ETV Bharat / travel-and-food

വേനൽ അവധിക്ക് മനം കുളിര്‍പ്പിക്കാന്‍ കെഎസ്‌ആര്‍ടിസി; ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു - KSRTC tour packages

author img

By ETV Bharat Kerala Team

Published : Apr 6, 2024, 10:52 PM IST

KSRTC TOUR PACKAGES  KSRTC TRIPS  കെഎസ്‌ആര്‍ടിസി ടൂര്‍ പാക്കേജുകള്‍  വേനലവധി
KSRTC Announced Budget friendly tour packages

ഏപ്രിൽ മാസത്തിൽ പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വാഴ്‌വാന്തോൾ-പൊന്മുടി, വാഗമൺ (വൺ ഡേ ട്രിപ്പ്), കന്യാകുമാരി, വണ്ടർലാ, പാലരുവി-തെന്മല ടൂർ പാക്കേജുകൾ ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഈ വേനൽ അവധിക്കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചോ? കീശ കാലിയാകാതെ കുടുംബമൊത്ത് യാത്ര പോകാന്‍ കെഎസ്‌ആര്‍ടിസി അവസരം ഒരുക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. ഏപ്രിൽ മാസത്തിൽ പാപ്പനംകോട് ഡിപ്പോയിൽ നിന്നാണ് വാഴ്‌വാന്തോൾ-പൊന്മുടി, വാഗമൺ (വൺ ഡേ ട്രിപ്പ്), കന്യാകുമാരി, വണ്ടർലാ, പാലരുവി-തെന്മല ടൂർ പാക്കേജുകൾ ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്.

ടൂർ പാക്കേജുകൾ വിശദമായി:

  • വാഴ്‌വാന്തോൾ - പൊന്മുടി

ഏപ്രിൽ 7-ന് രാവിലെ 7 മണിക്ക് പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറപ്പെടും. വിതുരയിലെത്തി പ്രഭാത ഭക്ഷണത്തിന് ശേഷമാണ് വാഴ്‌വാന്തോളിലേക്ക് പോകുക. പാപ്പനംകോട് നിന്ന് 52 കിലോമീറ്റർ ഉണ്ട് വാഴ്‌വാന്തോളിലേക്ക്. ഒന്നര മണിക്കൂറോളം യാത്ര ചെയ്‌താൽ വാഴ്‌വാന്തോളിൽ എത്താം. വാഴ്‌വാന്തോൾ എത്തിയാൽ രണ്ട് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ ട്രക്കിങ് ചെയ്‌താൽ വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് എത്താം.

വെള്ളച്ചാട്ടത്തിൽ കുളിക്കാനുള്ള സംവിധാനവും ഉണ്ട്. തുടർന്ന് വിതുരയിൽ എത്തി ഉച്ച ഭക്ഷണവും കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ എത്താൻ കണക്കിന് പൊന്മുടിയിലേക്ക് തിരിക്കും. രണ്ട് മണിക്കൂർ നേരം പൊന്മുടിയിലെ കാഴ്‌ചകൾ ആസ്വദിക്കാം. വൈകിട്ട് 6 മണിക്ക് തിരികെ ഡിപ്പോയിലേക്ക് തിരിക്കും. വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രി ഫീസ് ഉൾപ്പെടെ ഒരാൾക്ക് 790 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടില്ല.

ടിക്കറ്റ് ബുക്കിങ്ങ്: 9995436603 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

  • വാഗമൺ (വൺ ഡേ ട്രിപ്പ്)

ഏപ്രിൽ 13ന് പുലർച്ചെ 3.30-ന് പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറപ്പെടും. പാപ്പനംകോട് നിന്ന് വാഗമണിലേക്ക് ഏകദേശം 195 കിലോമീറ്ററോളം ദൂരമുണ്ട്. 10 മണിയോടെ വാഗമണ്ണിൽ എത്തും. വാഗമണിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരുടെ സൗകര്യം അനുസരിച്ച് പ്രഭാത ഭക്ഷണത്തിന് നിർത്തും. വാഗമണ്‍ മൊട്ടക്കുന്ന് കാഴ്‌ചകള്‍, തങ്ങള്‍പാറ, പരുതുംപാറ, അഡ്വഞ്ചര്‍ ക്ലബ്, ഗ്ലാസ് ബ്രിഡ്‌ജ്, പൈന്‍ ഫോറസ്‌റ്റ്, ഷൂട്ടിങ് പോയിന്‍റ് എന്നിവിടങ്ങളിലാണ് സന്ദർശനം. യാത്രക്കാർക്ക് ഷോപ്പിങ്ങിനും സമയം അനുവദിക്കും. വാഗമണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് വൈകിട്ട് 6 മണിയോടെ തിരിക്കും. രാത്രി 12 മണിയോടെ തിരികെ പാപ്പനംകോഡ് ഡിപ്പോയിലേക്ക് എത്തും. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 880 രൂപയാണ് നിരക്ക്.

ടിക്കറ്റ് ബുക്കിങ്ങ്: 9946442214 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

  • കന്യാകുമാരി

ഏപ്രിൽ 14ന് പുലർച്ചെ 5 മണിക്ക് പുറപ്പെടും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, കുമാരകോവിൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് കന്യാകുമാരിയിലേക്ക് തിരിക്കുന്നത്. 11.30 ഓടെ കന്യാകുമാരിയിൽ എത്തും. വിവേകാനന്ദ പാറയിലേക്ക് ബോട്ടിങ് നടത്താം. തുടർന്ന് സൂര്യാസ്‌തമനവും കണ്ട് ശുചീന്ദ്രവും സന്ദർശിച്ച ശേഷം തിരികെ പാപ്പനംകോഡ് ഡിപ്പോയിലേക്ക് മടങ്ങും. ഭക്ഷണം കൂടാതെ ഒരാൾക്ക് 650 രൂപയാണ് നിരക്ക്.

ടിക്കറ്റ് ബുക്കിങ്ങ്: 9946442214 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

  • വണ്ടർലാ

ഏപ്രിൽ 19ന് പുലർച്ചെ 5 മണിക്ക് പാപ്പനംകോട് ഡിപ്പോയിൽ നിന്ന് തിരിക്കും. രാവിലെ 10 മണിക്ക് വണ്ടർലായിൽ എത്തും. വണ്ടർലായിലെ എല്ലാ റൈഡുകളും ആസ്വദിക്കാം. മുതിർന്നവർക്ക് 2632 രൂപയും കുട്ടികൾക്ക് 2375 രൂപയുമാണ് നിരക്ക്. ഭക്ഷണം ഉൾപ്പെടാതെയാണ് നിരക്ക്. കെഎസ്ആർടിസിയുടെ വോൾവോ എസി ലോഫ്ലോർ ബസിലാണ് യാത്ര.

ടിക്കറ്റ് ബുക്കിങ്ങ്: 9995436603 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

  • പാലരുവി - തെന്മല

ഏപ്രിൽ 21-ന് രാവിലെ 7 മണിക്ക് പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറപ്പെടും. പാലരുവിയിലിറങ്ങാനും നീരാടാനുമുള്ള അവസരമൊരുക്കും. പാലരുവിയിൽ ഇറങ്ങിയ ശേഷമാകും തെന്മലയിലേക്ക് പോകുക. തെന്മലയിൽ കാടിനെ അറിയാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി, ചിത്രശലഭ പാർക്ക്, വിവിധ തരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക്, കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്, അഡ്വഞ്ചർ സോൺ (എല്ലാ റൈഡുകളിലും പങ്കെടുക്കാം), ബോട്ടിങ്, തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്) എന്നിവ ആസ്വദിച്ച് മടങ്ങാം. എൻട്രി ഫീസ് ഉൾപ്പെടെ ഒരാളിൽ നിന്നും 1080 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം ഉൾപ്പെടില്ല.
ടിക്കറ്റ് ബുക്കിങ്ങ്: 9995436603 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.