ETV Bharat / education-and-career

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ മെയ് 26ന്: രജിസ്‌ട്രേഷൻ ഏപ്രിൽ 27 മുതൽ; വിശദവിവരങ്ങളറിയാം... - JEE advanced exam 2024 date

author img

By ETV Bharat Kerala Team

Published : Apr 23, 2024, 6:53 PM IST

ഐഐടി പ്രവേശനം  ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ  JEE ADVANCED EXAM 2024  NATIONAL TESTING AGENCY
JEE Advanced Exam 2024: Registration Will Be Starting From April 27 And Exam Will Be On May 26

വിവിധ ഐഐടികളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന ജെഇഇ പരീക്ഷ മെയ് 26ന് ആരംഭിക്കും. ഏപ്രിൽ 27 മുതൽ മെയ്‌ ഏഴ് വരെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ട സമയം.

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) 2024-25 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) അഡ്വാൻസ്‌ഡ് മെയ് 26ന് നടത്തും. ഏപ്രിൽ 27 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. കമ്പ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സി ബി ടി) രീതിയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാഘടനയും യോഗ്യത വ്യവസ്ഥകളും രജിസ്‌ട്രേഷനും സംബന്ധിച്ച വിശദവിവരങ്ങൾ അറിയാം.

ജെഇഇ അഡ്വാൻസ്‌ഡ് അർഹത ആർക്കൊക്കെ? അറിയാം : ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയ്ക്ക് ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. ഐഐടി പ്രവേശനം തേടുന്നവർ നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജെഇഇ മെയിൻ 2024 പേപ്പർ ഒന്നിന് (ബിഇ/ ബിടെക്) അപേക്ഷിച്ച് അഭിമുഖീകരിക്കണം. ജെഇഇ മെയിൻ പേപ്പർ ഒന്നിൽ വിവിധ കാറ്റഗറികളിൽ നിന്നും മുന്നിലെത്തുന്ന 2,50,000 പേർക്ക് മാത്രമേ ജെഇഇ അഡ്വാൻസ്‌ഡ് അഭിമുഖീകരിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.

ജെഇഇ മെയിൻ 2024 ഒന്നാം പേപ്പർ റാങ്ക് പട്ടിക തയാറാക്കിയ ശേഷമാണ് ജെഇഇ അഡ്വാൻസ്‌ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കുന്ന 2,50,000 പേരെ കണ്ടെത്തുക. ജെഇഇ അഡ്വാൻസ്‌ഡ് 2024 അഭുമുഖീകരിക്കാനുള്ള യോഗ്യത വ്യവസ്ഥകൾ താഴെ നൽകുന്നു.

യോഗ്യതവ്യവസ്ഥകൾ അറിയാം:

  • 1-10-1999 നോ ശേഷമോ ജനിച്ചവർക്കാണ് ഐഐടി പ്രവേശനം തേടാനാവുക. പട്ടിക/ ഭിന്നശേഷി വിഭാഗത്തിൽ 1-10-1994 നോ, അതിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • ഒരാൾക്ക് തുടർച്ചയായി രണ്ട്‌ വർഷങ്ങളിലായി രണ്ട് തവണ മാത്രമേ ജെ ഇ ഇ അഡ്വാൻസ്‌ഡ് അഭിമുഖീകരിക്കാനാകൂ.
  • ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് 2023 ലോ 2024ലോ 12-ാം ക്ലാസ്/ തത്തുല്യ പരീക്ഷ ആദ്യമായി അഭിമുഖീകരിച്ചിരിക്കണം.
  • പ്ലസ് ടു തലത്തിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിർബന്ധം. നാലാം വിഷയം ഭാഷയാകാം. ഇവ നാലുമല്ലാത്ത വിഷയമാകാം അഞ്ചാം വിഷയം. നാലും അഞ്ചും വിഷയ വിഭാഗങ്ങളിൽ ഒന്നിൽക്കൂടുതൽ വിഷയങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ മാർക്ക് ലഭിച്ച വിഷയമാകും പരിഗണിക്കുക.
  • അപേക്ഷാർത്ഥി അഞ്ച് വിഷയങ്ങൾക്ക് ആകെ 75 ശതമാനം മാർക്ക് (പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) നേടി പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കുകയോ അപേക്ഷാർത്ഥിയുടെ കാറ്റഗറിയിൽ പ്ലസ് ടു തല പരീക്ഷ ജയിച്ചവരിൽ മുന്നിലെത്തിയവരുടെ 20 ആം പെർസന്‍റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുകയോ വേണം.
  • ഏതെങ്കിലും ഐഐടിയിൽ 2023ലെ ജോയിന്‍റ് സീറ്റ് അലോക്കേഷൻ അതോറിറ്റി അലോട്ട്മെന്‍റ് വഴി പ്രവേശനം നേടിയവരാകരുത്. ഈ വ്യവസ്ഥ പഠനം തുടർന്നിരുന്നാലും തുടർന്നിട്ടില്ലെങ്കിലും ഓൺലൈൻ റിപ്പോർട്ടിങ്/ റിപ്പോർട്ടിങ് സെന്‍ററിൽ ഹാജരായി ഐ ഐ ടി സീറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ബാധകമായിരിക്കും.
  • ഐഐടിയിൽ പ്രവേശനം നേടിയ ശേഷം റദ്ദ് ചെയ്യപ്പെട്ടവർക്കും ജെ ഇ ഇ അഡ്വാൻസ്‌ഡ് 2024 അഭിമുഖീകരിക്കാൻ അർഹത ഉണ്ടായിരിക്കില്ല.

പരീക്ഷ ഘടന ഇപ്രകാരം:

കമ്പ്യൂട്ടർ അധിഷ്‌ഠിത രീതിയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് പേപ്പർ ഉണ്ടാകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഒന്നാം പേപ്പർ. ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയാണ് രണ്ടാം പേപ്പർ. രണ്ട് പേപ്പറും നിർബന്ധമായും അഭിമുഖീകരിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഓരോ പേപ്പറിലും ഉണ്ടാകും.

ചോദ്യങ്ങളെല്ലാം കോംപ്രിഹൻഷൻ, റീസണിങ്, അനലറ്റിക്കൽ എബിലിറ്റി മികവുകൾ വിലയിരുത്തുന്നതാകും. ചില ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ മാർക്ക് നഷ്‌ടമാകും. പരീക്ഷ സമയം നൽകുന്ന നിർദേശങ്ങളിൽ മാർക്കിങ് സ്‌കീമും ഉണ്ടാകും. jeeadv.ac.in എന്ന വെബ്‌സൈറ്റിലും ജെ ഇ ഇ അഡ്വാൻസ്‌ഡ് 2024 ഇൻഫർമേഷൻ ബ്രോഷറിലും പരീക്ഷ സിലബസ് ഉണ്ട്.

രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം?

ഏപ്രിൽ 27ന് വൈകിട്ട് 5 മണി മുതൽ മെയ് 7ന് വൈകിട്ട് 5 വരെ jeeadv.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താം. (ജെഇഇ മെയിൻ പേപ്പർ 1 ഫലപ്രഖ്യാപനം ഏപ്രിൽ 27നകം പ്രഖ്യാപിക്കപ്പെടുന്നതിന് വിധേയമാണിതെന്നും, ഫലപ്രഖ്യാപനം മാറുന്നതിനനുസരിച്ച് രജിസ്‌ട്രേഷൻ തീയതിയിൽ മാറ്റം വരാമെന്നും അറിയിപ്പിൽ പറയുന്നു)

ടെസ്‌റ്റ് സെന്‍ററുകൾ ഇവ:

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ (താത്കാലികം) -ഐഐടി മദ്രാസ് മേഖല: ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ. മുൻഗണന നിശ്ചയിച്ച് എട്ട് സെന്‍ററുകൾ അപേക്ഷ നൽകുമ്പോൾ തെരഞ്ഞെടുക്കണം. ടെസ്റ്റ് സെന്‍ററുകൾ വിദേശത്തേക്കും അനുവദിച്ചേക്കും. ഇതിനായി പ്രത്യേകം രജിസ്‌ട്രേഷൻ ഫീസ് അടക്കേണ്ടി വരും. രജിസ്‌ട്രേഷൻ വേളയിൽ അന്തിമപട്ടിക ലഭ്യമാക്കും.

പരീക്ഷയുടെ പരിധിയിൽ വരുന്ന ഐഐടികൾ ഇവ:

23 ഐഐടികളാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്. മുംബൈ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്‌പൂർ, ഗുവാഹാട്ടി, റൂർക്കി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്പുർ, മാൻഡി, പാലക്കാട്, പട്‌ന, റോപ്പർ, തിരുപ്പതി.

അക്കാദമിക് പ്രോഗ്രാമുകൾ ഇവ:

  • ബാച്ച്ലർ ഓഫ് ടെക്‌നോളജി (ബി ടെക്), ബാച്ച്ലർ ഓഫ് സയൻസ് (ബി എസ്) എന്നിവയാണ് നാല് വർഷ പ്രോഗ്രാമുകൾ.

അഞ്ച് വർഷ പ്രോഗ്രാമുകൾ:

  • ബാച്ച്ലർ ഓഫ് ആർക്കിടെക്‌ചർ (ബി ആർക്), ബി ടെക്- എം ടെക് ഡ്യുവൽ ഡിഗ്രി, ബി എസ് - എം എസ് ഡ്യുവൽ ഡിഗ്രി, ഇന്റർഗ്രേറ്റഡ് എം ടെക്, ഇന്റർഗ്രേറ്റഡ് എം എസ്

പാലക്കാട് ഐഐടിയിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റ സയൻസ് ആൻഡ് എഞ്ചിനീയറിങ് എന്നീ ബി ടെക് പ്രോഗ്രാമുകളാണുള്ളത്.

Also Read: ആയിരക്കണക്കിന് സാങ്കേതിക കോഴ്‌സുകള്‍ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി മദ്രാസ് ഐഐടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.