ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്: ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ബിജെപി; സഖ്യ സമവാക്യങ്ങളില്‍ പൊളിച്ചെഴുത്ത് - Saffron Push In South

author img

By Prince Jebakumar

Published : Mar 26, 2024, 6:25 PM IST

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ മോഹം. ഇതിനായി മുന്‍ ഗവര്‍ണര്‍മാരെയും ഐപിഎസ് ഉദ്യോഗസ്ഥരെയും ചലച്ചിത്രതാരങ്ങളെയുമടക്കം രംഗത്തിറക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ബിജെപി പയറ്റുന്ന തന്ത്രങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രതിനിധി പ്രിന്‍സ് ജെബകുമാര്‍ വിശകലനം ചെയ്യുന്നു

SAFFRON PUSH IN SOUTH  LOK SABHA POLLS 2024  BJPS FIGHT ALLIANCE ARITHMETIC  THE 128 SEATS FROM SOUTH
Lok Sabha Polls 2024 | Saffron Push In South: BJP's Fight, Alliance Arithmetic, Dividends

ഹൈദരാബാദ്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ഗവര്‍ണര്‍മാരും പാര്‍ട്ടി അധ്യക്ഷന്‍മാരുമടക്കമുള്ള വമ്പന്‍മാരെ അങ്കത്തട്ടിലിറക്കി കളം പിടിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രത്തിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി. നിശബ്‌ദ പ്രചാരണ ദിവസം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൂറ്റന്‍ റാലികളും പാര്‍ട്ടി ആസൂത്രണം ചെയ്‌തിട്ടുണ്ട് (Saffron Push In South).

മുന്‍ ഗവര്‍ണര്‍ ഡോ.തമിഴിസൈ സൗന്ദരരാജൻ അടക്കമുള്ളവരെയാണ് പാര്‍ട്ടി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഭരണഘടന പദവി വഹിച്ച ശേഷമുള്ള ഇവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം പാര്‍ട്ടിക്ക് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. തെലങ്കാനയിലെയും പുതുച്ചേരിയിലെയും ഗവര്‍ണര്‍ ആയിരുന്ന ഘട്ടത്തില്‍ ഇവര്‍ നിരവധി വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്‌ടിച്ചിരുന്നു. ചെന്നൈ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. ഡോക്‌ടറായ ഇവര്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കെ അണ്ണാമലൈയ്ക്കും, മുന്‍ സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ എല്‍ മുരുഗനുമൊപ്പമാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്(Lok Sabha Polls 2024).

ദിവസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണര്‍ പദവിയൊഴിഞ്ഞ തമിഴിസൈ സൗന്ദരരാജൻ ചെന്നൈ സൗത്ത് മണ്ഡലത്തില്‍ ഇന്നലെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഇവര്‍ നേരത്തെ നിയമസഭയിലേക്ക് മത്‌സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. കനിമൊഴിയ്‌ക്കെതിരെ ആയിരുന്നു ആ പോരാട്ടം. അന്ന് മൂന്നര ലക്ഷം വോട്ടുകള്‍ക്കാണ് കനിമൊഴിയോട് തോറ്റത് (BJP's Fight, Alliance Arithmetic, Dividends).

  • ദക്ഷിണേന്ത്യയിലെ 128 സീറ്റുകള്‍ (The 128 Seats From South)

ദക്ഷിണേന്ത്യയിലെ 128 ലോക്‌സഭ സീറ്റുകളില്‍ പരാമവധി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാസങ്ങളായി ഇവിടെ നിരന്തരം സന്ദര്‍ശിക്കുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. 128 സീറ്റുകളില്‍ മുപ്പതെണ്ണം ബിജെപിയുടെ പക്കലുണ്ട്. 27എണ്ണം പ്രധാന എതിരാളികളായ കോണ്‍ഗ്രസിന്‍റെ കയ്യിലാണ്. ബാക്കിയുള്ളവ ഇന്ത്യ സഖ്യത്തിലെ വിവിധ കക്ഷികള്‍ കൈവശം വച്ചിരിക്കുന്നു.

2019ല്‍ കര്‍ണാടകയില്‍ പോള്‍ ചെയ്‌ത വോട്ടിന്‍റെ 51 ശതമാനവും ബിെജപി സ്വന്തമാക്കി. സംസ്ഥാനത്തെ 28 സീറ്റുകളില്‍ 25ഉം കൈപ്പിടിയിലൊതുക്കി. തെലങ്കാനയിലാകട്ടെ 19.45 ശതമാനം വോട്ടുകളാണ് ബിജെപിക്ക് നേടാനായത്. പതിനേഴ് സീറ്റുകളില്‍ നാലെണ്ണം ഇവര്‍ സ്വന്തമാക്കി. എന്നാല്‍ മറ്റ് മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, സംസ്ഥാനങ്ങളില്‍ 12.93, 3.6, 0.9 ശതമാനം വോട്ടുകളാണ് യഥാക്രമം ഇവര്‍ നേടിയത്.

  • പോരാട്ടത്തിന് ഉന്നതര്‍

202 1ല്‍ കേന്ദ്ര വിവര - വിനിമയ സഹമന്ത്രി മുരുഗന്‍ ധര്‍മ്മപുരത്ത് നിന്ന് ജനവിധി തേടി. അപ്പോള്‍ അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ആയിരുന്നു. എഐഎഡിഎംകെയുമായി ചേര്‍ന്നായിരുന്നു പോരാട്ടം. കേവലം 1,393 വോട്ടിനാണ് അദ്ദേഹം ഡിഎംകെ സ്ഥാനാര്‍ത്ഥി കായല്‍വിഴിയോട് പരാജയപ്പെട്ടത്. എന്നാല്‍ എഐഎഡിഎംകെയുടെ പിന്തുണയോടെ അദ്ദേഹത്തിന്‍റെ നാല് സഹപ്രവര്‍ത്തകര്‍ക്ക് നിയമസഭയിലെത്താനായി. ഇതിന് പാര്‍ട്ടി നല്ലൊരു സമ്മാനവും മുരുകന് വേണ്ടി കരുതിവച്ചു. അതായിരുന്നു കേന്ദ്ര സഹമന്ത്രി സ്ഥാനം.

ഇത് പാര്‍ട്ടി നേതൃത്വത്തിലും മാറ്റത്തിന് വഴി വച്ചു. കെ അണ്ണമലൈ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തി. അണ്ണാമലൈയും എഐഎഡിഎംകെ പിന്തുണയോടെ നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. അരവാകുറിച്ചി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഇദ്ദേഹം ഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ ഇളങ്കോയോട് 25,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു. അണ്ണാമലൈ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ ദ്രാവിഡ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി. കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നിയന്ത്രണമില്ലാത്ത നാവ് തന്നെ ആയിരുന്നു ഇതിന് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാവി പാര്‍ട്ടി വടക്കന്‍ തമിഴ്‌നാട്ടിലെ കക്ഷിയായ പട്ടാളി മക്കള്‍ കച്ചിയുമായി സഖ്യത്തിലെത്തി. രാജ്യത്തിന്‍റെ തെക്കന്‍മേഖലയിലെ തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.

  • സഖ്യം

സംസ്ഥാനത്ത് ചെറുകക്ഷികളെ കൂടെ കൂട്ടി ബിജെപി ഒരു മൂന്നാം മുന്നണിക്ക് രൂപം നല്‍കി. ഇധിയ ജനനായഗ കക്ഷി, പുതിയ നീതി കക്ഷി, മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍റെ തമിഴ് മാനില കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെയാണ് ബിജെപി സഖ്യത്തിലേക്ക് ചേര്‍ത്തത്. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ പുറത്താക്കിയ നേതാവുമായ ഒ പനീര്‍സെല്‍വത്തെയും ഇവര്‍ ഒപ്പം കൂട്ടി. എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയുമായി ഇപ്പോള്‍ ഒരു നിയമപോരാട്ടത്തിലാണ് പനീര്‍ സെല്‍വം ഇപ്പോള്‍.

തമിഴ്‌നാട്ടിലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വലം കൈ ആയിരുന്ന ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തെയും ബിജെപി ഒപ്പം കൂട്ടിയിട്ടുണ്ട്. ജയലളിതയ്‌ക്കൊപ്പം ശശികലയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ജയിലിലടച്ചിരുന്നു. ജയലളിത മരിച്ചതോടെ അവര്‍ക്കെതിരെയുള്ള നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ തങ്ങള്‍ക്ക് ഇക്കുറി ആധിപത്യം ഉറപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

  • കേരളത്തിലെ കഥ ഇങ്ങനെ

കേരളത്തിലൊരു അക്കൗണ്ട് തുറക്കുക എന്നത് കാലങ്ങളായുള്ള ബിജെപിയുടെ മോഹമാണ്. പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി കണ്ണ് വയ്ക്കുന്നത്. ഈ മണ്ഡലങ്ങളിലെല്ലാം ശക്തമായ ത്രികോണപ്പോരിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫുമായാണ് ബിജെപിയുടെ പോരാട്ടം.

  • പാലക്കാട് ബിജെപിയുടെ ശക്തമായ സാന്നിധ്യം

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. ക്രമാനുഗതമായാണ് പാര്‍ട്ടി തങ്ങളുടെ അധികാരം ഇവിടെ അരക്കിട്ട് ഉറപ്പിച്ചത്. 52 അംഗ നഗരസഭയില്‍ ആദ്യം 24 സീറ്റുകള്‍ നേടിയ പാര്‍ട്ടി പിന്നീട് 28 ലേക്ക് എത്തുകയായിരുന്നു. ഇവിടുത്തെ കുടിയേറ്റ ജനതയാണ് ബിജെപിക്ക് ഇവിടെ ശക്തമായ അടിത്തറ ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് തമിഴ്‌ ബ്രാഹ്‌മണരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികളും ഇവിടെ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടാക്കിയിട്ടുണ്ട്.

  • തൃശൂരിലെ ബിജെപി ഗാഥ ഇങ്ങനെ

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രതാരം സുരേഷ്ഗോപിയെ രംഗത്തിറക്കിയായിരുന്നു ശക്തന്‍റെ മണ്ണ് സ്വന്തമാക്കാന്‍ ബിജെപി ശ്രമിച്ചത്. എന്നാല്‍ ശക്തമായ ത്രികോണപ്പോരില്‍ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. 2.9 ലക്ഷം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇക്കുറിയും അതേ താരത്തെ തന്നെയാണ് ബിജെപി ഇവിടെ ഇറക്കിയിട്ടുള്ളത്. കളം നിറഞ്ഞ് കളിക്കുന്ന താരത്തിന്‍റെ ഭാവി പക്ഷേ ഇവിടുത്തെ ജനങ്ങള്‍ നിശ്ചയിക്കും. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകനും അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാലിന്‍റെ സഹോദരനുമായ കെ മുരളീധരനാണ് ഇവിടെ നിന്ന് യുഡിഎഫിന് വേണ്ടി ജനവിധി തേടുന്നത്. ഇടതുമുന്നണിക്ക് വേണ്ടി കളത്തിലുള്ള സിപിഐ നേതാവും, മുന്‍ മന്ത്രിയും തൃശൂരിന്‍റെ ഓരോ മിടിപ്പും അറിയാവുന്ന നേതാവുമായ വി എസ് സുനില്‍കുമാറും സുരേഷ് ഗോപിക്ക് ഒരുക്കുന്ന പ്രതിരോധം ചെറുതല്ല. കോണ്‍ഗ്രസിന്‍റെ നിലവിലെ എംപി ടി എന്‍ പ്രതാപന്‍ 4.15 ലക്ഷം വോട്ടുകള്‍ നേടിയാണ് കഴിഞ്ഞ കൊല്ലം അവിടെ നിന്ന് ഡല്‍ഹിക്ക് പോയത്. പോള്‍ ചെയ്‌ത വോട്ടിന്‍റെ നാല്‍പത് ശതമാനം പ്രതാപന്‍ സ്വന്തം അക്കൗണ്ടിലാക്കി. 3.2 ലക്ഷം വോട്ടുകളാണ് രണ്ടാമതെത്തിയ സിപിഐയുടെ രാജാജി മാത്യു തോമസ് നേടിയത്. അതായത് പോള്‍ ചെയ്‌ത വോട്ടിന്‍റെ 31ശതമാനം. പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് തന്‍റെ വോട്ട് പങ്കാളിത്തം 31.5 ശതമാനത്തിലേക്ക് ഉയര്‍ത്താനായി. എന്നിട്ടും പക്ഷേ മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തനാകേണ്ടി വന്നു. സിപിഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ആണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ ആയിരം വോട്ടിന് പരാജയപ്പെട്ടു.

  • പത്തനംതിട്ടയും അയ്യപ്പസ്വാമിയും

പത്തനംതിട്ടയിലാണ് പ്രശസ്‌തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് ശരണം വിളികളോടെ മോദി തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് മോദി ഇവിടെ ഉദ്ഘാടനം ചെയ്‌തത്. കഴിഞ്ഞ കൊല്ലമാണ് അനില്‍ ആന്‍റണി ബിജെപിയിലേക്ക് ചേക്കേറിയത്. ഇവിടുത്തെ ഹിന്ദു വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. ശബരിമലയിലെ സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിജെപി അനുകൂല തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വോട്ടായി മാറുമോ എന്ന് കണ്ടുതന്നെ അറിയണം.

  • തിരുവനന്തപുരത്ത് തരൂരും രാജീവും മുഖാമുഖം

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രംഗത്തിറക്കി തിരുവനന്തപുരത്തെ പോരാട്ടം കൊഴുപ്പിച്ചിരിക്കുകയാണ് ബിജെപി. പുറത്തുനിന്ന് വന്നയാൾ എന്ന പരിവേഷമാണ് ഇവിടെ രാജീവ് ചന്ദ്രശേഖര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സിറ്റിങ്ങ് എംപി ശശി തരൂരിനോട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. 2009 മുതല്‍ തരൂര്‍ ഇവിടെ നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലെത്തുന്നു. മറ്റൊരു മുന്‍ എംപിയും, മണ്ഡലത്തിലെ താഴെ തട്ട് വരെ വ്യക്തി ബന്ധങ്ങളുള്ളയാളുമായ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണിക്ക് വേണ്ടി രംഗത്തുള്ളത്. ബിജെപിയാണ് തിരുവനന്തപുരം നഗരസഭയിലെ മുഖ്യ എതിരാളികള്‍. പക്ഷേ മറ്റ് രണ്ട് നേതാക്കളുടെയും വ്യക്തിബന്ധങ്ങളും മറ്റും രാജീവ് ചന്ദ്രശേഖറിന് ഇവിടെ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനാകുമോ എന്ന ചോദ്യം ഉയര്‍ത്തുന്നു.

  • കാസര്‍കോട്

കാസര്‍കോട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി മഞ്ചേശ്വരത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാണ് ഇവിടെനിന്ന് നിയമസഭയിലേക്ക് വിജയിച്ചത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനാകുന്ന അശ്വിനിക്ക് മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:ഒരു എംഎല്‍എയ്‌ക്ക് 50 കോടി; എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് സിദ്ധരാമയ്യ - BJP IS TRYING OPERATION KAMALA

കര്‍ണാടകയിലും തെലങ്കാനയിലും ഇക്കുറി നില മെച്ചപ്പെടുത്താനാകുമന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രമുഖ നേതാക്കളെയാണ് പാര്‍ട്ടി രംഗത്ത് ഇറക്കിയിട്ടുള്ളത്. രാഷ്‌ട്രീയ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ തന്ത്രങ്ങള്‍ എത്രമാത്രം ഫലം കണ്ടുവെന്ന് അറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരുന്നേ മതിയാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.