഉം, മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ 15,884 ഉം കോടിയുടെ അനധികൃത വിപണിയുണ്ട്. ഇത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ചരക്കുകളുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്‌ക്കുക, ആഭ്യന്തര ഉത്പാദനമേഖലയെ ശക്തിപ്പെടുത്തുക, നികുതിയിലെ അന്തരങ്ങള്‍ മുതലെടുക്കുന്നത് തടയാനായി താരിഫുകള്‍ യുക്തിസഹമാക്കുക, നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ട അന്താരാഷ്‌ട്ര സഹകരണം ഉറപ്പുവരുത്തുന്നതിനുമായുള്ള സാഹചര്യം സൃഷ്‌ടിക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.

ABOUT THE AUTHOR

...view details