കേരളം

kerala

സാംഗ്‌ലിയിലെ കൂട്ട മരണം: ഓർമിപ്പിക്കുന്നത് ദുരൂഹതകള്‍ അവശേഷിപ്പിച്ച ബുറാരിയെ

By

Published : Jun 21, 2022, 8:18 AM IST

ബുറാരി കൂട്ട ആത്മഹത്യ  സാംഗ്‌ലി കൂട്ട മരണം  ബുറാരി കൂട്ട മരണം ദുരൂഹത  delhi burari mass deaths  maharashtra family members found dead  suspected suicide of family members in sangli

മഹാരാഷ്‌ട്രയിലെ സാംഗ്‌ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ സാംഗ്‌ലിയില്‍ കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മണിക് യല്ലപ്പ വനമോര്‍, സഹോദരൻ പോപ്പട്ട് യല്ലപ്പ വനമോര്‍, ഇവരുടെ അമ്മ, ഇരുവരുടെയും ഭാര്യമാർ, മക്കള്‍ എന്നിവരാണ് മരിച്ചത്.

സഹോദരങ്ങള്‍ പലയിടത്ത് നിന്നായി വന്‍ തുക കടം വാങ്ങിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെയുള്ള മഹേസാല്‍ ഗ്രാമത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലുള്ള രണ്ട് വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരൂഹതകള്‍ നിറഞ്ഞ ഡല്‍ഹിയിലെ ബുറാരി കൂട്ട ആത്മഹത്യയെ ഓര്‍മപ്പെടുത്തുന്നതാണ് സാംഗ്‌ലിയിലെ സംഭവം.

ഡല്‍ഹിയെ നടുക്കിയ ബുറാരി കൂട്ട ആത്മഹത്യ: 2018 ജൂലൈ 1ന്, വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു വീടിനുള്ളിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 77കാരിയായ നാരായൺ ദേവി, മക്കളായ ഭവ്‌നേഷ് ഭാട്ടിയ (50), ഭവ്‌നേഷിന്‍റെ ഭാര്യ സവിത (48), ലളിത് ഭാട്ടിയ (45), ലളിതിന്‍റെ ഭാര്യ ടീന (42), നാരായൺ ദേവിയുടെ മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നീതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുത്ത തുണി കഷണങ്ങള്‍ കൊണ്ട് കണ്ണുകളും വായയും മൂടിക്കെട്ടി, കൈകളും കാലുകളും ബന്ധിച്ച നിലയിൽ വീട്ടിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലായിരുന്നു പത്ത് കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങള്‍.

മുതിര്‍ന്ന കുടുംബാംഗമായ നാരായൺ ദേവിയെ മറ്റൊരു മുറിയിൽ കഴുത്തില്‍ കുരുക്കിട്ട അടയാളങ്ങളോടെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള പലചരക്ക കട ഏറെ വൈകിയും തുറക്കാതായതോടെ നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. നാരായണ്‍ ദേവിയുടെ ചെറുമകള്‍ പ്രിയങ്കയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.

മൃതദേഹങ്ങൾ കണ്ടതിന് ശേഷം താൻ ആദ്യം പരിഭ്രാന്തനായിരുന്നുവെന്നാണ് മൃതദേഹങ്ങള്‍ പരിശോധിച്ച ഡല്‍ഹി രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫോറൻസിക് വിദഗ്‌ദന്‍ പറയുന്നത്. നാല് മൃതദേഹങ്ങള്‍ തലകീഴായി വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ വളരെ അടുത്തടുത്തായി തൂങ്ങിക്കിടന്നിരുന്നതിനാല്‍ ഫോട്ടോഗ്രാഫുകളും വീഡിയോകളും എടുക്കാൻ പ്രയാസമായിരുന്നു.

ജീവനെടുത്ത മന്ത്രവാദം: കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ മൃതദേഹത്തില്‍ അസ്വഭാവിക മുറിവുകളോ ശ്വാസം മുട്ടിച്ചതിന്‍റേയോ ലക്ഷണങ്ങളുണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തില്‍ മന്ത്രവാദവും ആഭിചാരവും നടന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടായി.

ആത്മഹത്യയ്ക്ക് മുന്നോടിയായി അര്‍ധരാത്രി കുടുംബാംഗങ്ങള്‍ സ്റ്റൂളുകള്‍ കൊണ്ടുവരുന്നതിന്‍റെ ദൃശ്യങ്ങള്‍ വീടിന് മുന്‍പില്‍ സ്ഥാപിച്ച സിസിടിവി ക്യാമറിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. മന്ത്രവാദ പുസ്‌തകവും വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. പൂജാമുറിയില്‍ നിന്ന് കണ്ടെത്തിയ രജിസ്റ്ററുകളിൽ മോക്ഷപ്രാപ്‌തി, ഇതിനായി അനുഷ്‌ഠിക്കേണ്ട ആചാരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടായിരുന്നു.

മനഃശാസ്‌ത്രജ്ഞരുടെ സഹായത്തോടെയാണ് പൊലീസ് പിന്നീട് കേസ് അന്വേഷിക്കുന്നത്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം, കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത അനാവരണം ചെയ്യാന്‍ പൊലീസ് സൈക്കോളജിക്കൽ ഓട്ടോപ്‌സി ഉപയോഗിച്ചു. ഈ റിപ്പോർട്ട് അനുസരിച്ച്, കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ ആചാരത്തിനിടെ സംഭവിച്ച അപകടമാണ് മരണ കാരണമെന്നാണ് കണ്ടെത്തിയത്.

2007ൽ മരണപ്പെട്ട നാരായണ്‍ ദേവിയുടെ ഭര്‍ത്താവ് ഇളയ മകന്‍ ലളിതിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും പരേതനായ പിതാവിന്‍റെ നിർദേശപ്രകാരമാണ് കൂട്ടമോക്ഷ പ്രാപ്‌തിക്കുള്ള ചടങ്ങുകൾ നടക്കുന്നതെന്നും ലളിതും കുടുംബവും വിശ്വസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ പറയുന്നു. 2021ല്‍ പൊലീസ് കേസില്‍ ക്ലോഷര്‍ റിപ്പോർട്ട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട 'ഹൗസ് ഓഫ് സീക്രട്ട്സ്: ദ് ബുറാരി ഡെത്ത്‌സ്' എന്ന പേരില്‍ ഒരു ഡോക്യൂസീരീസ് നെറ്റ്ഫ്ലിക്‌സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.

Read more: ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍; കണ്ടെത്തിയത് രണ്ടിടങ്ങളില്‍

ABOUT THE AUTHOR

...view details