ETV Bharat / state

തൃശൂര്‍ പൂരം : ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ്, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം

author img

By

Published : Apr 17, 2021, 10:40 PM IST

ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം.

THRISSUR POORAM SPECIAL ORDER  തൃശൂര്‍ പൂരം  പ്രത്യേക ഉത്തരവ്  SPECIAL ORDER  തൃശൂര്‍  പൂരം  POORAM  THRISSUR  THRISSUR POORAM  COVID  COVID19  കൊവിഡ്  കൊവിഡ്19
THRISSUR POORAM: SPECIAL ORDER

തൃശൂർ: പൂരത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാന്‍ ഹെലികോപ്റ്റര്‍, ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ച് പ്രത്യേക ഉത്തരവ്. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലുമാണ് ഇവ പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. കൂടാതെ കാഴ്‌ച മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യോപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ മുതലായവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ വായനയ്‌ക്ക്: ദേശക്കാര്‍ കൊടിയേറ്റി ; തൃശൂർ പൂരാവേശത്തിന് തുടക്കം

ഏപ്രില്‍ 23, 24 തിയ്യതികളില്‍ ഘടക പൂരങ്ങള്‍ സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി, ഹൈക്കോടതി, സര്‍ക്കാര്‍ എന്നിവയുടെ ഉത്തരവുകള്‍ പാലിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കണം. നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടത്തുമ്പോഴും മറ്റും വിരണ്ടോടുന്നവ, സ്വതവെ വികൃതികളായവ, മുന്‍കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളവ പോലുള്ളവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പാപ്പാന്മാര്‍ ഒഴികെ ആരും ആനകളെ സ്‌പര്‍ശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

കൂടുതൽ വായനയ്‌ക്ക്: പൂരം കാണാൻ അനുമതി വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക്

നിലവില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തണം. പൂരം സംഘാടകരും പൂരത്തില്‍ പങ്കെടുക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പൂരത്തിന്‍റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്‍.കെ. കൃപയാണ് ക്രിമിനല്‍ നടപടി നിയമം 144-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.