ഉള്ളം തണുപ്പിക്കാന്‍ ഇതുമതി; റമദാന്‍ സ്‌പെഷല്‍ ഡ്രിങ്ക്, വാട്ടർമെലൺ സാഗോ റെസിപ്പി
ഇത്തവണത്തെ ഇഫ്‌താറിന് ഈ വെറൈറ്റി ഡ്രിങ്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ...

Published : February 25, 2026 at 1:11 PM IST
ഇസ്ലാം മത വിശ്വാസികൾ വൃത ശുദ്ധിയിലും പ്രാർഥനയിലും മുഴുകുന്ന നാളുകളാണ് റമദാൻ. ചൂട് കാലത്താണ് ഇത്തവണത്തെ റമദാനിൻ്റെ വരവ്. അതുകൊണ്ട് തന്നെ വൈകുന്നേരമാവുമ്പോഴേക്കും പലരും ക്ഷീണിച്ചിട്ടുണ്ടാവും.
ഈ ക്ഷീണം മാറ്റാൻ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ? ഇത്തവണ നോമ്പ് തുറക്കുമ്പോൾ സാധാരണ ഒരുക്കുന്ന ഡ്രിങ്കുകളിൽ നിന്ന് അൽപം വ്യത്യസ്‌തമായി ഒരു ഡ്രിങ്ക് തയ്യാറാക്കാം. നോമ്പ് തുറക്ക് മാത്രമല്ല വരാൻ പോകുന്ന വേനൽകാലത്തെ ക്ഷീണം മാറ്റാനും ഇത് അത്യുത്തമം തന്നെ. തണ്ണീർമത്തനാണ് ഈ വെറൈറ്റി ഡ്രിങ്കിലെ താരം.
തണ്ണീർ മത്തൻ മാത്രമല്ല മറ്റ് പഴവർഗങ്ങളും ചേർത്ത് ഈ ഡ്രിങ്ക് തയ്യാറാക്കാവുന്നതാണ്. ഒരിടയ്‌ക്ക് ട്രെന്‍ഡിങ്ങായി നിന്ന മൊഹബത്ത് കാ സർബത്ത് പോലും മാറി നിക്കുന്ന ഐറ്റമാണ് ഇത്. 'വാട്ടർമെലൺ സാഗോ' എന്ന ഈ വെറ്റൈറ്റി ഡ്രിങ്ക് ഒരു ഗ്ലാസ് കുടിച്ചാൽ മതി ഏത് ക്ഷീണവും പമ്പ കടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടുത്ത വേനലില്‍ ഐസ് ക്യൂബിട്ട നല്ല തണുത്ത വാട്ടർമെലൺ സാഗോ കിട്ടിയാൽ എങ്ങനെ ഇരിക്കും. അധികം സമയം ചെലവഴിക്കാതെ തന്നെ സിമ്പിളായി തയ്യാറാക്കാവുന്ന വാട്ടർമെലൺ സാഗോ റെസിപ്പി ഇതാ...
ആവശ്യമായ ചേരുവകൾ:
തണ്ണീർമത്തൻ ചെറിയ കഷണങ്ങളാക്കിയത്- 1 കപ്പ്
സാഗോ- 1/2 കപ്പ്
പാൽ- 1 കപ്പ്
ഐസ് ക്യൂബ്‌സ് - ആവശ്യത്തിന്
കോക്കനട്ട് ജെല്ലി - 1 സ്‌പൂൺ
ചീയാ സീഡ് - 1 സ്‌പൂൺ
മിൽക്ക്‌മെയ്‌ഡ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ആദ്യം ഒരു പാത്രത്തിൽ കഷണങ്ങളാക്കി അരിഞ്ഞുവച്ച തണ്ണീർമത്തനും സാഗോയും കോക്കനട്ട് ജെല്ലിയും വെള്ളത്തിൽ കുതിർത്ത് വച്ച ചീയാ സീഡും ചേർക്കാം. ഇത് ഒന്ന് ചെറുതായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് തണുത്ത പാൽ ചേർത്ത് ഇളക്കി കൊടുക്കാം.
ശേഷം കുറച്ച് മിൽക്ക് മെയ്‌ഡും ചേർത്ത് നന്നായി ഇളക്കാം. അവസാനമായി തണുപ്പിന് വേണ്ടി കുറച്ച് ഐസ് ക്യൂബ്‌സ് കൂടെ ചേർത്ത് ഇളക്കാം. വേണമെങ്കിൽ കുറച്ച് അണ്ടിപരിപ്പും പിസ്‌തയും ചെറുതായി പൊടിച്ച് ഡ്രിങ്കിന് മുകളിൽ ചേർത്ത് കൊടുക്കാം. ഇതോടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വാട്ടർമെലൺ സാഗോ റെഡി. ഇനി ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് നോമ്പ് തുറക്കുന്ന നേരം കുടിക്കാം.
Also Read: 'ഈസി ചീസി' ഇഫാതാര്‍ വെറൈറ്റി; മസാല ലോഡഡ് ഫ്രൈസ് വീട്ടില്‍ തയ്യാറാക്കാം

