ഈ നോമ്പ് കാലത്ത് 'ചിക്കൻ ഫജിത സാൻഡ്‌വിച്ച്' കഴിച്ചാലോ; ഇതാ ഒരു അടിപൊളി ഇഫ്‌താർ റെസിപ്പി പരിചയപ്പെടാം
നോമ്പ്തുറ ഭക്ഷണമായി ചിക്കൻ ഫജിത സാൻഡ്‌വിച്ച് തയാറാക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ റെഡിയാക്കാം ചിക്കൻ ഫജിത. റെസിപ്പിയിതാ...

Published : February 23, 2026 at 4:47 PM IST
നോമ്പ് കാലത്തെ ഭക്ഷണം പലരും വെറൈറ്റിയാക്കാൻ ശ്രമിക്കാറുണ്ട്. എല്ലാ ദിവസവും ഒരേ ഭക്ഷണങ്ങൾ തന്നെ കഴിച്ച് മടുത്തെങ്കിൽ ഇനി ഒന്നു മാറ്റി പിടിക്കാം. ഇഫ്‌താർ വിരുന്നുകള്‍ക്കും കൂടുതലും നോൺവെജ് വിഭവങ്ങളാകും എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്നത്. ഈ നോമ്പ് കാലത്ത് ഒരു പുതിയ സാൻഡ്‌വിച്ച് റെസിപ്പി തയാറാക്കിയാലോ. ചിക്കൻ കൊണ്ട് തന്നെ അടിപൊളി 'ചിക്കൻ ഫജിത സാൻഡ്‌വിച്ച്' ഉണ്ടാക്കാം.
ചിക്കൻ, ബെൽ പെപ്പർ (കാപ്‌സിക്കം), സവാള എന്നിവയും കുറച്ച് മസാലകളും ചേർത്ത് വഴറ്റി സാൻഡ്‌വിച്ചായി കഴിക്കാവുന്ന ഒരു അടിപൊളി മെക്‌സിക്കൻ വിഭവമാണ് ചിക്കൻ ഫജിത. ഇത് വളരെ രുചികരവും പോഷകഗുണമുള്ളതുമായ ഒരു വിഭവമായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്‌ടപ്പെടും. ആവശ്യമായ ചേരുവകളും തയാറാക്കുന്ന വിധവും എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
എണ്ണ - 2 ടീസ്‌പൂൺ
ജീരകം - 1 ടേബിൾ സ്‌പൂൺ
ബോൺലെസ് ചിക്കൻ - 500 ഗ്രാം
സവാള - മുക്കാൽ കപ്പ്
കാപ്‌സിക്കം - മുക്കാൽ കപ്പ്
ഉപ്പ് - ആവശ്യത്തിന്
മുളക് പൊടി - 1 ടീസ്‌പൂൺ
വെളുത്തുള്ളി പൊടിച്ചത് - 1 ടീസ്‌പൂൺ
മല്ലിപൊടി - ടീസ്‌പൂൺ
കുരുമുളക്പൊടി - കാൽ ടീസ്‌പൂൺ
ചില്ലിഫ്ലേക്ക്‌സ് - 1 ടീസ്‌പൂൺ
ജീരകപ്പൊടി - 1 ടീസ്‌പൂൺ
ചില്ലി സോസ് - 1 ടേബിൾ സ്‌പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് വഴറ്റിയെടുക്കുക. വഴറ്റിയ എണ്ണയിലേയ്‌ക്ക് ചെറിയ കഷണങ്ങളാക്കിയ ബോൺലെസ് ചിക്കൻ ഇടുക. ചിക്കൻ കഷണങ്ങൾ ഒരു വെളുത്ത നിറമാകുന്നത് വരെ തുടർച്ചയായി ഇളക്കികൊടുക്കുക. ഏകദേശം പത്ത് മിനിറ്റ് നേരം അടച്ചുവച്ച് വേവിക്കുക. ശേഷം നീളത്തിൽ അരിഞ്ഞ സവാള ഇതിലേയ്‌ക്ക് ഇട്ടുകൊടുക്കുക.
ഇനി ഇതിലേയ്‌ക്ക് കാപ്‌സിക്കം, ഉപ്പ്, മുളക് പൊടി, വെളുത്തുള്ളി പൊടിച്ചത്, മല്ലിപൊടി, കുരുമുളക്പൊടി, ചില്ലിഫ്ലേക്ക്‌സ്, ജീരകപ്പൊടി എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർക്കുക. ഇവ എല്ലാം കൂടി ഒരുമിച്ച് നന്നായി 3 മിനിറ്റ് നേരം നന്നായി ഇളക്കുക. ശേഷം ഇതിലേയ്‌ക്ക് ചില്ലി സോസ് ഒഴിച്ച് 2,3 മിനിറ്റ് നേരം ഇളക്കി യോജിപ്പിച്ചതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യാം.
അടുത്തതായി സാൻഡ്‌വിച്ച് ബ്രെഡിൽ ബട്ടറും മയോണൈസും തേച്ചെടുക്കാം. രണ്ടു സൈഡിലും പുരട്ടിയെടുക്കണം. ഇനി ബ്രെഡിൻ്റെ ഒരു വശത്തേയ്‌ക്ക് ആദ്യം കുക്ക് ചെയ്‌ത് വച്ച ചിക്കൻ ഇട്ടുകൊടുക്കുക. അതിന് മുകളിൽ ഒരു ലയർ ചീസ് ഇട്ടുകൊടുത്തതിന് ശേഷം മുകളിൽ ബ്രെഡ് വച്ച് കൊടുക്കാം. ഇനി ഇരു സൈഡിലും ബട്ടർ തേച്ചതിന് ശേഷം ബ്രെഡ് ടോസ്‌റ്റ് ചെയ്‌തെടുക്കാം. ബ്രെഡ് കരിഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

